IndiaNEWS

ബിജെപി നേതാക്കളെ സഖ്യകക്ഷികളുടെ സ്ഥാനാര്‍ഥികളാക്കി; വിന്‍ വിന്‍ ഫോര്‍മുലയുമായി അമിത് ഷാ

മുംബൈ: കലുഷിതമായ മഹാരാഷ്ട്രയിലെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്ത്രപരമായ നീക്കവുമായി ബിജെപി. സഖ്യകക്ഷികളായ ഏക്നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്കും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിക്കും സ്ഥാനാര്‍ഥികളായി ബിജെപി സ്വന്തം നേതാക്കളെ വിട്ടുകൊടുത്തിരിക്കുകയാണ്.

ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ രൂപംകൊണ്ട ഒരു ‘വിന്‍ വിന്‍’ ഫോര്‍മുലയുടെ ഭാഗമാണ് ബിജെപിയുടെ ഈ നീക്കമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. ഇത്തരത്തില്‍ തങ്ങളുടെ സ്ഥാനാര്‍ഥികളെ അവരുടെ ചിഹ്നത്തില്‍ മത്സരിപ്പിക്കണമെന്ന ധാരണയോടെയാണ് സഖ്യകക്ഷികള്‍ക്ക് ബിജെപി കൂടുതല്‍ സീറ്റുകള്‍ വിട്ടുകൊടുത്തിരിക്കുന്നത്.

Signature-ad

ഏക്നാഥ് ഷിന്‍ഡേയുടെ ശിവസേന തിങ്കളാഴ്ച പുറത്തുവിട്ട 13 സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ ബിജെപി വാക്താവായിട്ടുള്ള ഷൈന എന്‍സിയും ഇടംപിടിച്ചിട്ടുണ്ട്. മുംബാദേവി മണ്ഡലത്തിലാണ് അവര്‍ ശിവസേന ടിക്കറ്റില്‍ മത്സരിക്കുക. ഷൈന മാത്രമല്ല, ഇത്തരത്തില്‍ നിരവധി ബിജെപി നേതാക്കളെ എന്‍സിപിയിടേയും ശിവസേനയുടേയും സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്.

മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ റാവു സാഹേബ് ദന്‍വേയുടെ മകള്‍ സഞ്ജന ജാദവ്, പാല്‍ഘറിലെ മുന്‍ എം.പി. രാജേന്ദ്ര ഗാവിത് എന്നിവര്‍ കഴിഞ്ഞ ദിവസം ബി.ജെ.പി. വിട്ട് സഖ്യകക്ഷിയായ ശിവസേനയില്‍ ചേര്‍ന്നിരുന്നു.

സീറ്റുവിഭജനത്തില്‍ ഈ സീറ്റുകള്‍ ഷിന്‍ഡേ പക്ഷത്തിന് ലഭിച്ചതോടെ ബി.ജെ.പി.യുമായുള്ള ധാരണപ്രകാരം ഷിന്‍ഡേ ഇരുവരെയും സ്ഥാനാര്‍ഥികളായി പ്രഖ്യാപിക്കുകയായിരുന്നു. സഞ്ജന സംഭാജിനഗറിലെ കന്നാഡ് മണ്ഡലത്തിലും രാജേന്ദ്ര ഗാവിത് പാല്‍ഘറിലും സ്ഥാനാര്‍ഥികളാണ്.

ബിജെപിയില്‍ നിന്ന് ശിവസേനയിലെത്തിയ മറ്റൊരു പ്രധാന നേതാവാണ് നിലേഷ് റാണ. മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ നാരായണ്‍ റാണെയുടെ മകനാണ് അദ്ദേഹം.

അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിയുടെ രണ്ടാം പട്ടികയില്‍ ബിജെപി നേതാവ് സഞ്ജയ് കാക ഇടംപിടിച്ചിട്ടുണ്ട്. അന്തരിച്ച എന്‍സിപി നേതാവും ആഭ്യന്തരമന്ത്രിയുമായിരുന്ന ആര്‍.ആര്‍. പാട്ടീലിന്റെ മകന്‍ രോഹിത് പാട്ടീലിനെതിരെ തസ്ഗാവ്-കാവ്തെ മഹങ്കല്‍ നിയമസഭാ സീറ്റിലാണ് സഞ്ജയ് മത്സരിക്കുക. മകന് വേണ്ടിയാണ് അദ്ദേഹം ഈ സീറ്റ് ചോദിച്ചത്. എന്നാല്‍ ബിജെപിയുമായുള്ള ധാരണയില്‍ സഞ്ജയ് തന്നെ മത്സരിക്കുകയാണെങ്കില്‍ സീറ്റ് വിട്ടുനല്‍കാമെന്ന അജിത് പവാര്‍ സമ്മതിക്കുകയായിരുന്നു.

ശരദ് പവാര്‍ വിഭാഗം എന്‍സിപി നേതാവ് ജയന്ത് പാട്ടീലിനെതിരെ മത്സരിക്കുന്ന അജിത് പവാര്‍ പക്ഷ സ്ഥാനാര്‍ഥി നിഷികാന്ത് പാട്ടീല്‍ ബിജെപിയില്‍ നിന്ന് എന്‍സിപിയിലെത്തിയതാണ്. ഇത്തരത്തില്‍ നിരവധി നേതാക്കള്‍ ബിജെപി വിട്ട് സഖ്യകക്ഷികളില്‍ മത്സരിക്കുന്നുണ്ട്.

തിരഞ്ഞെടുപ്പിന് ശേഷമുള്ള നീക്കങ്ങള്‍ കൂടി മുന്‍നിര്‍ത്തയാണ് ബിജെപി ഇത്തരമൊരു തന്ത്രം പയറ്റുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Back to top button
error: