ഗാന്ധിനഗര്‍: ഗുജറാത്തിലെ കച്ചില്‍ വിവാഹിതയായ യുവതിയും കാമുകനും ചേര്‍ന്ന് ഒളിച്ചോടാനുള്ള ശ്രമത്തില്‍ വയോധികനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. 27കാരിയായ റാമി കേസരിയാണ് കാമുകന്‍ അനില്‍ ഗംഗുലിന്റെ സഹായത്തോടെ വയോധികനെ കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന് മൂന്ന് മാസത്തിന് ശേഷമാണ് ഇരുവരും അറസ്റ്റിലായത്.
ഇരുവര്‍ക്കും ആളെ അറിയില്ലായിരുന്നുവെന്നും, ഒരുമിച്ച് ഒളിച്ചോടാന്‍ വേണ്ടിയാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. റാമി ആത്മഹത്യ ചെയ്തു എന്ന് കുടുംബത്തെ വിശ്വസിപ്പിച്ച് ഒളിച്ചോടാന്‍ ആയിരുന്നു ഇരുവരുടെയും പദ്ധതി. അതിനായി വയോധികനെ കള്ളങ്ങള്‍ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം കത്തിക്കുകയും റാമിയുടെ വസ്ത്രങ്ങളും ഫോണും പാദരക്ഷകളും കത്തുന്ന മരക്കമ്പുകള്‍ക്ക് സമീപം ഉപേക്ഷിക്കുകയും ചെയ്തു.
ജൂലൈ മൂന്നിന് കമിതാക്കള്‍ അവരുടെ പദ്ധതി നടപ്പിലാക്കുകയും ഗ്രാമം വിടുകയും ചെയ്തു. അടുത്ത ദിവസം അനില്‍ റാമിയുടെ വീട്ടിലെ സ്ഥിതിഗതികള്‍ അറിയാന്‍ തിരിച്ചെത്തി. സംഭവസ്ഥലത്ത് നിന്ന് റാമിയുടെ വസ്ത്രങ്ങളും മൊബൈല്‍ ഫോണും കണ്ടെത്തിയതിനാല്‍, കത്തിയ മൃതദേഹം റാമി കേസരിയുടെതാണെന്ന് വീട്ടുകാര്‍ വിശ്വസിച്ചു.
സെപ്തംബര്‍ 27 ന് റാമി തിരികെ പിതാവിന്റെ അടുത്തേക്ക് മടങ്ങുകയും, തങ്ങളുടെ കുറ്റം ഏറ്റുപറഞ്ഞ് മാപ്പ് ചോദിക്കുകയും ചെയ്തു. എന്നാല്‍ ക്ഷമാപണം നിരസിച്ച പിതാവ് ഈ വിവരങ്ങള്‍ പോലീസിനെ അറിയിച്ചു. പിതാവിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും റാമിയെയും അനിലിനെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.