കൊച്ചി: കണ്ണമാലി പൊലീസ് സ്റ്റേഷനിലെ എസ്‌ഐയെ സ്റ്റേഷന്‍ ഹൗസ് ഓഫിസറായ ഇന്‍സ്‌പെക്ടര്‍ തൂക്കിയെടുത്തു സ്റ്റേഷനു പുറത്തിട്ടെന്നു പരാതി. തിങ്കളാഴ്ച രാവിലെയാണു സംഭവം. ഗ്രേഡ് എസ്‌ഐ ലീവ് എടുത്തതിനെ തുടര്‍ന്നുള്ള അനിഷ്ടമാണു വാക്കേറ്റത്തിലും കയ്യേറ്റത്തിലും എത്തിയത്. എസ്‌ഐ സന്തോഷിനെയാണ് എസ്എച്ച്ഒ സിജിന്‍ മാത്യു കായികമായി നേരിടാന്‍ ശ്രമിച്ചത്.
അടുത്ത ബന്ധുവിന്റെ വിവാഹ നിശ്ചയത്തിനായി ഞായറാഴ്ച സന്തോഷ് മുന്‍കൂട്ടി അവധി ചോദിച്ചിരുന്നു. എസ്എച്ച്ഒ അപേക്ഷ നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, ഞായറാഴ്ച വിവാഹ നിശ്ചയവേദിയില്‍ നില്‍ക്കുമ്പോള്‍ സന്തോഷിനെ സ്റ്റേഷനില്‍നിന്നു വിളിച്ച് അവധി അനുവദിച്ചിട്ടില്ലെന്നും ഡ്യൂട്ടിക്കു ഹാജരാകാത്തതിനാല്‍ ആബ്‌സന്റ് മാര്‍ക്ക് ചെയ്തിട്ടുണ്ടെന്നും അറിയിച്ചു.
തിങ്കളാഴ്ച രാവിലെ സന്തോഷ് ഡ്യൂട്ടിക്കു ഹാജരായപ്പോള്‍ ഷട്ടില്‍ കളി കഴിഞ്ഞെത്തിയ എസ്എച്ച്ഒ മഫ്തിയില്‍ സ്റ്റേഷനിലുണ്ടായിരുന്നു. തുടര്‍ന്നു മോശമായി സംസാരിച്ച ശേഷം ‘നിന്നെ ഇനി ഈ സ്റ്റേഷനില്‍ വേണ്ട’ എന്നു പറഞ്ഞു സന്തോഷിന്റെ തോളില്‍ പിടിച്ചുയര്‍ത്തി സ്റ്റേഷന്‍ കോംപൗണ്ടിനു പുറത്താക്കിയെന്നാണു പരാതി. പൊലീസുകാരും നാട്ടുകാരും ഉള്‍പ്പെടെ കണ്ടു നില്‍ക്കുമ്പോഴായിരുന്നു എസ്എച്ച്ഒയുടെ പ്രകടനം. സന്തോഷ്, കമ്മിഷണര്‍ക്കും മട്ടാഞ്ചേരി എസിപിക്കും പരാതി നല്‍കിയതിനെ തുടര്‍ന്നു സ്‌പെഷല്‍ ബ്രാഞ്ച്, ഇന്റലിജന്‍സ് വിഭാഗങ്ങള്‍ അന്വേഷണം നടത്തി കമ്മിഷണര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.