കൊച്ചി: ലൈംഗികാധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയില്‍ ചെമ്മണൂര്‍ ഇന്റര്‍നാഷനല്‍ ജ്വല്ലേഴ്‌സ് ഉടമ ബോബി ചെമ്മണൂരിനെ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തു. വയനാടു നിന്നാണു ബോബിയെ കസ്റ്റഡിയില്‍ എടുത്തത്. മേപ്പാടിയില്‍ ബോബിയുടെ എസ്റ്റേറ്റില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് സൂചന.
ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്ത സാഹചര്യത്തിലാണ് കൊച്ചി സെന്‍ട്രല്‍ പൊലീസ് ഇന്ന് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അതിനിടെ, ഹണി റോസിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ ബന്ധപ്പെട്ട് എല്ലാ നിയമപടികള്‍ക്കും പിന്തുണ അറിയിച്ചു.
ബോബി ചെമ്മണ്ണൂരിനെ ഇന്നു തന്നെ കൊച്ചിയില്‍ എത്തിച്ചേക്കും. നേരത്തെ കേസ് അന്വേഷിക്കാന്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് എസിപി സി. ജയകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഇന്നലെ വൈകിട്ടു തന്നെ ഇവരുടെ സംഘം വയനാട്ടിലേക്ക് പുറപ്പെട്ടിരുന്നു എന്നാണ് വിവരം.
ഹണി റോസിന്റെ വിശദമായ മൊഴി പൊലീസ് ഇന്നു രേഖപ്പെടുത്തുമെന്നും പിന്നീട് ബോബി ചെമ്മണ്ണൂരിനെ ചോദ്യം ചെയ്യും എന്നുമായിരുന്നു സൂചനകള്‍. എന്നാല്‍ ഈ കേസില്‍ ഇളവുകളൊന്നും നല്‍കേണ്ടതില്ല എന്ന തീരുമാനം പൊലീസ് സ്വീകരിച്ചു. കാരണം ഹണി റോസ് ആദ്യം നല്‍കിയ പരാതി സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ അസഭ്യപ്രയോഗങ്ങളും അപകീര്‍ത്തി പരാമര്‍ശങ്ങളും നടത്തിയവര്‍ക്കെതിരെ ആയിരുന്നു.
ഇതില്‍ ഉടന്‍ തന്നെ 30 പേര്‍ക്കെതിരെ കേസെടുക്കുകയും കുമ്പളം സ്വദേശി ഷാജിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇത്തരത്തില്‍ കേസെടുക്കുകയും ഒരാളെ അറസ്റ്റ് െചയ്യുകയും ചെയ്ത സാഹചര്യത്തില്‍ ഇതിനേക്കാള്‍ ഗൗരവമായ പരാതിയാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് നല്‍കിയിരുന്നത് എന്നതിനാല്‍ നടപടി സ്വീകരിക്കാന്‍ പൊലീസിനു മേലും സമ്മര്‍ദ്ദമുണ്ടായിരുന്നു.
ബോബി ചെമ്മണൂരിനെതിരെ നടി ഹണി റോസ് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ലൈംഗികച്ചുവയോടെയുള്ള അശ്ലീല ഭാഷണത്തിനെതിരെ ഭാരതീയ ന്യായസംഹിതയിലെ 75(4) വകുപ്പു പ്രകാരവും ഇലക്ട്രോണിക് മാധ്യമത്തിലൂടെ അശ്ലീല പരാമര്‍ശം നടത്തുന്നതിനെതിരെ ഐടി ആക്ടിലെ 67 വകുപ്പു പ്രകാരവുമാണു കേസ് റജിസ്റ്റര്‍ ചെയ്തത്. ഓഗസ്റ്റ് 7ന് ബോബി ചെമ്മണൂരിന്റെ കണ്ണൂര്‍ ആലക്കോട് ജ്വല്ലറി ഉദ്ഘാടനത്തിന് ക്ഷണിച്ചപ്പോള്‍ നേരിട്ട ലൈംഗികാതിക്രമങ്ങളും അതിനു ശേഷവും പല വേദികളിലും താന്‍ നേരിട്ട ബുദ്ധിമുട്ടുകളും നടി പരാതിയില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.
താന്‍ മുഖ്യമന്ത്രിയുമായി സംസാരിക്കാന്‍ സമയം തേടിയുന്നു എന്നും മുഖ്യമന്ത്രിയുമായി സംസാരിക്കുകയും ശക്തമായ നടപടി സ്വീകരിക്കുമെന്ന ഉറപ്പ് ലഭിച്ചതായും വലിയ ആശ്വാസമാണ് അതുണ്ടാക്കിയതെന്നും ഹണി റോസ് പ്രതികരിച്ചു. ഡിജിപിയുമായും ഹണി റോസ് സംസാരിച്ചിരുന്നു.