മുംബൈ: ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ (52) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയാണ് താനെയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാംബ്ലി, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ എന്നിവരുടെ പരിശീലകനായ രമാകാന്ത് അചഛരേക്കറുടെ പ്രതിമ അനാഛാദനം ചെയ്യുന്ന ചടങ്ങില്‍ ഈ മാസം ആദ്യം പങ്കെടുത്തിരുന്നു.
ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും കുടുംബത്തിന്റെ പരിചരണത്തിലാണെന്നും ഒരു മാസം മുന്‍പ് സ്വകാര്യ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കാംബ്ലി വെളിപ്പെടുത്തിയിരുന്നു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ കപില്‍ദേവ്, സുനില്‍ ഗാവസ്‌കര്‍ തുടങ്ങിയവര്‍ ചികിത്സാസഹായവും പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു.
സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ സാമ്പത്തിക സഹായത്തോടെ 2013ല്‍ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഒന്‍പത് വര്‍ഷം നീണ്ട രാജ്യാന്തര ക്രിക്കറ്റ് കരിയറില്‍ രാജ്യത്തിനു വേണ്ടി 17 ടെസ്റ്റുകളും 104 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. രണ്ട് ഇരട്ട സെഞ്ചറി ഉള്‍പ്പെടെ 4 സെഞ്ചറി നേടി. ടെസ്റ്റില്‍ തുടര്‍ച്ചയായി രണ്ട് ഇരട്ട സെഞ്ചറി നേടിയ ആദ്യ ഇന്ത്യക്കാരന്‍ എന്ന റെക്കോര്‍ഡിന്റെ ഉടമയാണ്.