പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയതിനെത്തുടര്‍ന്ന് അന്വേഷണം നേരിട്ട പോലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. മലപ്പുറം എം.എസ്.പി. ബറ്റാലിയനിലെ എസ്.ഐ. ബി.പദ്മകുമാറാണ് നടപടി നേരിട്ടത്. കഴിഞ്ഞ 13-ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. നിലയ്ക്കല്‍ സബ്ഡിവിഷന്റെ ചുമതലയുണ്ടായിരുന്ന സമയത്താണ് പദ്മകുമാര്‍ മദ്യപിച്ചതായ ആരോപണമുയര്‍ന്നത്.
പൊതുജനത്തിനും ഭക്തര്‍ക്കും അലോസരമുണ്ടാകുംവിധം പെരുമാറിയെന്ന ആരോപണത്തെത്തുടര്‍ന്ന് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയില്‍ മദ്യപിച്ചതായി തെളിഞ്ഞു. പദ്മകുമാറിനെതിരേ വാച്യാന്വേഷണത്തിന് ആര്‍.ആര്‍.ആര്‍.എഫ്. അസി. കമന്‍ഡാന്റിനെ ആംഡ് പോലീസ് ഡി.ഐ.ജി. ചുമതലപ്പെടുത്തുകയും ചെയ്തു.