LIFELife Style

സ്ട്രാസറിന്റെ ക്രിസ്മസ് താടി !

ന്യൂയോര്‍ക്ക് : ക്രിസ്മസ് ഇങ്ങെത്തി. പുല്‍ക്കൂടായാലും ക്രിസ്മസ് ട്രീയാലും അലങ്കരിക്കാന്‍ വിവിധ നിറത്തിലെ ചെറിയ ബോളുകള്‍ അഥവാ ബോബ്ള്‍സിനെ വേണം. ക്രിസ്മസ് ട്രീയില്‍ മാത്രമല്ല തന്റെ മുഖത്തെ താടിയും ബോബ്ള്‍സ് കൊണ്ട് അലങ്കരിക്കാമെന്ന് തെളിയിച്ചയാളാണ് യു.എസിലെ ഐഡാഹോ സ്വദേശിയായ ജോയല്‍ സ്ട്രാസര്‍.

2022 ഡിസംബര്‍ 2നാണ് ഇദ്ദേഹം ഈ റെക്കാഡ് സ്ഥാപിച്ചത്. വിവിധ നിറത്തിലെ 710 കുഞ്ഞന്‍ ബോബ്ള്‍സാണ് ഇദ്ദേഹം തന്റെ താടിയില്‍ ഘടിപ്പിച്ചത്. അതേസമയം, സ്വന്തം റെക്കാഡ് തന്നെയാണ് ജോയല്‍ തകര്‍ത്തത്. 2019ല്‍ 302, 2020ല്‍ 542, 2021ല്‍ 686 എന്നിങ്ങനെ ബോബ്ള്‍സ് താടിയില്‍ ഘടിപ്പിച്ച് ജോയല്‍ റെക്കാഡ് സ്ഥാപിച്ചിരുന്നു. കാണുന്ന പോലെ അത്ര എളുപ്പമല്ല കാര്യങ്ങള്‍.

Signature-ad

ബോബ്ള്‍സിനെ താടിയില്‍ സൂഷ്മമായി സെറ്റ് ചെയ്യാന്‍ അങ്ങേയറ്റം ക്ഷമയും കഠിനാധ്വാനവും വേണമെന്ന് ജോയല്‍ പറയുന്നു. 710 ബോബ്ള്‍സ് താടിയില്‍ സെറ്റ് ചെയ്യാന്‍ രണ്ടര മണിക്കൂര്‍ വേണ്ടി വന്നു. ഒരു മണിക്കൂറിലേറെ വേണ്ടി വന്നു അവ അഴിച്ചുമാറ്റാന്‍. ഏതായാലും ഗിന്നസ് റെക്കാഡില്‍ ഇടംനേടിയതിന് പിന്നാലെ ജോയലിനോട് ഇനിയെങ്കിലും താടിയൊന്ന് ട്രിം ചെയ്യാന്‍ ഭാര്യ ആവശ്യപ്പെട്ടു.

അദ്ദേഹം അത് അനുസരിക്കുകയും ചെയ്തു. പക്ഷേ 2023ലും ജോയല്‍ തന്റെ താടി കൊണ്ട് റെക്കാഡ് തീര്‍ത്തു. ബോബ്ള്‍സിന് പകരം 187 കാന്‍ഡി കെയ്‌നുകളാണ് (ക്രിസ്മസുമായി ബന്ധപ്പെട്ട ചുവപ്പും വെള്ളയും വരകളുള്ള വടിയുടെ ആകൃതിയിലെ മിഠായി ) ജോയല്‍ തിരഞ്ഞെടുത്തത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: