ലോസ് ഏഞ്ചല്‍സ് (കാലിഫോര്‍ണിയ): യു.എസ് മുന്‍ പ്രസിഡന്‍്‌റ് ഡൊണാള്‍ഡ് ട്രംപിന് നേരേ മൂന്നാമതും വധശ്രമം. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ചതിന് പിന്നാലെ ട്രംപിന് നേരെ വധശ്രമങ്ങളുണ്ടായിരുന്നു. ഒരുതവണ പ്രസംഗിക്കുകയായിരുന്ന ട്രംപിന്റെ ചെവിയില്‍ തട്ടി വെടിയുണ്ട കടന്നുപോയെങ്കില്‍ രണ്ടാം തവണ ഗോള്‍ഫ് ക്‌ളബിന് സമീപത്തുനിന്നും ഒരാളെ പിടികൂടുകയായിരുന്നു. ഇപ്പോഴിതാ മൂന്നാമതും ആയുധങ്ങളുമായി ഒരാളെ പിടികൂടിയിരിക്കുകയാണ്.
റാലിയില്‍ പങ്കെടുക്കാനുള്ള വ്യാജ പാസും തോക്കുകളുമായി വെം മില്ലെര്‍ (49) എന്നയാളാണ് പിടിയിലായത്. ലാസ് വെഗാസ് സ്വദേശിയായ ഇയാള്‍ ട്രംപിന്റെ റാലി നടക്കേണ്ട കാലിഫോര്‍ണിയയിലെ കോച്ചെല്ല വാലിയില്‍ നിന്നാണ് അറസ്റ്റിലായത്. ശനിയാഴ്ച റാലി തുടങ്ങുന്നതിന് നിമിഷങ്ങള്‍ മുന്‍പാണ് മില്ലെര്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. ഇയാളില്‍ നിന്നും ഒരു ഷോട്ട് ഗണ്‍, ഒരു കൈത്തോക്ക്, നിറയെ തിരകള്‍ എന്നിവ പിടിച്ചെടുത്തു. നമ്മള്‍ മറ്റൊരു വധശ്രമം തടയുകയാണ് ചെയ്തത്. റിവര്‍സൈഡ് കണ്‍ട്രി ഷെരിഫ് ചാഡ് ബിയാന്‍കൊ വ്യക്തമാക്കി.
റാലി നടക്കുന്നതിന് അരകിലോമീറ്റര്‍ അകലെ ചെക്പോയിന്റിലാണ് ഇയാളെ പിടികൂടിയത്. കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയയാളാണ് മില്ലെര്‍. 2022ല്‍ നെവാഡ സ്റ്റേറ്റ് അസംബ്‌ളിയിലേക്ക് ഇയാള്‍ മത്സരിച്ചിരുന്നു. 5000 ഡോളറിന്റെ ജാമ്യത്തില്‍ ഇയാളെ ശനിയാഴ്ച തന്നെ വിട്ടയച്ചു. 2025 ജനുവരി രണ്ടിന് കേസ് വിചാരണ സമയത്ത് കോടതിയില്‍ ഹാജരാകണം.
സര്‍ക്കാര്‍ വിരുദ്ധ, തീവ്ര വലതുപക്ഷ വിശ്വാസിയാണ് മില്ലെര്‍. അമേരിക്കന്‍ സര്‍ക്കാരിന് തങ്ങള്‍ക്കുമേല്‍ യാതൊരു നിയന്ത്രണവുമില്ല എന്ന് വിശ്വസിക്കുന്ന വിഭാഗക്കാരന്‍ കൂടിയാണ് മില്ലെര്‍ എന്ന് പൊലീസ് അറിയിച്ചു.