CrimeNEWS

ജയിലിലേക്ക് പോകാന്‍ താല്‍പര്യമില്ല; പോലീസ് സ്റ്റേഷനില്‍ കഴുത്തുമുറിച്ച് പീഡനക്കേസ് പ്രതി

കൊല്ലം: വാറന്‍ഡ് കേസിലെ പ്രതി പോലീസ് സ്റ്റേഷനില്‍ ബ്ലേഡ്‌കൊണ്ട് കഴുത്തുമുറിച്ച് ആത്മഹത്യക്കു ശ്രമിച്ചു. കുമ്മിള്‍ വട്ടത്താമര ഇരുന്നൂട്ടി റിജുഭവനില്‍ റിജു(32)വാണ് കടയ്ക്കല്‍ പോലീസ് സ്റ്റേഷനില്‍ ആത്മഹത്യക്കു ശ്രമിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

മൂന്നുവര്‍ഷംമുന്‍പ് കടയ്ക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത പട്ടികജാതി/വര്‍ഗ പീഡനക്കേസിലെ പ്രതിയാണ് റിജു. വിചാരണയ്ക്കിടെ കോടതിയില്‍ ഹാജരാകാത്തതിനെത്തുടര്‍ന്ന് വാറന്‍ഡ് ആവുകയായിരുന്നു. ഈ കേസില്‍ ജാമ്യക്കാരായ റിജുവിന്റെ രണ്ടു ബന്ധുക്കളുടെ പേരിലും വാറന്‍ഡുണ്ട്. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കെ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഇയാള്‍ സ്റ്റേഷനില്‍ നേരിട്ടു ഹാജരായി. അറസ്റ്റ് രേഖപ്പെടുത്തി തുടര്‍നടപടികള്‍ നടക്കുന്നതിനിടെ സ്റ്റേഷനുള്ളില്‍ നില്‍ക്കുകയായിരുന്ന റിജു പോക്കറ്റില്‍ കരുതിയിരുന്ന ബ്ലേഡ് കൊണ്ട് കഴുത്തു മുറിക്കുകയായിരുന്നു. ജയിലിലേക്ക് പോകേണ്ടിവരുമെന്നു പറഞ്ഞാണ് ആത്മഹത്യക്കു ശ്രമിച്ചത്.

Signature-ad

പോലീസ് ഉടന്‍ ഇയാളെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുത്തിനു 12 തുന്നലുണ്ട്. മുറിവ് ആഴത്തിലുള്ളതല്ല. ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Back to top button
error: