HealthLIFE

മുട്ട എങ്ങനെ എപ്പോള്‍ കഴിക്കണം?

മുട്ട ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇത് നോണ്‍വെജിറ്റേറിയന്‍കാര്‍ മാത്രമല്ല, വെജിറ്റേറിയന്‍ ഭക്ഷണം കഴിയ്ക്കുന്നവരും ഉപയോഗിയ്ക്കുന്ന ആരോഗ്യകരമായ ഒരു ഭക്ഷണമാണ്. മുട്ടയില്‍ അടങ്ങിയിരിയ്ക്കുന്ന പോഷകങ്ങള്‍ പലതാണ്. ഇത് പ്രോട്ടീനുകളുടെ പ്രധാനപ്പെട്ട ഒരു ഉറവിടമാണ്. ഇതിന് പുറമേ വൈറ്റമിന്‍ ഡി, കാ്ല്‍സ്യം തുടങ്ങിയ പല ഘടകങ്ങളും ഇതില്‍ അടങ്ങിയിരിയ്ക്കുന്നു. മുട്ടയുടെ ആരോഗ്യ ഗുണം പൂര്‍ണമായി ലഭിയ്ക്കാന്‍ ഇത് കഴിയ്ക്കുന്ന സമയവും രീതിയുമെല്ലാം തന്നെ പ്രധാനമാണ്. എങ്ങിനെ ഏത് സമയത്താണ് മുട്ട കഴിയ്ക്കുന്നത് കൂടുതല്‍ ആരോഗ്യകരമാണെന്ന് അറിയൂ.

പ്രാതല്‍
നമ്മുടെ ഒരു ദിവസത്തെ ഭക്ഷണത്തില്‍ ഏറ്റവും പ്രധാനം രാവിലെയുള്ള ഭക്ഷണം, അതായത് പ്രാതല്‍ എന്നു പറയാം. പ്രാതല്‍ ദിവസം മുഴുവന്‍ എനര്‍ജി നല്‍കുന്ന ഭക്ഷണമാണ്. ഇത് ഒഴിവാക്കിയാല്‍ പ്രമേഹം, അമിതവണ്ണം ഉള്‍പ്പെടെ പല ആരോഗ്യപ്രശ്നങ്ങള്‍ക്കും സാധ്യതയേറെയാണ്. ഇതിനാല്‍ പ്രാതല്‍ ഏത് ഭക്ഷണം ഒഴിവാക്കിയാലും ഒഴിവാക്കരുതാത്ത ഒന്നാണ്. അതും ആരോഗ്യകരമായ ഭക്ഷണങ്ങള്‍ പ്രാതലില്‍ ഉള്‍പ്പെടുത്തുകയും വേണം. ഇങ്ങനെ നോക്കുമ്പോള്‍ പ്രാതലില്‍ ഉള്‍പ്പെടുത്താവുന്ന ഏറ്റവും ആരോഗ്യകരമായ ഭക്ഷണവസ്തുവാണ് മുട്ട. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഒരുപോലെ കഴിയ്ക്കാവുന്ന ഒന്ന്.

Signature-ad

പ്രോട്ടീന്‍
മുട്ട പ്രോട്ടീന്‍ സമ്പുഷ്ടമാണ്. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ഇതിലൂടെ ലഭിയ്ക്കുന്നു. എനര്‍ജിയടക്കം. അതേ സമയം പെട്ടെന്ന് വയര്‍ നിറയുന്നതിന് ഇതിലെ പ്രോട്ടീന്‍ കാരണമാകുന്നതിനാല്‍ അമിത ഭക്ഷണം ഒഴിവാക്കാനും സാധിയ്ക്കും. ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്തി തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ് പുഴുങ്ങിയ മുട്ട. ഇതിലെ അമിനോ ആസിഡുകളാണ് മുട്ടയ്ക്ക് ഈ ഗുണം നല്‍കുന്നത്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണ വസ്തുക്കള്‍ പ്രാതലിന് കഴിയ്ക്കുന്നത് തടി കുറയ്ക്കാന്‍ ഏറെ സഹായകമാണ്. ഇതിനാല്‍ തന്നെ മുട്ട കഴിയ്ക്കുന്നത് ഏറെ ഗുണകരമാണ്. കൊഴുപ്പ് അഥവാ കലോറി കുറഞ്ഞ ഭക്ഷണമാണ് പുഴുങ്ങിയ മുട്ട.എട്ട് ആഴ്ചകളില്‍ 65 ശതമാനം തടി കുറയ്ക്കാന്‍ മുട്ട സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത് പ്രാതലിന് ഉള്‍പ്പെടുത്തിയാല്‍ അടുത്ത 24 മണിക്കൂറില്‍ നാം കഴിയ്ക്കുന്ന കലോറി കുറവാണെന്നാണ് പറയുക. പ്രത്യേകിച്ചും പ്രാതലിന്.ഒരു മുട്ടയില്‍ 78 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്.

പ്രതിരോധശേഷി
മുട്ട ശരീരത്തിന് ആരോഗ്യം നല്‍കും, പ്രതിരോധശേഷിയും. ഇത് വൈറ്റമിന്‍ ഡി സമൃദ്ധവുമാണ്. ഇന്നത്തെ കാലത്ത് കുട്ടികളില്‍ പോലും കണ്ടുവരുന്ന ഒന്നാണ് വൈറ്റമിന്‍ ഡിയുടെ കുറവ്. ഇത് പെട്ടെന്ന് രോഗങ്ങള്‍ വരാനും കാരണമാകുന്നു. മുട്ട വൈറ്റമിന്‍ ഡി അടങ്ങിയ ചുരുക്കം ഭക്ഷണവസ്തുക്കളില്‍ ഒന്നാണ്. ഇത് പ്രാതലിന് കഴിയ്ക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷിയ്ക്ക് ഏറെ നല്ലതാണ്. ഇതിലെ വൈറ്റമിന്‍ ബി 12 ഹീമോഗ്ലോബിന്‍ ഉല്‍പാദനത്തിനു സഹായിക്കുന്നു. ഇതിനാല്‍ വിളര്‍ച്ച പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സാധിയ്ക്കുന്നു. ഇതും ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന ഒന്നാണ്. ഇതിലെ കൊളീന്‍ പോലുള്ളവ ബ്രെയിന്‍ ആരോഗ്യത്തിന് ഏറെ ഗുണകരവുമാണ്. ശരീരത്തിന് മാത്രമല്ല, തലച്ചോറിനും ബുദ്ധിയും ഉണര്‍വും നല്‍കാന്‍ ഏറെ നല്ലതാണിത് ഇതിനാല്‍ തന്നെ പഠിയ്ക്കുന്ന കുട്ടികള്‍ക്ക് രാവിലെ കൊടുക്കാന്‍ പറ്റിയ പ്രാതല്‍ വിഭവങ്ങളില്‍ ഒന്നാണിത്. പ്രമേഹ രോഗികള്‍ക്ക് വരെ പ്രാതലില്‍ ഉള്‍പ്പെടുത്താവുന്ന ആരോഗ്യകരമായ ഭക്ഷണമാണ് മുട്ട.

എങ്ങനെ തയ്യാറാക്കുന്നുവെന്നതും
മുട്ട എങ്ങനെ തയ്യാറാക്കുന്നുവെന്നതും പ്രധാനമാണ്. ഇത് എണ്ണ ചേര്‍ത്ത് തയ്യാറാക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. മുട്ടയുടെ ഗുണം കുറയ്ക്കാനും ഇടയാക്കുന്നു. ഇതിനാല്‍ മുട്ട പുഴുങ്ങിക്കഴിയ്ക്കുന്നതാണ് ആരോഗ്യകരം. ഇത് ബുള്‍സൈ ആക്കിയും പോച്ച്ഡ് രൂപത്തില്‍ കഴിയ്ക്കുന്നതുമെല്ലാം പലരുടേയും ശീലമാണ്. മുട്ട ഈ രീതികളില്‍ പാകം ചെയ്യുമ്പോള്‍ ചിലപ്പോള്‍ ഇതിന്റെ വേവ് പൂര്‍ണമാകില്ല. മുട്ട നല്ല രീതിയില്‍ വെന്ത ശേഷം മാത്രം കഴിയ്ക്കുക. അല്ലാത്തപക്ഷം സാല്‍മൊണെല്ല പോലുള്ള അണുബാധകള്‍ക്ക് സാധ്യതയേറെയാണ്. നല്ലതുപോലെ വേവുകയും ഒപ്പം എണ്ണ ചേര്‍ക്കാതെ തയ്യാറാക്കുകയും ചെയ്യുന്ന പുഴുങ്ങിയ മുട്ട തന്നെയാണ് ആരോഗ്യകരമായ രീതി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: