ലഖ്‌നൗ: ശ്രീരാമ ജന്മഭൂമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഉത്തര്‍പ്രദേശിലെ അയോധ്യയിലെ കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കാനുള്ള പദ്ധതിയില്‍ പങ്കാളിയായി ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. ജഗത്ഗുരു സ്വാമി രാഘവാചാര്യ ജി മഹാരാജിന്റെ നേതൃത്വത്തിലുളഅള ആഞ്ജനേയ സേവാ ട്രസ്റ്റിന്റെ സംരംഭത്തിലേക്ക് ബോളിവുഡ് താരം ഒരു കോടി രൂപയാണ് സംഭവാന നല്‍കിയത്.
തന്റെ മാതാപിതാക്കളായ ഹരി ഓം, അരുണ ഭാട്ടിയ, പരേതനായ മുതിര്‍ന്ന നടന്‍ രാജേഷ് ഖന്ന എന്നിവരുടെ സ്മരണയ്ക്കായാണ് അക്ഷയ് കുമാര്‍ സംഭാവന സമര്‍പ്പിച്ചതെന്ന് അക്ഷയ് കുമാറിന്റെ ടീം അറിയിച്ചു. ഇവരുടെ ആദരസൂചകമായി കുരങ്ങുകള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന വാനില്‍ അവരുടെ പേരുകള്‍ ആലേഖനം ചെയ്യും.
ആഞ്ജനേയ സേവാ ട്രസ്റ്റിന്റെ സ്ഥാപക ട്രസ്റ്റി പ്രിയ ഗുപ്ത അക്ഷയ് കുമാറിന് നന്ദി പറഞ്ഞ് രംഗത്ത് എത്തി.”അക്ഷയ് എല്ലായ്‌പ്പോഴും അപാരമായ ദയയും ഔദാര്യവും കാണിച്ചിട്ടുണ്ട്. അദ്ദേഹം തല്‍ക്ഷണം സംഭാവന നല്‍കുക മാത്രമല്ല, ഈ സേവനം തന്റെ കുടുംബത്തിന്റെ പൈതൃകമാണെന്ന് ഊന്നി പറയുകയും ചെയ്യും. ഈ സംഭവനയ്‌ക്കൊപ്പം കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കുന്നത് നഗരത്തില്‍ ഒരു അസൗകര്യമോ മാലിന്യമോ ഉണ്ടാക്കരുതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
സിനിമയില്‍ അജയ് ദേവ്ഗണ്‍, രണ്‍വീര്‍ സിംഗ്, ടൈഗര്‍ ഷ്രോഫ്, ദീപിക പദുക്കോണ്‍, കരീന കപൂര്‍ ഖാന്‍ എന്നിവര്‍ക്കൊപ്പം അക്ഷയ് കുമാര്‍ അഭിനയിക്കുന്ന രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സിങ്കം എഗെയ്ന്‍ ദീപാവലിക്ക് റിലീസ് ചെയ്യും. ഹൗസ്ഫുള്‍ 5, വെല്‍ക്കം ടു ദി ജംഗിള്‍, ഭൂത് ബംഗ്ല, സ്‌കൈ ഫോര്‍സ് എന്നിവയാണ് അക്ഷയ് കുമാറിന്റെ വരാനിരിക്കുന്ന സിനിമകള്‍. ഇതില്‍ 14 കൊല്ലത്തിന് ശേഷം പ്രിയദര്‍ശന്‍ അക്ഷയ് കുമാര്‍ കോമ്പോയില്‍ എത്തുന്ന ഭൂത് ബംഗ്ല ബോളിവുഡ് അക്ഷമയോടെ കാത്തിരിക്കുന്ന പ്രൊജക്ടാണ്.