KeralaNEWS

വെന്റിലേറ്ററില്‍ തുടരണം, ഉമ തോമസിന്റെ ആരോഗ്യനിലയില്‍ നേരീയ പുരോഗതി

കൊച്ചി: ഇന്നലെ നടന്ന നൃത്തപരിപാടിക്കിടെ അപകടത്തില്‍പ്പെട്ട ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനില അല്‍പ്പം മെച്ചപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പി രാജീവ്. കലൂര്‍ സ്റ്റേഡിയത്തില്‍ ഗിന്നസ് റെക്കാഡ് ലക്ഷ്യമിട്ട് നടന്ന പരിപാടിയുടെ ഉദ്ഘാടന ചടങ്ങിനിടെ വീണ് പരിക്കേറ്റ എംഎല്‍എയുടെ നില അതീവ ഗുരുതരമായിരുന്നു. സംഘാടകരുടെ ഭാഗത്ത് പിഴവ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിനെതിരെ നടപടിയെടുക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഹൈബി ഈഡന്‍ എംപിയും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

മന്ത്രി പറഞ്ഞത്:

Signature-ad

നിലവില്‍ ഉമ തോമസിന് സിടി സ്‌കാന്‍ ചെയ്യുകയാണ്. അതിന്റെ ഫലം വന്നശേഷം ചികിത്സയില്‍ മാറ്റം വരുത്തണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കും. ഇന്നലെ കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയിരുന്നു. നിലവിലുള്ള ചികിത്സാ രീതി തുടരുക എന്നുതന്നെയാണ് അവരും പറയുന്നത്. ഇപ്പോള്‍ നില മെച്ചപ്പെട്ട് വരുന്നുണ്ട്. സ്‌കാനിംഗിന് ശേഷം ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ ഡോക്ടര്‍മാര്‍ അറിയിക്കും.

ശ്വാസകോശം സംബന്ധിച്ചുള്ള ചികിത്സയാണ് ഇപ്പോള്‍ നടക്കുന്നത്. കുറച്ച് സമയമെടുക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഏറ്റവും മെച്ചപ്പെട്ട രീതിയിലുള്ള ചികിത്സയാണ് നല്‍കുന്നത്. നിലവില്‍ വെന്റിലേറ്ററിലാണ്. കുറച്ച് സമയം കൂടെ ഇത് തുടരേണ്ടിവരും.

സംഭവത്തില്‍ ഗൗരവകരമായ അന്വേഷണം നടത്തേണ്ടതുണ്ട്. പൊലീസ് അന്വേഷണം തുടരുകയാണ്. സംഘാടകര്‍ക്ക് വീഴ്ചയുണ്ടായെങ്കില്‍ അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഗിന്നസ് റെക്കാര്‍ഡ് നല്‍കാമെന്ന് പറഞ്ഞ് നര്‍ത്തകിമാരില്‍ നിന്നും പണപ്പിരിവ് നടത്തിയെന്ന പരാതി ഉയരുന്നുണ്ട്. അവര്‍ക്കും പൊലീസില്‍ പരാതി നല്‍കാം.

അതേസമയം, നൃത്ത പരിപാടിയുടെ സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മൃദംഗവിഷനും സ്റ്റേജ് നിര്‍മ്മിച്ചവര്‍ക്കും എതിരായാണ് പാലാരിവട്ടം പൊലീസ് കേസെടുത്തിരിക്കുന്നത്. ജീവന് ഭീഷണിയാകും വിധം അപകടകരമായി സ്റ്റേജ് നിര്‍മ്മിച്ചതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

പതിനാലടിയോളം ഉയരത്തില്‍ നിന്ന് വീണ ഉമ തോമസിന് ഗുരുതരമായ പരിക്കുകളാണ് ഉള്ളത്. വാരിയെല്ല് പൊട്ടി ശ്വാസകോശത്തില്‍ മുറിവേറ്റു. തലച്ചോറിലും മുറിവേറ്റെന്നും നട്ടെല്ലിന് പരിക്കുണ്ടെന്നും കൊച്ചി റിനൈ മെഡിസിറ്റിയിലെ ഡോക്ടര്‍മാര്‍ നേരത്തേ അറിയിച്ചു. ബോധം, പ്രതികരണം, ഓര്‍മ്മ എന്നിവയെ ബാധിക്കാവുന്ന ക്ഷതങ്ങളാണ് ഏറ്റിട്ടുള്ളത്. പെട്ടെന്ന് ഭേദമാകുന്ന പരിക്കുകളല്ല ഉണ്ടായിരിക്കുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.

 

Back to top button
error: