വയനാട്: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കു പുഴുവരിച്ച അരി വിതരണം ചെയ്തു എന്നാരോപിച്ച് മേപ്പാടി പഞ്ചായത്ത് ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പഞ്ചായത്തില്‍നിന്നു വിതരണം ചെയ്തത് പുഴുവരിച്ച് പ്രാണികള്‍ നിറഞ്ഞതും കേടുവന്നതുമായ ഭക്ഷ്യധാന്യങ്ങളും പഴഞ്ചന്‍ വസ്ത്രങ്ങളുമാണെന്നാണ് ഡിവൈഎഫ്‌ഐയുടെ പരാതി.
പഴയ വസ്ത്രങ്ങളും പുഴുവരിച്ച അരിയുമായി ഓഫിസിലെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ മുറിയിലേക്കു കയറി പ്രതിഷേധമറിയിച്ചു. മേശയും കസേരയും തട്ടിമറിച്ചിട്ടു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. യുഡിഎഫാണ് മേപ്പാടി പഞ്ചായത്ത് ഭരിക്കുന്നത്.
ലഭിച്ച അരിയും റവയും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഉപയോഗിക്കാനാവില്ലെന്ന് ഗുണഭോക്താക്കള്‍ പറയുന്നു. മൃഗങ്ങള്‍ക്കു പോലും നല്‍കാന്‍ കഴിയാത്ത ഭക്ഷ്യവസ്തുക്കളാണ് നല്‍കിയിരിക്കുന്നതെന്നും വസ്ത്രങ്ങള്‍ ഉപയോഗിച്ചവയാണെന്നും ദുരന്ത ബാധിതരും ആരോപിച്ചു.