KeralaNEWS

ഒരു നിമിഷം മതി എന്തും സംഭവിക്കാന്‍… കൂക്കിവിളികള്‍ക്കിടെ ചിരിച്ചുകൊണ്ട് ജയില്‍ പടി കയറി ദിവ്യ

കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് പ്രസിഡന്റെന്ന പദവിയില്‍ പൊതുജനമധ്യത്തില്‍ തലയുയര്‍ത്തി നടന്നിരുന്ന ദിവ്യ ഇന്നലെ കൂക്കിവിളികള്‍ക്കിടയിലൂടെ ജയിലിലേക്കുള്ള യാത്രയിലായിരുന്നു. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റത്തിനുള്ള കേസില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതോടെ ദിവ്യ പുറത്തിറങ്ങുന്നതു കാത്തിരിക്കുകയായിരുന്നു കേരളമാകെ. പൊലീസില്‍ കീഴടങ്ങി കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍നിന്നു പുറത്തിറങ്ങുമ്പോഴും ഒട്ടും കൂസലില്ലാത്ത ഭാവത്തിലായിരുന്നു ദിവ്യ. നവീന്‍ ബാബുവിന്റെ ആത്മഹത്യ നടന്ന് രണ്ടാഴ്ച കഴിഞ്ഞാണ് ദിവ്യ പൊതുമധ്യത്തിലെത്തുന്നത്. മാധ്യമങ്ങള്‍ക്കു മുന്നില്‍ എപ്പോഴും സംസാരിക്കാറുള്ള ദിവ്യ ആദ്യമായി മൗനം പാലിച്ചു.

അടുത്ത തവണ എംഎല്‍എ, എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുകയാണെങ്കില്‍ മന്ത്രി എന്നിങ്ങനെ വിശേഷണങ്ങള്‍ പലതായിരുന്നു ദിവ്യയ്ക്ക്. എന്നാല്‍, ഒക്ടോബര്‍ 15നു പുലര്‍ച്ചെ എഡിഎം ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്ത വന്നതോടെ ദിവ്യയുടെ രാഷ്ട്രീയ ഗ്രാഫില്‍ ചുവപ്പുവര വീണു. ദിവ്യയുടെ രാഷ്ട്രീയഭാവി തല്‍ക്കാലമെങ്കിലും ഇരുട്ടിലായി.

Signature-ad

കലക്ടറേറ്റിലെ റവന്യു ജീവനക്കാരുടെ യാത്രയയപ്പു യോഗത്തിലേക്കു ക്ഷണിക്കപ്പെടാതെയെത്തി, എഡിഎം നവീന്‍ ബാബുവിനെ അപഹസിച്ചുകൊണ്ടു ദിവ്യ നടത്തിയ പ്രസംഗം എല്ലാം തകര്‍ത്തെറിഞ്ഞു. ‘ഒരു നിമിഷം മതി നമ്മുടെ ജീവിതത്തില്‍ എന്തും സംഭവിക്കാന്‍’ എന്ന വാക്കുകള്‍ ദിവ്യയുടെ രാഷ്ട്രീയജീവിതത്തിലും അറംപറ്റി. പാര്‍ട്ടിയും പൊലീസും സംരക്ഷണം നല്‍കിയെങ്കിലും കോടതി കൈവിട്ടതോടെ ജയിലിലേക്കു വഴി തെളിഞ്ഞു.

രാഷ്ട്രീയത്തില്‍ ശരവേഗത്തിലായിരുന്നു ദിവ്യയുടെ വളര്‍ച്ച. പി.കെ.ശ്രീമതി, കെ.കെ.ശൈലജ, എന്‍.സുകന്യ എന്നിവരുടെ പിന്‍ഗാമിയായി വന്ന ദിവ്യ എസ്എഫ്‌ഐയിലൂടെയാണ് വളര്‍ന്നത്. കണ്ണൂര്‍ സര്‍വകലാശാലാ യൂണിയന്‍ വൈസ് ചെയര്‍പഴ്‌സനായതോടെ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പെട്ടു. മുതിര്‍ന്ന നേതാക്കളുടെ തണലില്‍ വളര്‍ച്ച വേഗമായി. ഡിവൈഎഫ്‌ഐ, ജനാധിപത്യ മഹിളാ അസോസിയേഷന്‍ എന്നിവയുടെ ഭാരവാഹിത്വത്തിലേക്ക് ഉയര്‍ന്നതും വളരെ വേഗം. ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, സിപിഎം ജില്ലാ കമ്മിറ്റിയംഗം എന്നീ സ്ഥാനങ്ങളുണ്ട് ഇപ്പോള്‍.

36 ാം വയസ്സിലാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റാകുന്നത്. കല്യാശ്ശേരി ഡിവിഷനില്‍നിന്ന് 22,576 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയം. അതിനു മുന്‍പുള്ള ഭരണസമിതിയില്‍ വൈസ് പ്രസിഡന്റായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റെന്ന പദവിയോടെ വനിതാ ജയിലില്‍ ഒട്ടേറെ ചടങ്ങുകളില്‍ പങ്കെടുത്തിരുന്ന ദിവ്യ ഇന്നലെ രാത്രി അവിടെയെത്തിയത് റിമാന്‍ഡ് തടവുകാരി എന്ന നിലയില്‍. ചിരിച്ചുകൊണ്ട്, കുറ്റബോധം ഒട്ടുമില്ലാത്ത ശരീരഭാഷയോടെ അവര്‍ ജയിലിന്റെ പടികയറി. ഒക്ടോബര്‍ 14ന് എഡിഎം ജീവനൊടുക്കിയ ക്വാര്‍ട്ടേഴ്‌സില്‍നിന്നു വെറും 200 മീറ്റര്‍ അകലെയുള്ള സെന്‍ട്രല്‍ ജയില്‍ വളപ്പിലാണ് ഇന്നലെ രാത്രി കഴിഞ്ഞത്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: