കൊല്ലം: അനില ആരംഭിച്ച ബേക്കറിയില്‍ പട്ടത്താനം സ്വദേശി ഹനീഷ് ലാല്‍ മുടക്കിയ പണം സംബന്ധിച്ച തര്‍ക്കം ഒത്തു തീര്‍പ്പാക്കി വീട്ടില്‍ മടങ്ങിയെത്തി മണിക്കൂറുകള്‍ക്കുള്ളിലാണു കൊലപാതകം. സംഭവത്തിനു തലേന്നു ബേക്കറിയില്‍ വച്ച് അനിലയുടെ സാന്നിധ്യത്തില്‍ പത്മരാജനെ ഹനീഷ് ലാല്‍ മര്‍ദിച്ചതും പ്രതികാരത്തിനു കാരണമായി. ഹനീഷ് ലാലുമായുള്ള ഇടപാട് തീര്‍ത്താലും ഒറ്റയ്ക്കു കട നടത്തുമെന്നും താന്‍ കടയില്‍ ചെല്ലാന്‍ പാടില്ലെന്നും അനില പറഞ്ഞതു ചൊടിപ്പിച്ചെന്നും പത്മരാജന്‍ മൊഴി നല്‍കി. ഹനീഷ് ലാലുമായി ചേര്‍ന്നു തന്നെ ഒഴിവാക്കുകയാണെന്നു മനസ്സിലായതോടെയാണു രണ്ടു പേരെയും കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.
ബേക്കറി തുടങ്ങുന്നത് ആദ്യം പത്മരാജന്‍ എതിര്‍ത്തിരുന്നു. കട വാടകയ്ക്ക് എടുത്തതിന് 2 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കിയെന്നാണ് ഒത്തുതീര്‍പ്പു ചര്‍ച്ച നടത്തിയ ആദിച്ചനല്ലൂര്‍ പഞ്ചായത്ത് അംഗം കൊട്ടിയം സാജനോടു പത്മകുമാറും അനിലയും പറഞ്ഞിരുന്നത്. ഹനീഷ് ലാല്‍ പണം മുടക്കിയതു വൈകിയാണു പത്മരാജന്‍ അറിഞ്ഞത്. ഹനീഷ് ലാല്‍ പതിവായി കടയില്‍ വരുന്നതു സംബന്ധിച്ചു പത്മകുമാറും അനിലയും തമ്മില്‍ തര്‍ക്കം പതിവായി.
ഒരു ദിവസം അനിലയെ അന്വേഷിച്ചു പത്മരാജന്‍ ബേക്കറിയില്‍ ചെന്നപ്പോള്‍ കണ്ടില്ല എന്നായിരുന്നു ഹനീഷ്ലാലിന്റെ മറുപടി. കണ്ടിട്ടേ പോകുന്നുള്ളൂവെന്നു പറഞ്ഞു കടയില്‍ ഇരുന്നപ്പോള്‍ ഇവിടെ ഇരിക്കാന്‍ പറ്റില്ലെന്നും പറഞ്ഞു ഭീഷണിപ്പെടുത്തിയതായും പത്മരാജന്‍ മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തിന്റെ തലേന്നു അനിലയുടെ സാന്നിധ്യത്തില്‍ പത്മരാജനെ ഹനീഷ് ലാല്‍ മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്നായിരുന്നു ഉച്ചയ്ക്ക് ഒത്തുതീര്‍പ്പു ചര്‍ച്ച.ഒരിക്കല്‍ പത്മരാജനുമായുള്ള വഴക്കിനെത്തുടര്‍ന്ന് മകളെയും കൂട്ടി വീട്ടില്‍ നിന്നു പോയ അനില, ഹനീഷ് ലാലിന്റെ ബന്ധുവിന്റെ വീട്ടില്‍ താമസിച്ചിരുന്നതായും പറയുന്നു.
പിന്നീട് പട്ടത്താനം കുന്നേല്‍മുക്കിനു സമീപം അനില വീട് വാടകയ്‌ക്കെടുത്തു. അനിലയ്ക്കും മകള്‍ക്കും അനിലയുടെ അമ്മ രാധയ്ക്കുമൊപ്പം പത്മരാജനും ഇവിടെ 2 ദിവസം താമസിച്ചു. ഹനീഷ് ലാലിന് 60000 രൂപയാണു കൊടുക്കാനുള്ളതെന്നാണ് അനില ആദ്യം പറഞ്ഞിരുന്നതെന്നു പത്മരാജന്‍ പൊലീസിനോടു പറഞ്ഞു. ഈ തുക താന്‍ നല്‍കാമെന്നു പറഞ്ഞെങ്കിലും അനില തയാറായില്ലെന്നു മൊഴിയിലുണ്ട്. ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കിടെ ഹനീഷ് ലാല്‍ തനിക്ക് കിട്ടാനുള്ളത് 1.49 ലക്ഷം രൂപയാണെന്നു പറഞ്ഞു.
വാടകയിനത്തില്‍ നല്‍കിയ 20,000 രൂപയും ആവശ്യപ്പെട്ടു. ഇത്രയും തുക നല്‍കുന്നതിനോടു ആദ്യം യോജിച്ചില്ല. ഒടുവില്‍ ഈ മാസം 15 നു പണം നല്‍കാമെന്നു പത്മരാജന്‍ പറഞ്ഞപ്പോള്‍ 30 വരെ താന്‍ കടയില്‍ വരുമെന്നായി ഹനീഷ്. ഇതോടെ 10നു പണം നല്‍കാമെന്നു പറഞ്ഞു ധാരണയിലെത്തി. ചര്‍ച്ചയ്ക്കു ശേഷം പത്മരാജനെ അനില തന്നെയാണു കാറില്‍ തഴുത്തലയിലെ വീട്ടില്‍ എത്തിച്ചത്. സാജനെ കൊട്ടിയം ജംക്ഷനിലും ഇറക്കി. പോകുന്ന വഴിക്കു ചെമ്മാന്‍മുക്കില്‍ അനില വാടകയ്‌ക്കെടുത്തിരുന്ന വീട് ഒഴിഞ്ഞ ശേഷം അവിടെയുണ്ടായിരുന്ന സാധനങ്ങളും എടുത്തു.