മലപ്പുറം: അഭിമുഖത്തിലെ പരാമര്‍ശം പിആര്‍ ഏജന്‍സി ഒപ്പിച്ച പണിയാണെന്ന മുഖ്യമന്ത്രിയുടെ ന്യായീകരണം പച്ച കള്ളമെന്ന് പിവി അന്‍വര്‍. പത്രം തെറ്റായിട്ടാണ് അഭിമുഖം പ്രസിദ്ധീകരിച്ചതെങ്കില്‍ അച്ചടിച്ച് വന്ന ദിവസം തന്നെ മുഖ്യമന്ത്രിയും ഓഫീസും ഇടപെടേണ്ടതായിരുന്നു. എന്നാല്‍, 32 മണിക്കൂര്‍ കഴിഞ്ഞ് വിവാദവും പ്രതിഷേധങ്ങളും ഉയര്‍ന്നതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു നാടകം കളിച്ചതെന്നും അന്‍വര്‍ ആരോപിച്ചു.
മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുന്നതാണ് നല്ലത്. ഒരു റിയാസല്ല, നൂറ് റിയാസ് വന്ന് ന്യായീകരിച്ചാലും കേരളത്തിലെ ജനങ്ങള്‍ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. മലപ്പുറത്തെക്കുറിച്ച് പറഞ്ഞ, പത്രത്തില്‍ വന്ന കാര്യങ്ങള്‍ അതിന് മുമ്പ് നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി കൃത്യമായി പറഞ്ഞതാണ്. വിവാദമായതിന് ശേഷം മുഖ്യമന്ത്രി കരിപ്പൂര്‍ വിമാനത്താവളമെന്നും കോഴിക്കോട് വിമാനത്താവളമെന്നും ഉപയോഗിച്ച് തുടങ്ങി.
മുസ്ലീം ഭൂരിപക്ഷ ജില്ലയായ മലപ്പുറം ദേശദ്രോഹികളുടെ താവളമാണെന്ന് രാജ്യം മുഴുവന്‍ അറിയാന്‍ വേണ്ടിയാണ് ഹിന്ദു പത്രത്തിന് ഡല്‍ഹിയില്‍ വച്ച് മുഖ്യമന്ത്രി അഭിമുഖം നല്‍കിയത്. അതുവഴി ആര്‍എസ്എസ് – ബിജെപി കേന്ദ്രങ്ങളില്‍ ഇത് ചര്‍ച്ചയാകണമെന്ന് മുഖ്യമന്ത്രി ആഗ്രഹിച്ചു.
മുഖ്യമന്ത്രി നല്‍കിയ അഭിമുഖത്തിന്റെ റെക്കോഡ് പുറത്തുവിടാന്‍ ദ ഹിന്ദു തയ്യാറാകണം. ഇതൊരു ശക്തമായ ഗൂഡാലോചനയുടെ ഭാഗമാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ അതിനൊക്കെ ശേഷിയുള്ളവരുണ്ട്. അവര്‍ ആര്‍എസ്എസ് നേതൃത്വവുമായി ആലോചിച്ചാണ് മുഖ്യമന്ത്രിയുടെ അഭിമുഖം നല്‍കിയത്.
ഞാന്‍ നല്‍കിയ പരാതിയില്‍ പ്രത്യേക അന്വേഷണ സംഘം നാളെയാണ് റിപ്പോര്‍ട്ട് നല്‍കേണ്ടത്. പക്ഷേ, അവര്‍ ഇന്നലെയാണ് എന്റെ അടുക്കല്‍ മൊഴിയെടുക്കാനെത്തിയത്. ഇന്നലെ വൈകിട്ട് എസ്ഐടി സംഘം ഇവിടെ വന്നു. മൊഴി തരില്ലെന്ന് പറഞ്ഞു. ഈ നാടകത്തിന് നിന്നുകൊടുക്കാന്‍ ഞാന്‍ തയ്യാറല്ല. ഞാന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കും. മതേതരത്വം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയാകും രൂപീകരിക്കുക.
സിപിഎമ്മിനോട് ഇനി പ്രതിബദ്ധതയില്ല; സഹയാത്രികനായി തുടരുമെന്ന് ജലീല്‍
സിപിഎമ്മില്‍ നിന്ന് ഒരു ഹിന്ദു പുറത്തുപോയാല്‍ അവരെ സംഘിയാക്കും. മുസ്ലിമാണെങ്കില്‍ ‘സുഡാപ്പി’യും ജമാഅത്തെ ഇസ്ലാമിയുമാക്കും. ആ പാര്‍ട്ടിയില്‍നിന്ന് വിട്ടുപോകുകയോ ബന്ധം ഉപേക്ഷിക്കുകയോ ചെയ്യുന്നവര്‍ക്ക് സിപിഎം ചാര്‍ത്തിക്കൊടുക്കുന്ന പേരുകളാണ്. അതുകൊണ്ട് മാപ്ലയായ എനിക്ക് അവര്‍ പേര് ചാര്‍ത്തുമെന്ന കാര്യം ഉറപ്പല്ലേ. പുതിയ പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് കൃത്യമായ പദ്ധതി തയ്യാറാക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ പുതിയ പാര്‍ട്ടി മത്സരിക്കും.