കൊച്ചി: റിട്ട. കോളജ് അധ്യാപികയില്‍ നിന്നു നാലു കോടി രൂപ തട്ടിയ ഓണ്‍ലൈന്‍ തട്ടിപ്പു സംഘത്തിലെ രണ്ടു പേരെ കൊച്ചി സിറ്റി സൈബര്‍ ക്രൈം പൊലീസ്് അറസറ്റ് ചെയ്തു. മലപ്പുറം അരീക്കോട് സ്വദേശികളായ മുഹമ്മദ് മുഹസില്‍ (22), കെ.പി.മിഷാബ് (21) എന്നിവരാണു പിടിയിലായത്. ഡല്‍ഹി പൊലീസ് ചമഞ്ഞ് വെര്‍ച്വല്‍ അറസ്റ്റെന്നു ഭയപ്പെടുത്തിയാണ് അധ്യാപികയില്‍ നിന്നും കോടികള്‍ തട്ടിയത്.
കാക്കനാട് സ്വദേശിയായ അധ്യാപികയെ ഒക്ടോബറിലാണു സംഘം തട്ടിപ്പിനിരയാക്കിയത്. ഇവരുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് വഴി നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകള്‍ നടക്കുന്നതായി ചൂണ്ടിക്കാട്ടിയാണു ഡല്‍ഹി പൊലീസ് ചമഞ്ഞ് തട്ടിപ്പ് സംഘം വിളിച്ചത്. പൊലീസ് വേഷത്തിലാണു സംഘം വിഡിയോ കോളില്‍ പ്രത്യക്ഷപ്പെട്ടത്.
അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതോടെ ഭയന്ന അധ്യാപിക തന്റെ പേരില്‍ എസ്ബിഐയിലുള്ള മൂന്ന് അക്കൗണ്ടുകളില്‍ നിന്ന് 4,11,900,94 രൂപ തട്ടിപ്പുകാര്‍ നല്‍കിയ വിവിധ അക്കൗണ്ടുകളിലേക്കു ഓണ്‍ലൈനിലൂടെ മാറ്റി നല്‍കി. അധ്യാപിക പണം കൈമാറിയ അക്കൗണ്ടുകളില്‍ നിന്നു മലപ്പുറം കേന്ദ്രീകരിച്ചു വന്‍തോതില്‍ പണം പിന്‍വലിക്കുന്നതായി സൈബര്‍ പൊലീസ് കണ്ടെത്തിയതോടെയാണു പ്രതികളെക്കുറിച്ചു സൂചന ലഭിച്ചത്. 450 അക്കൗണ്ടുകള്‍ വഴിയാണ് സംഘം 3 കോടി രൂപ പിന്‍വലിച്ചത്.