KeralaNEWS

ഉല്‍പ്പാദന, സേവന മേഖലയില്‍ കുതിപ്പ്; കേരളത്തിന്റെ ജിഎസ്ഡിപി ഉയര്‍ന്നു, കണക്കുകള്‍ ഇങ്ങനെ

കൊച്ചി: കഴിഞ്ഞ സാമ്പത്തികവര്‍ഷം കേരളത്തിന്റെ ജിഎസ്ഡിപിയില്‍ വര്‍ധന. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ പുതുക്കിയ കണക്ക് അനുസരിച്ച് കഴിഞ്ഞ സാമ്പത്തികവര്‍ഷം 6.52 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇതിന് തൊട്ടുമുന്‍പത്തെ സാമ്പത്തികവര്‍ഷം 6.6 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പുതുക്കിയ കണക്ക് അനുസരിച്ച് 2022-23 സാമ്പത്തികവര്‍ഷത്തില്‍ കേരളത്തിന്റെ വളര്‍ച്ചാനിരക്ക് 4.24 ശതമാനമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ജനുവരിയില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് തയ്യാറാക്കിയ കേരളത്തിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ 2022-23 സാമ്പത്തികവര്‍ഷത്തില്‍ 6.6 ശതമാനം വളര്‍ച്ചയാണ് അനുമാനിച്ചിരുന്നത്. തൊട്ടുമുന്‍പത്തെ വര്‍ഷം ഇത് 12.97 ശതമാനമായിരുന്നു എന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ പുതുക്കിയ ഡേറ്റ അനുസരിച്ച് 2021-22 11.78 ശതമാനം, 2022-23 4.24 ശതമാനം, 2023-24 6.52 ശതമാനം എന്നിങ്ങനെയാണ് വളര്‍ച്ചാനിരക്കില്‍ ഉണ്ടായ മാറ്റം. സ്ഥിതിവിവര മന്ത്രാലയത്തിന് സമര്‍പ്പിച്ച ഈ പുതുക്കിയ കണക്കുകള്‍ അന്തിമമാണെന്ന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്ക്സ് വകുപ്പിലെ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു.

Signature-ad

പുതുക്കിയ കണക്ക് അനുസരിച്ച് 2022-23 സാമ്പത്തികവര്‍ഷത്തില്‍ 5,96,236.86 കോടിയാണ് സംസ്ഥാന ജിഎസ്ഡിപി. മാര്‍ച്ച് 31ന് അവസാനിച്ച 2023-24 സാമ്പത്തികവര്‍ഷത്തില്‍ ഇത് 6,35,136.53 കോടിയായി ഉയര്‍ന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. കൃഷി, വിളകള്‍, കന്നുകാലികള്‍, വനം തുടങ്ങിയവ ഉള്‍പ്പെടുന്ന പ്രാഥമിക മേഖലയുടെ വിഹിതം 7.82 ശതമാനമായി കുറഞ്ഞെങ്കിലും (മുമ്പ് 11 ശതമാനം), ഉല്‍പ്പാദനം, നിര്‍മ്മാണം, വൈദ്യുതി എന്നിവയുള്‍പ്പെടെ ദ്വിതീയ മേഖലയുടെ വിഹിതം 24.01 ശതമാനമായി വര്‍ധിച്ചു.

ഉല്‍പ്പാദനത്തിന്റെ മാത്രം വിഹിതം 10.25 ശതമാനമാണ്. സാമ്പത്തിക സേവനങ്ങള്‍, റിയല്‍ എസ്റ്റേറ്റ്, വാര്‍ത്താവിനിമയം, റോഡ്, വ്യോമ, ജലഗതാഗതം എന്നിവ ഉള്‍പ്പെടുന്ന തൃതീയ മേഖല 57.21 ശതമാനമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: