ഹൈദരാബാദ്: മകന്‍ മരിച്ചെന്ന് തിരിച്ചറിയാതെ മൃതദേഹത്തോടൊപ്പം ദിവസങ്ങള്‍ കഴിഞ്ഞ അന്ധരായ വൃദ്ധ ദമ്പതികളെ പൊലീസ് രക്ഷപ്പെടുത്തി. ഹൈദരാബാദിന് സമീപം നാഗോളിലെ ബ്ലൈന്‍ഡ്സ് കോളനിയിലായിരുന്ന സംഭവം. മുപ്പതുകാരനായ മകനോടൊപ്പമാണ് ദമ്പതികള്‍ കഴിഞ്ഞിരുന്നത്. ഇവരുടെ പേരുവിവരങ്ങള്‍ വ്യക്തമല്ല.
മകന്‍ മാത്രമാണ് ദമ്പതികള്‍ക്ക് സഹായത്തിനുണ്ടായിരുന്നത്. മാതാപിതാക്കള്‍ക്ക് സമയാസമയം ഭക്ഷണവും വെള്ളവും നല്‍കുന്നതും അവരെ മറ്റുകാര്യങ്ങള്‍ക്ക് സഹായിക്കുന്നതും മകനായിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇയാളെ പുറത്ത് കാണാനില്ലായിരുന്നു എന്നാണ് അയല്‍ വാസികള്‍ പറയുന്നത്. പൊലീസ് എത്തുന്നതിന് തൊട്ടുമുമ്പും ഭക്ഷണവും വെള്ളവും ആവശ്യപ്പെട്ട് ദമ്പതികള്‍ മകനെ വിളിക്കുന്നത് കേട്ടിരുന്നു എന്നും അയല്‍വാസികള്‍ പറയുന്നു. മകനെ നിരന്തരം വിളിച്ചിരുന്നു എങ്കിലും പ്രതികരണം ഒന്നും ലഭിച്ചിരുന്നില്ലെന്ന് ദമ്പതികള്‍ പൊലീസിന് മൊഴിനല്‍കിയിട്ടുണ്ട്. പൊലീസ് പറഞ്ഞപ്പോള്‍ മാത്രമാണ് മകന്‍ മരിച്ചവിവരം ഇരുവരും അറിയുന്നത്.
കഴിഞ്ഞദിവസം വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതോടെയാണ് അയല്‍വാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. അവര്‍ നടത്തിയ പരിശോധനതില്‍ കട്ടിലില്‍ കിടക്കുന്ന നിലയിലാണ് അഴുകിത്തുടങ്ങിയ മൃതദേഹം കണ്ടെത്തിയത്. ഉറക്കത്തിനിടയില്‍ മരിച്ചതാവാം എന്നാണ് സംശയിക്കുന്നത്. പ്രാഥമിക പരിശോധനയില്‍ മരണത്തില്‍ അസ്വാഭാവികത ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് നല്‍കുന്ന സൂചന. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞാലേ ഇക്കാര്യത്തില്‍ വ്യക്തത വരൂ എന്നാണ് പൊലീസ് പറയുന്നത്. ദമ്പതികളുടെ മറ്റൊരു മകന്‍ നഗരത്തില്‍ തന്നെ താമസിക്കുന്നുണ്ട്. ഇയാളെ വിവരമറിയിച്ചിട്ടുണ്ട്.