എറണാകുളം: ”എന്റെ മോനേ… മോളേ…” ആ വിളികളായിരുന്നു തിങ്കളാഴ്ച രാത്രി തൃക്കാക്കര കെ.എം.എ. കോളേജിലെങ്ങും കേട്ടത്. കോളേജിലെ എന്‍.സി.സി. ക്യാമ്പില്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റെന്ന വിവരം അറിഞ്ഞതോടെ രക്ഷിതാക്കളെല്ലാം അതിവേഗം കോളേജിലേക്ക് കുതിച്ചെത്തുകയായിരുന്നു. കുട്ടികളെയെല്ലാം ആശുപത്രികളിലേക്ക് മാറ്റുന്നതിനിടെ ഭക്ഷ്യവിഷബാധയുടെ വ്യാപ്തി അറിയാതെ രക്ഷിതാക്കളെല്ലാം പരിഭ്രാന്തിയിലായി. ചികിത്സ തേടിയ കുട്ടികളുടെ പേരുവിവരങ്ങളടക്കം രഹസ്യമാക്കി വയ്ക്കാന്‍ ശ്രമിച്ചതും പ്രശ്‌നം രൂക്ഷമാക്കി. ഗേറ്റ് തകര്‍ത്ത് കൂട്ടമായി അകത്തുകയറിയ രക്ഷിതാക്കളെല്ലാം പേര് വിളിച്ച് മക്കളെ തിരയുന്ന തിരക്കിലായിരുന്നു.
സംഭവമറിഞ്ഞെത്തിയ രക്ഷിതാക്കളെ കാംപസിനകത്തേക്ക് കടത്തിവിടാതിരുന്നതിനെ തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് കൂറ്റന്‍ ഇരുമ്പുഗേറ്റ് ചവിട്ടിത്തകര്‍ത്ത് ബലമായി അകത്തു പ്രവേശിക്കുകയായിരുന്നു. ഇതിനു പിന്നാലെ അകത്ത് കുടുങ്ങിയ വിദ്യാര്‍ഥികളും ആശ്വാസത്തോടെ മാതാപിതാക്കളുടെ അരികത്തേക്കണഞ്ഞു. ഇതിനിടെ പോലീസെത്തി രക്ഷിതാക്കളെ തടയാന്‍ ശ്രമിച്ചത് രംഗം സംഘര്‍ഷഭരിതമാക്കി. തൃക്കാക്കര എ.സി.പി: പി.വി. ബേബിയുടെ നേതൃത്വത്തില്‍ ഏറെ പണിപ്പെട്ടാണ് രോഷാകുലരായ മാതാപിതാക്കളെ ശാന്തരാക്കിയത്.
തങ്ങളെ ഇവിടെ പൂട്ടിയിട്ടിരിക്കുകയാണെന്നും വിവരം പുറത്തറിയിക്കരുതെന്ന് ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ഥികളില്‍ ചിലര്‍ മാതാപിതാക്കളോട് പറഞ്ഞു. പരിശീലനത്തിന്റെ ഭാഗമായി തങ്ങളെ ക്യാമ്പ് അധികൃതര്‍ മര്‍ദിച്ചിരുന്നതായും ചില വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടു.
70-ലേറെ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ചികില്‍സയ്ക്കു ശേഷം കുറേപ്പേര്‍ കോളേജില്‍ തിരിച്ചെത്തി. ഇതോടെ രക്ഷിതാക്കള്‍ക്ക് അല്പം ആശ്വാസമായി. സംഘര്‍ഷാവസ്ഥക്കൊടുവില്‍ സ്വന്തം മക്കളെയും കൊണ്ട് രക്ഷിതാക്കള്‍ തിരികെ മടങ്ങി. ക്യാമ്പില്‍ തിങ്കളാഴ്ച ഉച്ച ഊണിന് മീന്‍കറിയും മോരുമുണ്ടായിരുന്നു. ഇത് കഴിച്ച ശേഷമാണ് വിദ്യാര്‍ഥികളില്‍ അസ്വസ്ഥത കണ്ടുതുടങ്ങിയതെന്നാണ് പലരും രക്ഷിതാക്കളോട് പറഞ്ഞത്. വൈകിട്ടായതോടെ നിരവധി പേര്‍ക്ക് ഛര്‍ദിയും തലകറക്കവും അനുഭവപ്പെട്ടു. മണിക്കൂറുകളോളം ആശങ്കയില്‍ കഴിഞ്ഞിരുന്ന പല വിദ്യാര്‍ഥികള്‍ക്കും ആശ്വാസമായത് സ്വന്തം അച്ഛനമ്മമാര്‍ എത്തിയതോടെയാണ്.