കൊച്ചി: കുറ്റാക്കൂരിരുട്ട്… മുന്നില്‍ രണ്ടാള്‍ പൊക്കത്തില്‍ ഇടതൂര്‍ന്നു വളര്‍ന്നു നില്‍ക്കുന്ന കുറ്റിച്ചെടികള്‍. അതിനുള്ളില്‍ ഇഴജന്തുക്കളുടെയും ക്ഷുദ്ര ജീവികളുടെയും വിളയാട്ടം. മുന്നോട്ടു കാലെടുത്തു വച്ചാല്‍ മുട്ടൊപ്പം പുതഞ്ഞു താഴുന്ന ചതുപ്പ് നിലം. മറു വശത്ത് ആഴമേറിയ കായല്‍. ഇതിനെല്ലാം പുറമേ ദുര്‍ഗന്ധം വമിക്കുന്ന മാലിന്യം തള്ളി അതീവ വൃത്തിഹീനമായ സാഹചര്യം. വിലങ്ങു സഹിതം ജീപ്പില്‍ നിന്നു ചാടിപ്പോയ കുറുവ സംഘാംഗത്തെ ‘പൊക്കാന്‍’ കൊച്ചി സിറ്റി പൊലീസ് ഞായറാഴ്ച നടത്തിയതു ഭഗീരഥ പ്രയത്‌നം. സിറ്റി പൊലീസും അഗ്‌നിരക്ഷാസേനയും കരയിലും കായലിലും നടത്തിയ രാത്രി തിരച്ചില്‍ നീണ്ടതു നാലര മണിക്കൂറിലേറെ നേരം.
വൈകിട്ട് 5.45നു കുറുവ സംഘത്തെ തേടി ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് കുണ്ടന്നൂര്‍ പാലത്തിനു താഴെ ടെന്റുകള്‍ക്കു സമീപമെത്തിയപ്പോള്‍ സ്ത്രീകളെ മാത്രമാണ് അവിടെ കണ്ടത്. ആദ്യം മടങ്ങിയെങ്കിലും ടെന്റുകളില്‍ പുരുഷന്‍മാര്‍ ഉണ്ടെങ്കിലോ എന്ന സംശയം ഉയര്‍ന്നതിനാല്‍ 6.15ന് പൊലീസ് തിരിച്ചെത്തി. പ്രതികളിലൊരാളായ മണികണ്ഠന്‍ പുറത്തു നില്‍ക്കുന്നുണ്ടായിരുന്നു. ഇയാളെ ബലംപ്രയോഗിച്ചു കീഴടക്കി വിലങ്ങണിയിച്ചു. തുടര്‍ന്നു ടെന്റിനുള്ളില്‍ കയറി പരിശോധന തുടങ്ങി.
കായലോരത്തെ ഒരു ടെന്റിനുള്ളില്‍ ടാര്‍പ്പോളിന്‍ മൂടിയിട്ടിരിക്കുന്നതു കണ്ടു സംശയം തോന്നി അതു നീക്കിയപ്പോഴാണു ഉള്ളിലെ ചെറുകുഴിയില്‍ ഒരാള്‍ ചുരുണ്ടു കൂടിക്കിടക്കുന്നതു കണ്ടത്. സിസിടിവി ദൃശ്യങ്ങള്‍ക്കു സമാനമായി ഇയാളുടെ നെഞ്ചില്‍ പച്ചകുത്തിയിരിക്കുന്നതു കണ്ടതോടെ സന്തോഷ് ശെല്‍വമാണെന്നു തിരിച്ചറിഞ്ഞ ആലപ്പുഴ പൊലീസ് മല്‍പ്പിടിത്തത്തിലൂടെ കീഴടക്കി വിലങ്ങുവച്ചു. ഉച്ചത്തില്‍ അലറിയും അസഭ്യം പറഞ്ഞും ശരീരത്തില്‍ സ്വയം അടിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ ഏറെ പണിപ്പെട്ടാണു പൊലീസ് നിലയ്ക്കു നിര്‍ത്തിയത്.
സ്ത്രീകളുടെ പ്രതിഷേധത്തിനിടെ പ്രതികളെ ജീപ്പില്‍ കയറ്റി. എന്നാല്‍, പൊലീസിനെ ആക്രമിച്ച സ്ത്രീകള്‍ ജീപ്പിന്റെ വാതില്‍ വലിച്ചു തുറന്നു. ഞൊടിയിടയില്‍ പൊലീസുകാരെ തള്ളിമാറ്റി ഉടുമുണ്ട് അഴിച്ചെറിഞ്ഞു പ്രതി ഓടി കുറ്റിക്കാട്ടിനുള്ളില്‍ മറഞ്ഞു. പിന്നാലെ പൊലീസും കാട്ടിനുള്ളില്‍ കടന്നെങ്കിലും സന്തോഷിനെ കണ്ടെത്താനായില്ല. ഇതോടെ കൊച്ചി സിറ്റി പൊലീസിന്റെ സഹായം തേടുകയായിരുന്നു. എഴുപത്തഞ്ചോളം പേരടങ്ങുന്ന പൊലീസ് സംഘവും ഗാന്ധിനഗര്‍ ഫയര്‍ സ്റ്റേഷനില്‍നിന്നു സ്‌കൂബാ ഡൈവിങ് ടീമും കായലില്‍ തിരച്ചിലിനായി എത്തി. വെളിച്ചം മങ്ങിത്തുടങ്ങിയിരുന്നു. ആവശ്യത്തിനു ടോര്‍ച്ചുകള്‍ പോലും പൊലീസിന്റെ പക്കല്‍ ഉണ്ടായിരുന്നില്ല. ഇതോടെ പൊലീസ് സഹായ അഭ്യര്‍ഥനയുമായി കുണ്ടന്നൂരിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലെത്തി.
അവിടെനിന്നു ടോര്‍ച്ചുകളും വെട്ടുകത്തികളും ലഭിച്ചതോടെ തിരച്ചിലിന്റെ വേഗം കൂടി. ഇതിനിടെ സിറ്റി പൊലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യയും ഉന്നത ഉദ്യോഗസ്ഥരും നേരിട്ടെത്തി തിരച്ചിലിനു നേതൃത്വം നല്‍കി. ഒടുവില്‍, രാത്രി 10.10ന് ലേ മെറിഡിയന്‍ ഹോട്ടലിന്റെ മതിലിനോടു ചേര്‍ന്നുള്ള കലുങ്കിനടിയില്‍ വെള്ളത്തില്‍ തലമാത്രം പുറത്തുകാട്ടി ഒളിച്ചിരുന്ന പ്രതിയെ പൊലീസ് കണ്ടെത്തി. പ്രതിയെ പൊക്കിയെടുത്തു ജീപ്പില്‍ കയറ്റി നിമിഷ നേരം കൊണ്ടു മണ്ണഞ്ചേരി പൊലീസ് സ്ഥലംവിട്ടു. ഇതോടെയാണു സിറ്റി പൊലീസിനു ശ്വാസം നേരെ വീണത്.