CrimeNEWS

സിദ്ദിഖിന് ഒളിസ്ഥലം ഒരുക്കുന്നത് പ്രമുഖ അഭിഭാഷകന്റെ അസ്മാദികള്‍; കൊച്ചിയിലെ ആറിടങ്ങളില്‍ മാറി മാറിയെത്തി

തിരുവനന്തപുരം: സുപ്രീംകോടതിയില്‍ നടന്‍ സിദ്ദിഖിനെതിരെ കേസ് നടത്തുന്നതിന് അന്വേഷണസംഘത്തിലെ രണ്ട് എസ്പിമാരെ ഡല്‍ഹിക്ക് അയയ്ക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുന്നോടിയായി നിയമ സംഘത്തിന് കാര്യങ്ങള്‍ വിശദീകരിക്കുന്നതിനാണ് എസ്പിമാര്‍ പോകുന്നത്. സര്‍ക്കാരിന് വേണ്ടി നിഷെ രാജന്‍ ശങ്കര്‍ ആണ് സുപ്രീംകോടതിയില്‍ ഹാജരാകുന്നത്. മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറിന്റെ നിയമോപദേശവും സര്‍ക്കാര്‍ തേടിയിട്ടുണ്ട്.

തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ കോടതി ജാമ്യാപേക്ഷ പരിഗണിച്ചേക്കും. വിധി പ്രതികൂലമായാല്‍ ഉടന്‍ തന്നെ കീഴടങ്ങുമെന്നാണ് അഭിഭാഷകര്‍ മുഖേന നടന്‍ പൊലീസിനെ അറിയിച്ചിട്ടുള്ളതെന്നാണു വിവരം. സിദ്ദിഖിന്റെ ഫോണ്‍ നമ്പര്‍ നിലവില്‍ സ്വിച്ച്ഡ് ഓഫ് ആണ്.

Signature-ad

കൊച്ചിയില്‍ പ്രമുഖ അഭിഭാഷകനുമായി ബന്ധപ്പെട്ട ചിലരാണ് സിദ്ദിഖിന് ഒളിസ്ഥലം ഒരുക്കുന്നതെന്നാണ് പൊലീസ് കണ്ടെത്തല്‍. നഗരത്തില്‍ തന്നെ ആറിടങ്ങളില്‍ സിദ്ദിഖ് രണ്ടു ദിവസമായി മാറി മാറിയെത്തി എന്ന വിവരവും പൊലീസിനുണ്ട്. സുപ്രീംകോടതി കേസ് പരിഗണിക്കുന്നതുവരെ സിദ്ദിഖിനെ അറസ്റ്റ് ചെയ്യേണ്ട എന്ന ഉന്നതല നിര്‍ദേശത്തെ തുടര്‍ന്ന് പൊലീസ് കണ്ണടയ്ക്കുകയാണ് എന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

സിദ്ദിഖിനെ തിരഞ്ഞുള്ള ലുക് ഔട്ട് നോട്ടിസ് മറ്റു സംസ്ഥാനങ്ങളിലെ മാധ്യമങ്ങളിലും പൊലീസ് നല്‍കിയിട്ടുണ്ട്. സിദ്ദിഖ് കേരളം വിട്ടുവെന്ന സംശയത്തെ തുടര്‍ന്നായിരുന്നു ഇത്. നടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിച്ച ശേഷം മാത്രം അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍ നടപടികളിലേക്കു പൊലീസ് കടക്കാനാണു സാധ്യത.

Back to top button
error: