KeralaNEWS

‘മാര്‍ക്കോ’യുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച ആലുവ സ്വദേശിയായ യുവാവ് പിടിയില്‍

കൊച്ചി: ഉണ്ണി മുകുന്ദന്‍ നായകനായ ‘മാര്‍ക്കോ’ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ആലുവ സ്വദേശിയായ യുവാവിനെയാണ് എറണാകുളം സൈബര്‍ ക്രൈം പൊലീസ് കസ്റ്റഡിയിലെടുത്തത്. ആലുവ സ്വദേശിയായ അക്വിബ് ഹനാന്‍ (21) ആണ് പിടിയിലായത്. ആലുവയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതി അക്വിബ് ഹനാന്‍ ആണ് ടെലഗ്രാം വഴി സിനിമയുടെ ലിങ്ക് പ്രചരിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.

തുടര്‍ന്ന് ഇന്‍സ്റ്റാഗ്രാമില്‍ തനിക്ക് പ്രൈവറ്റായി സന്ദേശമയച്ചാല്‍ മാര്‍ക്കോ സിനിമയുടെ ലിങ്ക് അയച്ചുതരാമെന്നായിരുന്നു യുവാവിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്. തുടര്‍ന്ന് സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിര്‍മാതാക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതിനുശേഷം പൊലീസ് യുവാവിന്റെ അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ടെലഗ്രാം വഴി പ്രചരിച്ച സിനിമയുടെ വ്യാജ പതിപ്പിന്റെ ലിങ്ക് ഇന്‍സ്റ്റാഗ്രാം അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.

Signature-ad

കഴിഞ്ഞ ദിവസമാണ് സിനിമയുടെ വ്യാജ പതിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുവെന്ന് നിര്‍മാതാവ് ഷെരീഫ് മുഹമ്മദ് പൊലീസില്‍ പരാതി നല്‍കിയത്. കൊച്ചി ഇന്‍ഫൊ പാര്‍ക്കിലെ സൈബര്‍ സെല്ലിലാണ് പരാതി നല്‍കിയത്. സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നുണ്ടെന്നും ഇത് സിനിമയ്ക്ക് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്നും പരാതിയില്‍ പറഞ്ഞിരുന്നു. മാര്‍ക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച അക്കൗണ്ടുകളുടെ വിവരങ്ങളും നിര്‍മാതാക്കള്‍ പൊലീസിന് കൈമാറിയിരുന്നു.

അതേസമയം, ചിത്രം അഞ്ചു ദിവസം കൊണ്ട് ലോകമെമ്പാടും നിന്നായി വാരിക്കൂട്ടിയത് 50 കോടി രൂപയാണ്. ചോരക്കളം തീര്‍ത്ത വയലന്‍സിന്റെ പേരില്‍ വിവാദങ്ങള്‍ക്ക് കൂടി വഴിമാറിയ ചിത്രം കേരളത്തിനകത്തും പുറത്തും നിന്നായി വലിയ പ്രേക്ഷക പ്രതികരണം നേടിക്കഴിഞ്ഞു. ഗംഭീര പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. ഉണ്ണി മുകുന്ദന്റെ സ്‌റ്റൈലിഷ് സ്വാഗും ത്രസിപ്പിക്കുന്ന ബിജിഎമ്മും സിനിമയുടെ പ്രധാന ആകര്‍ഷണമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: