NEWSWorld

ബന്ധം എത്ര മോശമായാലും ആജീവനാന്തം തുടരണം! വിവാഹമോചനം നേടിയാല്‍ കഠിന തടവ് ഉറപ്പ്; ഉത്തര കൊറിയയിലെ ശാസനം ഞെട്ടിക്കുന്നത്

വ്യക്തി സ്വാതന്ത്ര്യത്തിന് മേല്‍ ഭരണകൂടം കൂച്ചുവിലങ്ങിടുന്നതിന്റെ ഒട്ടേറെ കഥകളാണ് ഉത്തര കൊറിയയില്‍നിന്ന് പുറത്തുവരുന്നത്. ഇതാ അവിടെനിന്നു തന്നെ ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്ത. വിവാഹമോചനം വിലക്കിക്കൊണ്ടുള്ള ഏകാധിപതി കിം ജോംഗ് ഉന്നിന്റെ കല്‍പനയാണ് വാര്‍ത്തയ്ക്ക് ആധാരം. വിവാഹമോചനം സോഷ്യലിസ്റ്റ് ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് കിം ജോംഗ് പറയുന്നത്. അതുകൊണ്ടു തന്നെ വിവാഹമോചനം നേടുന്നവരെ ചുരുങ്ങിയത് ആറ് മാസക്കാലമെങ്കിലും ലെബര്‍ ക്യാമ്പുകള്‍ എന്നറിയപ്പെടുന്ന, അടിമ വേല ചെയ്യിക്കുന്ന ജയിലില്‍ അടക്കാനാണ് പുതിയ നിയമം അനുശാസിക്കുന്നത്. സ്ത്രീസമത്വ മുദ്രാവാക്യങ്ങള്‍ ഉച്ചത്തില്‍ ഉദ്ഘോഷിക്കുന്ന കമ്മ്യൂണിസ്റ്റുകളുടെ വൈരുദ്ധ്യാത്മകത ഇവിടെയും ദൃശ്യമാണ്. ഇത്തരം കേസുകളില്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ കൂടുതല്‍ ദൈര്‍ഘ്യമേറിയ തടവായിരിക്കും ലഭ്യമാവുക.

വിവാഹമോചനം നേരത്തെയും ഉത്തര കൊറിയയില്‍ നിയമവിരുദ്ധമായിരുന്നു. പീഢനങ്ങള്‍ കാരണമാണെങ്കില്‍ പോലും വിവാഹമോചനം നടത്തിയാല്‍ അത് ശിക്ഷാര്‍ഹമാണ്. ഒരിക്കല്‍ വിവാഹം കഴിച്ചാല്‍, എന്തൊക്കെ സംഭവിച്ചാലും ആജീവനാന്തം ഭാര്യാഭര്‍ത്താക്കന്മാരായി കഴിയണം. നേരത്തെ, വിവാഹമോചനത്തിനായി മുന്‍കൈ എടുക്കുന്നയാള്‍ മാത്രമെ ശിക്ഷ അനുഭവിക്കേണ്ടതുണ്ടായിരുന്നെങ്കില്‍, ഇപ്പോള്‍ പങ്കാളികള്‍ ഇരുവര്‍ക്കും ശിക്ഷ അനുഭവിക്കണം. റേഡിയോ ഫ്രീ ഏഷ്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Signature-ad

റിയാങാംഗ് പ്രവിശ്യയിലെ കിംഗ് ജോംഗിന് വേണ്ടി കൗണ്ടി പീപ്പിള്‍സ് കോടതി സന്ദര്‍ശിച്ച ഒരു വ്യക്തി പറയുന്നത് അന്നേദിവസം 12 ദമ്പതികള്‍ക്ക് കോടതി വിവാഹ മോചനം അനുവദിച്ചു എന്നാണ്. ഉത്തരവ് വന്ന ഉടന്‍ തന്നെ അവരെ എല്ലാവരെയും ലേബര്‍ ക്യാമ്പിലെക്ക് മാറ്റിയെന്നും അയാള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം വരെ വിവാഹമോചനം നടന്നാല്‍, അതിനായി അപേക്ഷിക്കുന്ന ആളെ മാത്രമെ ലേബര്‍ ക്യാമ്പിലേക്ക് അയയ്ക്കുമായിരുന്നുള്ളു എന്നും അയാള്‍ പറയുന്നു. ഈ ഡിസംബര്‍ മുതലാണ് വിവാഹ മോചനം നടത്തിയാല്‍ ഇരുവരും ശിക്ഷിക്കപ്പെടുന്ന രീതിയില്‍ നിയമം മാറ്റിയതെന്നും അയാള്‍ പറഞ്ഞു.

കൊറിയയില്‍ വിവാഹ മോചനം നിഷിദ്ധമാകുന്നത് അത് സോഷ്യലിസ്റ്റ് സങ്കല്പങ്ങള്‍ക്ക് എതിരായതുകൊണ്ട് മാത്രമല്ല, മറിച്ച് ഇരു കൊറിയകളെയും ബന്ധിപ്പിക്കുന്ന ചരടായ കണ്‍ഫ്യൂഷ്യസ് മൂല്യങ്ങള്‍ക്ക് എതിരാണ് എന്നതുകൊണ്ടു കൂടിയാണ്. കോവിഡ് കാല ലോക്ക്ഡൗണ്‍ പല കുടുംബങ്ങളിലും വന്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് വഴി ഒരുക്കിയതോടെ വിവാഹ മോചന നിരക്ക് ക്രമാധികം വര്‍ദ്ധിച്ചതായും റേഡിയോ ഫ്രീ ഏഷ്യ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ഇതിന്റെ കൃത്യമായ കണക്കുകള്‍ ലഭ്യമല്ല.

പൊതുയിടങ്ങളില്‍ അവഹേളനങ്ങള്‍ നേരിടേണ്ടി വരുമെങ്കിലും, കൊറിയ വര്‍ക്കേഴ്‌സ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെടുമെങ്കിലും ഇപ്പോഴും വിവാഹ മോചന നിരക്കില്‍ കുറവൊന്നും വന്നിട്ടില്ലെന്നും ആര്‍ എഫ് എയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തില്‍ വിവാഹമോചനം നേടി, ലേബര്‍ ക്യാമ്പില്‍ ആറ് മാസം ചെലവഴിക്കേണ്ടി വന്ന ഒരു വനിത പറഞ്ഞത് പ്രായം മുപ്പതുകളുടെ അവസാനത്തില്‍ ഉള്ളവരാണ് വിവാഹമോചനം നേടിയെത്തുന്നവരില്‍ അധികവുമെന്നാണ്. സ്ത്രീകള്‍ക്ക് താരതമ്യേന കൂടുതല്‍ കാലം ലേബര്‍ ക്യാമ്പില്‍ കഴിയേണ്ടി വരുന്നതായും അവര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: