CrimeNEWS

മുന്നോട്ട് വയ്ക്കുക ആരേയും വീഴ്ത്തുന്ന ഓഫര്‍; ഷൈനിയുടെ വലയില്‍ വീണത് നിരവധിപേര്‍

ആലപ്പുഴ: സ്വകാര്യ ധനമിടപാട് സ്ഥാപനത്തിന്റെ മറവില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതിയായ യുവതി അറസ്റ്റില്‍. കായംകുളം കൃഷ്ണപുരം സ്വദേശിനി നിവേദ്യത്തില്‍ ഷൈനി സുശീലനാണ് (36) പൊലീസിന്റെ പിടിയിലായത്. കായംകുളത്ത് മിനി കനകം ഫിനാന്‍സ് എന്ന പേരില്‍ സ്വകാര്യ സ്വര്‍ണ പണയ സ്ഥാപനം നടത്തി വരികയായിരുന്നു ഷൈനി. ആളുകളില്‍ നിന്ന് സ്വര്‍ണം ഈടായി വാങ്ങി പണം നല്‍കുന്നതായിരുന്നു യുവതിയുടെ ബിസിനസ്.

പിന്നീട് ആളുകള്‍ പണം തിരികെ നല്‍കി സ്വര്‍ണം തിരിച്ചെടുക്കാന്‍ എത്തുമ്പോള്‍ പലിശയും മുതലും വാങ്ങിയ ശേഷം സ്വര്‍ണം തിരികെ നല്‍കില്ല. താന്‍ പുതിയതായി ഒരു ബിസിനസ് ആരംഭിക്കാന്‍ പോകുകയാണെന്നും സ്വര്‍ണം അതിലേക്ക് നിക്ഷേപിച്ചാല്‍ വന്‍ തുക ലാഭമായി ലഭിക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിക്കും. മറ്റേതൊരു ബിസിനസ് ചെയ്താലും കിട്ടാത്ത ലാഭം, നിങ്ങള്‍ ചെയ്യേണ്ടത് സ്വര്‍ണം നിക്ഷേപിക്കുകയെന്നത് മാത്രമാണ്. വിഹിതം കൃത്യമായി അക്കൗണ്ടിലെത്തും തുടങ്ങി നിരസിക്കാന്‍ പറ്റാത്ത ഓഫറുകളാണ് മുന്നോട്ടുവയ്ക്കുക.

Signature-ad

ഇത്തരത്തില്‍ നിരവധിപേരില്‍ നിന്ന് സ്വര്‍ണം കൈക്കലാക്കിയ ശേഷം ഒടുവില്‍ പണവുമില്ല സ്വര്‍ണവുമില്ല എന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തും. ഇതോടെയാണ് തട്ടിപ്പിന് ഇരയായ വിവരം സ്വര്‍ണം നല്‍കിയവര്‍ക്ക് പോലും മനസ്സിലാകുക. പ്രതിക്കെതിരെ കായംകുളം പൊലീസ് സ്റ്റേഷനില്‍ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസ് എടുത്തതറിഞ്ഞ ഷൈനി ഒളിവില്‍ പോയി. ചേര്‍ത്തലയില്‍ ഒരു ബ്യൂട്ടി പാര്‍ലറില്‍ ജോലി ചെയ്തു വരികയായിരുന്നു ഷൈനി. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: