KeralaNEWS

ശബരിമലയില്‍ കൈപൊള്ളിയത് മന്ത്രി ഓര്‍ക്കണം: സ്‌പോട് ബുക്കിങ് നിര്‍ത്തിയതില്‍ വിമര്‍ശനവുമായി സിപിഐ മുഖപത്രം

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ഇടതു മുന്നണിക്ക് ഒരിക്കല്‍ കൈപൊള്ളിയതാണെന്ന് ‘വാസവന്‍ മന്ത്രി’ ഓര്‍മ വേണമെന്ന മുന്നറിയിപ്പുമായി സിപിഐ മുഖപത്രം. ശബരിമലയില്‍ സ്‌പോട് ബുക്കിങ് നിര്‍ത്തിയ തീരുമാനത്തിനെതിരെയാണ് വിമര്‍ശനം. ശബരിമല ദര്‍ശനത്തിനു വെര്‍ച്വല്‍ ക്യൂ ബുക്കിങിനു പുറമേ സ്‌പോട് ബുക്കിങ് കൂടി വേണമെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നിലപാട്. സ്‌പോര്‍ട് ബുക്കിങ് വേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചത്. സ്‌പോട് ബുക്കിങ് ഉണ്ടാകില്ലെന്ന് ദേവസ്വം മന്ത്രി വി.എന്‍.വാസവനും വ്യക്തമാക്കിയിരുന്നു.

”സെന്‍സിറ്റീവായ വിഷയത്തിലെ കടുംപിടുത്തം നമ്മെ ആപത്തില്‍ ചാടിക്കും. പുതിയ പരിഷ്‌ക്കാരത്തിനെതിരെ ഹിന്ദു സംഘടനകളും പന്തളം കൊട്ടാരവും അയ്യപ്പസേവാ സംഘവും പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. ഇതിനിടെയാണ് ദേവസ്വം മന്ത്രി വാസവന്‍ പറയുന്നത് ഒരു കാരണവശാലും സ്‌പോട് ബുക്കിങ് അനുവദിക്കില്ലെന്ന്. ഒരിക്കല്‍ ഇടതുമുന്നണിക്ക് ശബരിമല വിഷയത്തില്‍ കൈപൊള്ളിയതാണെന്ന് വാസവന്‍ മന്ത്രി ഓര്‍ക്കണം”പാര്‍ട്ടി മുഖപത്രത്തിലെ ലേഖനത്തില്‍ പറയുന്നു.

Signature-ad

ശബരിമലയില്‍ സ്‌പോട് ബുക്കിങ് ഉണ്ടാകില്ലെന്നും ഇടത്താവളങ്ങളിലെ അക്ഷയകേന്ദ്രങ്ങളില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനു സൗകര്യം ഒരുക്കുമെന്നും മന്ത്രി വി.എന്‍.വാസവന്‍ വ്യക്തമാക്കിയിരുന്നു. ശബരിമലയില്‍ ദര്‍ശനത്തിനായി വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനൊപ്പം സ്‌പോട് ബുക്കിങ്ങും നടപ്പാക്കണമെന്നാണ് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആവശ്യം. വെര്‍ച്വല്‍ ക്യൂ മാത്രം നടപ്പാക്കിയാല്‍ ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തുമെന്നും ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സ്‌പോട് ബുക്കിങ് വിഷയത്തില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും അനാസ്ഥ കാണിക്കുന്നു എന്നാരോപിച്ച് ഹൈന്ദവ സംഘടനകള്‍ ഈ മാസം 26ന് സംയുക്ത യോഗം ചേരും.

Back to top button
error: