മുംബൈ: ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന കേന്ദ്ര ഏജന്‍സികളുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ മുംബൈ നഗരത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ജനത്തിരക്കുള്ള സ്ഥലങ്ങളിലും ആരാധനാലയങ്ങളിലും സുരക്ഷ വര്‍ധിപ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി മോക്ഡ്രില്ലുകള്‍ സംഘടിപ്പിക്കാനും നിര്‍ദേശമുണ്ട്.
സ്വന്തം അധികാര മേഖലയിലെ സുരക്ഷാ കാര്യങ്ങള്‍ നിരന്തരം അവലോകനം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് സിറ്റി പൊലീസ് കമ്മിഷണര്‍ നിര്‍ദേശം നല്‍കി. സംശയകരമായ കാര്യങ്ങളുണ്ടെങ്കില്‍ അറിയിക്കാന്‍ ജനങ്ങളോടും അഭ്യര്‍ഥിച്ചു. ആഘോഷ കാലമായതിനാലാണ് സുരക്ഷ വര്‍ധിപ്പിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. നവംബറില്‍ മഹാരാഷ്ട്ര നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യം പരിഗണിച്ചും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
രാജ്യത്തെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണത്തിന്റെ 16 ാം വാര്‍ഷികം നവംബര്‍ 26 നാണ്. രാത്രി 9.30 ഓടെ ആരംഭിച്ച ഭീകരാക്രമണം 60 മണിക്കൂറോളം നീണ്ടു. ആക്രമണ പരമ്പരയില്‍ 22 വിദേശികളടക്കം 166 പേര്‍ കൊല്ലപ്പെടുകയും മുന്നൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. എ.കെ 47 തോക്കുകളും ഗ്രനേഡും സ്ഫോടക വസ്തുക്കളുമായി നുഴഞ്ഞുകയറിയ പത്ത് ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരര്‍ മുംബൈയിലെ നരിമാന്‍ ഹൗസ്, ലിയോപോള്‍ഡ് കഫേ, ആഡംബര ഹോട്ടലുകളായ താജ് മഹല്‍ പാലസ്, ഒബ്റോയ് ട്രൈഡന്റ്, കാമ ഹോസ്പിറ്റല്‍, ഛത്രപതി ശിവാജി ടെര്‍മിനല്‍ റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ചോരക്കളമാക്കി മാറ്റുകയായിരുന്നു.
രഹസ്യാന്വേഷണ വിഭാഗങ്ങളുടെ വീഴ്ചയെന്ന് കുറ്റപ്പെടുത്തലുകള്‍ ഉണ്ടായെങ്കിലും 26/11 ഇന്ത്യയ്ക്ക് വലിയൊരു പാഠമായിരുന്നു. അതിനുശേഷം സമുദ്ര- തീരദേശ സുരക്ഷാ വന്‍ തോതില്‍ വര്‍ധിപ്പിച്ചു. ദേശീയ സുരക്ഷാ ഏജന്‍സിയുടെ രൂപീകരണത്തിന് കാരണമായതും മുംബൈ ഭീകരാക്രമണമായിരുന്നു.