തിരുവനന്തപുരം: ഐഎഎസ് തലപ്പത്തെ വിഴുപ്പലക്കലില്‍ നടപടിക്കു ശിപാര്‍ശ നല്‍കി ചീഫ് സെക്രട്ടറി. അഡിഷനല്‍ ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരെ എന്‍. പ്രശാന്ത് ഐഎഎസ് സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ വിമര്‍ശനം ചട്ടലംഘനമാണെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രശാന്തിനെതിരായ നടപടി മുഖ്യമന്ത്രി തീരുമാനിക്കും.
സംഭവത്തില്‍ വിശദീകരണം തേടേണ്ട ആവശ്യം പോലുമില്ലെന്നാണ് ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരിക്കുന്നത്. പ്രശാന്തിന്റെ വിമര്‍ശനം പൊതുസമൂഹത്തിനു മുന്നിലുള്ളതാണെന്നാണ് ഇതിനു ന്യായമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വസ്തുതാ റിപ്പോര്‍ട്ടാണ് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് നല്‍കിയത്.
കഴിഞ്ഞ ദിവസമാണ് കൃഷി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്ത്, എ ജയതിലകിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. പ്രശാന്തിന് ‘ഉന്നതി’യുടെ ചുമതലയിലുണ്ടായിരുന്ന സമയത്ത് ജോലികള്‍ കൃത്യമായി നിര്‍വഹിച്ചില്ലെന്ന തരത്തില്‍ ജയതിലക് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയായിരുന്നു പരസ്യവിമര്‍ശനങ്ങള്‍. പ്രശാന്തിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതിനിടയിലാണ് ജയതിലകിനെതിരെ പരസ്യമായി രംഗത്തെത്തിയത്.
സര്‍ക്കാരിന്റെയോ സര്‍ക്കാരിന്റെ നയങ്ങളെയോ വിമര്‍ശിക്കരുത് എന്നാണ് ചട്ടം. ജയതിലകിനെയോ ഗോപാലകൃഷ്ണനെയോ വിമര്‍ശിക്കരുത് എന്നല്ലെന്നാണ് ഇന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പ്രശാന്ത് കുറിച്ചത്. ഒരുപാട് കീഴുദ്യോഗസ്ഥരുടെ ജീവിതം ജയതിലക് നശിപ്പിച്ചിട്ടുണ്ട്. ഇതിന് അന്ത്യം ഉണ്ടാക്കാനാണ് തന്റെ വാശി എന്നാണ് പോസ്റ്റില്‍ പ്രശാന്ത് പറയുന്നത്.
അതിനിടെ, പ്രശാന്തിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി മുന്‍ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയും മുന്‍ ധനമന്ത്രി തോമസ് ഐസകിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഗോപകുമാറും രംഗത്തെത്തിയിരുന്നു.