കൊച്ചി: ആയ കാലത്ത് പ്രേമലേഖനം എഴുതി കൈയക്ഷരം നന്നായവര്‍ക്കും ഫലമുണ്ടായവര്‍ക്കും തകര്‍ന്നുപോയവര്‍ക്കും വീണ്ടും കഴിവ് തെളിയിക്കാന്‍ അവസരം. രമണന്റെയും ചന്ദ്രികയുടെയും പ്രണയകാവ്യം മലയാളികള്‍ക്ക് സമ്മാനിച്ച, പ്രണയത്തിന് നിത്യവസന്തം പകര്‍ന്ന ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ 114 -ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമാണ് പ്രണയലേഖനമെഴുത്ത് മത്സരം. ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയാണ് സംഘാടകര്‍. ആര്‍ക്കും പങ്കെടുക്കാം. പ്രായപരിധിയില്ല. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 3000, 2000, 1000 രൂപ സമ്മാനം ലഭിക്കും.
മൊബൈല്‍ മെസേജുകളില്‍ പ്രണയം പൂക്കുന്ന കാലത്ത്, പ്രണയാക്ഷരങ്ങള്‍ യുവാക്കളില്‍ നിന്ന് അന്യമാകുന്നുവെന്ന് ചിന്തിപ്പിക്കുന്നതാണ് മത്സരത്തോടുള്ള പ്രതികരണം. അന്വേഷണങ്ങള്‍ക്കും രജിസ്ട്രേഷനും കുറവില്ലെങ്കിലും ബഹുഭൂരിഭാഗവും 50 കഴിഞ്ഞവരാണ്. ഇതുവരെ രജിസ്റ്റര്‍ ചെയ്തവരില്‍ രണ്ടു പേര്‍ മാത്രമാണ് 30ല്‍ താഴെ പ്രായമുള്ളവര്‍. കൗമാരക്കാര്‍ ആരുമില്ല. പെണ്‍കുട്ടികളും കുറവാണ്. പ്രേമം വിഷയമായി വീഡിയോ മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ഈ മത്സരത്തിനും നല്ല പ്രതികരണമാണ്. ഏതാനും വീഡിയോകള്‍ സമര്‍പ്പിക്കപ്പെട്ടു കഴിഞ്ഞു.
അക്ഷരശ്ളോകം, കാവ്യകേളി മത്സരങ്ങള്‍ സെപ്തംബര്‍ 29ന് നടക്കും. വിവരങ്ങള്‍ക്ക് : 0484 2343791, 8078156791
ചങ്ങമ്പുഴ ജന്മദിനാഘോഷം
ഒക്ടോബര്‍ 8, 9, 10 തീയതികളില്‍
ചങ്ങമ്പുഴയുടെ പ്രണയസങ്കല്പം
സമ്മേളനങ്ങളിലെ പ്രധാന വിഷയം
ഒക്ടോബര്‍ 8: വൈകിട്ട് ആറിന് എന്‍.എസ്.മാധവന്റെ പ്രഭാഷണം. 7ന് വയലിന്‍ കച്ചേരി.
ഒക്ടോബര്‍ 9: 6ന് പി.എഫ്.മാത്യൂസിന്റെ പ്രഭാഷണം, 7ന് പ്രണയലേഖനം, പ്രണയവീഡിയോ പ്രദര്‍ശനങ്ങള്‍. തുടര്‍ന്ന് പ്രണയത്തെക്കുറിച്ച് കവി സി.എസ്. രാജേഷ്, എം.ജി.സര്‍വകലാശാല യൂണിയന്‍ ചെയര്‍പേഴ്സണ്‍ ഹെന, നടന്‍ പ്രണവ് ഏക എന്നിവര്‍ പങ്കെടുക്കുന്ന ചര്‍ച്ച.
ഒക്ടോബര്‍ 10: രാവിലെ ചങ്ങമ്പുഴ സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചന, പത്തിന് കവിസമ്മേളനം. വൈകിട്ട് 5.30ന് കെ.പി.മോഹനന്റെ അനുസ്മരണ പ്രഭാഷണം.