IndiaNEWS

‘ഈശ്വര്‍ അല്ലാഹ്’ രസിച്ചില്ല; വാജ്പെയി ജന്മദിനാഘോഷത്തില്‍ ‘രഘുപതി രാഘവ’ ആലാപനം തടഞ്ഞ് ബിജെപി നേതാക്കള്‍; ഗായികയെക്കൊണ്ട് മാപ്പുപറയിച്ചു

പട്ന: സര്‍ക്കാര്‍ ചടങ്ങില്‍ മഹാത്മാ ഗാന്ധിയുടെ പ്രിയപ്പെട്ട ഭജനുകളിലൊന്നായ ‘രഘുപതി രാഘവ രാജാറാം’ ആലാപനം തടഞ്ഞ് ബിജെപി നേതാക്കളും പ്രവര്‍ത്തകരും. മുന്‍ പ്രധാനമന്ത്രി എബി വാജ്പെയിയുടെ നൂറാം ജന്മദിന വാര്‍ഷികത്തിന്റെ ഭാഗമായി ബിഹാര്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു സംഭവം. ഭജനിലെ ‘ഈശ്വര്‍ അല്ലാഹ് തെരേ നാം’ ആണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. മുന്‍ കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ പങ്കെടുത്ത ചടങ്ങില്‍ നേതാക്കള്‍ ഭജന്‍ ആലാപനം നിര്‍ത്തിച്ചതിനു പുറമെ ഗായികയെക്കൊണ്ട് മാപ്പുപറയിക്കുകയും ചെയ്തു.

ഡിസംബര്‍ 25നാണ് ‘മേ അടല്‍ രഹൂംഗാ’ എന്ന പേരില്‍ ബിഹാര്‍ തലസ്ഥാനമായ പാട്നയില്‍ ചടങ്ങ് നടന്നത്. പരിപാടി തുടങ്ങുന്നതിന്റെ ഭാഗമായി ഭോജ്പുരി നാടോടി ഗായിക ദേവിയാണ് ‘രഘുപതി രാഘവ’ പാടിത്തുടങ്ങിയത്. ആലാപനത്തിനിടെ ‘ഈശ്വര്‍ അല്ലാഹ് തേരേ നാം’ എന്നു തുടങ്ങുന്ന ഗാന്ധി കൂട്ടിച്ചേര്‍ത്ത ഭാഗം എത്തിയപ്പോള്‍ പരിപാടി നടന്ന ഹാളിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ബഹളവും പ്രതിഷേധവും ഉയര്‍ന്നു. കാരണം വ്യക്തമാകാതെ പരിഭ്രമിച്ച ഗായിക പ്രതിഷേധം നിര്‍ത്താനും ബഹളം അവസാനിപ്പിക്കാനും അപേക്ഷിച്ചു.

Signature-ad

എന്നാല്‍, ബിജെപി നേതാക്കള്‍ ദേവിയോട് ആലാപനം നിര്‍ത്തി മാപ്പുപറയാന്‍ നിര്‍ദേശിക്കുകയായിരുന്നു. ആരുടെയെങ്കിലും വികാരം വ്രണപ്പെട്ടെങ്കില്‍ മാപ്പുപറയുന്നുവെന്ന് ഉടന്‍ തന്നെ അവര്‍ പരസ്യമായി പറയുകയും ചെയ്തു. എന്നിട്ടും പ്രവര്‍ത്തകര്‍ പ്രതിഷേധം നിര്‍ത്തിയില്ല. പ്രതിഷേധസൂചകമായി ഇവര്‍ ഹാളില്‍നിന്ന് ഇറങ്ങിപ്പോക്കും നടത്തി. പിന്നാലെ മുന്‍ കേന്ദ്രമന്ത്രി അശ്വിനി കുമാര്‍ ചൗബെ ഗായികയെ മാറ്റി മൈക്കിലൂടെ ‘ജയ് ശ്രീറാം’ മുഴക്കുകയാണു ചെയ്തത്.

സംഭവത്തില്‍ വന്‍ പ്രതിഷേധമുയരുകയാണ്. രാഷ്ട്രപിതാവ് ഗാന്ധിയെയാണ് ബിജെപിയും ആര്‍എസ്എസും അവഹേളിച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. ആര്‍എസ്എസും ബിജെപിയും എത്രമാത്രം ഗാന്ധിയെ വെറുക്കുന്നുവെന്നതിന്റെ തെളിവാണിത്. ഗോഡ്സെയുടെ പ്രത്യയശാസ്ത്രം കൊണ്ടുനടക്കുന്നവര്‍ക്ക് ഗാന്ധിയെ ആദരിക്കാന്‍ കഴിയില്ല. ഇത് ഗാന്ധിയുടെ പ്രത്യയശാസ്ത്രം മുന്നോട്ടുനയിക്കുന്ന രാജ്യമാണെന്നും ഗോഡ്സെയുടെ രാജ്യമല്ലെന്നും അവര്‍ ഓര്‍ക്കണമെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.

ചടങ്ങില്‍ അതിഥിയായി പങ്കെടുത്ത മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഷാനവാസ് ഹുസൈനും സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തി. അസഹിഷ്ണുതയുടെ പാരമ്യമാണിതെന്ന് അദ്ദേഹം വിമര്‍ശിച്ചു. സംഭവം ലജ്ജാകരമാണ്. ചെറിയ ഹൃദയം കൊണ്ട് വലിയ കാര്യങ്ങള്‍ ചെയ്യാനാകില്ലെന്ന് വാജ്പെയി തന്നെ എപ്പോഴും പറയാറുള്ളതാണെന്നും ഷാനവാസ് ചൂണ്ടിക്കാട്ടി. അദ്ദേഹത്തിനു പുറമെ വാജ്പെയി സര്‍ക്കാരില്‍ മന്ത്രിമാരായിരുന്ന ഡോ. സിപി താക്കൂറും സഞ്ജയ് പാസ്വാനും ചടങ്ങില്‍ സംബന്ധിച്ചിരുന്നു.

ബാപ്പുവിന്(ഗാന്ധി) പുഷ്പാര്‍ച്ചനയൊക്കെ നടത്തി ‘ഷോ ഓഫ്’ നടത്തുന്ന ബിജെപിയുടെ തനിനിറമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. ബിജെപി അദ്ദേഹത്തെ ആദരിക്കുന്നില്ല. ബി.ആര്‍ അംബേദ്കറുടെ പേരും വെറുതെ കാണിക്കാന്‍ വേണ്ടിയാണ് ബിജെപി ഉപയോഗിക്കുന്നത്. യഥാര്‍ഥത്തില്‍ അവരെയെല്ലാം അവഹേളിക്കുകയാണു ചെയ്യുന്നത്. രാജ്യത്തിന്റെ സഹിഷ്ണുത നിറഞ്ഞ, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സംസ്‌കാരത്തെ വെറുക്കുന്നവരാണ് ബിജെപിക്കാരെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

സീതാ ദേവിയെ പ്രകീര്‍ത്തിക്കുന്നതുകൊണ്ടാണ് സംഘികളും ബിജെപിക്കാരും ‘ജയ് സീതാറാം’ മുദ്രാവാക്യത്തെ വെറുക്കുന്നതെന്ന് ആര്‍ജെഡി നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവ് കുറ്റപ്പെടുത്തി. പണ്ടുതൊട്ടേ സ്ത്രീവിരുദ്ധരാണ് ഇവര്‍. ‘ജയ് ശ്രീറാം’ മുദ്രാവാക്യത്തിലൂടെ രാജ്യത്തെ ജനസംഖ്യയുടെ പാതി വരുന്ന സ്ത്രീകളെയാണ് അവര്‍ അവഹേളിച്ചിരിക്കുന്നതെന്നും ലാലു വിമര്‍ശിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: