KeralaNEWS

യൂണിവേഴ്സിറ്റി കോളേജില്‍ വീണ്ടും ഇടിമുറി പീഡനം; ഭിന്നശേഷിക്കാരനായ SFI പ്രവര്‍ത്തകന് നേതാക്കളുടെ മര്‍ദനം

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം യൂണിവേഴ്‌സിറ്റി കോളേജില്‍ യൂണിയന്‍ ഓഫീസിലെ ക്രൂരമായ മര്‍ദനങ്ങള്‍ വീണ്ടും പുറത്തുവരുന്നു. എസ്.എഫ്.ഐ. പ്രവര്‍ത്തകനായ ഭിന്നശേഷിക്കാരനെ ക്രൂരമായി മര്‍ദിച്ചതാണ് ഇപ്പോഴത്തെ സംഭവം.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ഇടിമുറിയിലെ അതിക്രമങ്ങള്‍ പുറത്ത് വന്നതോടെ പാര്‍ട്ടി ഇടപെട്ടെങ്കിലും ഇപ്പോഴും യൂണിവേഴ്‌സിറ്റി കോളേജില്‍ ഇത്തരം ക്രൂരതകള്‍ക്ക് കുറവില്ലെന്നാണ് പുതിയ സംഭവം തെളിയിക്കുന്നത്. ഭിന്നശേഷിക്കാരനായ പൂവച്ചല്‍ പെരുംകുളം മൂഴിയില്‍ വീട്ടില്‍ മുഹമ്മദ് അനസിനാണ് എസ്.എഫ്.ഐ. നേതാക്കളുടെ മര്‍ദനം നേരിടേണ്ടിവന്നത്.

Signature-ad

രണ്ട് കാലിലും വിരലുകളില്ലാത്ത ഇടത്തേക്കാലിന് സ്വാധീനം കുറവുള്ള, നടക്കുമ്പോള്‍ മുടന്തുള്ള വിദ്യാര്‍ഥിയാണ് അനസ്. തിങ്കളാഴ്ച ഉ്ച്ചകഴിഞ്ഞ് 3.30-ഓടെയാണ് യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ. നേതാക്കള്‍ അനസിനെ മര്‍ദിച്ചത്.

മര്‍ദനം അതിരു വിട്ടതോടെയാണ് അനസ് പോലീസിനെ സമീപിച്ചത്. നാട്ടില്‍ ഡി.വൈ.എഫ്.ഐ. യൂണിറ്റംഗമാണ്. എസ്.എഫ്.ഐ.യുടെ കോളേജിലെ ഡിപ്പാര്‍ട്ട്‌മെന്റ് യൂണിറ്റംഗവുമാണ് അനസ്. കാല്‍ വയ്യാത്ത അനസിനെ കോളേജിലെ യൂണിറ്റ് നേതാക്കള്‍ കൊടികെട്ടാനും മറ്റ് ജോലികള്‍ക്കും നിയോഗിക്കുമായിരുന്നു. പണം പിരിച്ച് നല്‍കുകയും വേണം. ഇതില്‍നിന്ന് ഒഴിഞ്ഞു മാറിയതോടെയാണ് യൂണിയന്‍ ഓഫീസില്‍ വിളിച്ചുവരുത്തി മര്‍ദനം തുടങ്ങിയത്.

ഭിന്നശേഷിക്കാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തെങ്കിലും മര്‍ദനത്തിന് നേതൃത്വം നല്‍കിയ എസ്.എഫ്.ഐ. നേതാക്കള്‍ യൂണിയന്‍ ഓഫീസില്‍ തന്നെ കഴിയുന്നു. എസ്.എഫ്.ഐ. നേതാക്കളെപ്പേടിച്ച് മര്‍ദനമേറ്റ മുഹമ്മദ് അനസ് ബുധനാഴ്ചയും കോളേജില്‍ പോയില്ല. മര്‍ദനത്തില്‍ തലയ്ക്കും ശരീരത്തിലും ക്ഷതമേറ്റിട്ടുമുണ്ട്.

പാര്‍ട്ടി ഒപ്പമുണ്ടെന്നും കുറ്റക്കാരെ സംരക്ഷിക്കില്ലെന്നുമാണ് സി.പി.എം. ജില്ലാ സെക്രട്ടറി വി.ജോയി, അനസിനോട് പറഞ്ഞത്. എന്നാല്‍ ഇതുവരെ സംഭവത്തില്‍ നടപടിയെടുക്കാന്‍ എസ്.എഫ്.ഐ. നേതൃത്വം തയ്യാറായിട്ടില്ല. പാര്‍ട്ടിയും എസ്.എഫ്.ഐ.യുമല്ല തങ്ങളാണ് കോളേജിനുള്ളിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നാണ് യൂണിറ്റ് നേതാക്കള്‍ അനസിനെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്.

പോലീസ് കോളേജിലെത്തി തെളിവുകള്‍ ശേഖരിക്കാന്‍ അനുമതി തേടിയിട്ടുണ്ട്. പരാതിയുടെ രൂക്ഷത മനസിലാക്കി പരാതി ലഭിച്ച ഉടന്‍ തന്നെ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ പ്രതികളെ പിടികൂടാനുള്ള ശക്തമായ ഇടപെടലുണ്ടായില്ലെന്നും ആരോപണമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: