CrimeNEWS

അപകടത്തില്‍ മരിച്ച യുവാവിന്റെ മൊബൈല്‍ഫോണ്‍ ആംബുലന്‍സില്‍നിന്ന് കവര്‍ന്നു, ഒരാള്‍ പിടിയില്‍

തിരുവനന്തപുരം: ബൈക്കപകടത്തില്‍ മരിച്ച യുവാവിന്റെ മൊബൈല്‍ഫോണ്‍ ആംബുലന്‍സില്‍ വച്ച് കവര്‍ന്നു. കഴിഞ്ഞമാസം 17 ന് വെള്ളറട ആറാട്ടുകുഴിക്കു സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ബൈക്ക് യാത്രികരില്‍ ഒരാളായ വെള്ളറട ശ്രീനിലയത്തില്‍ സുധീഷിന്റെ ഫോണാണ് മോഷ്ടിച്ചത്. യുവാവിന്റെ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്നുള്ള അന്വേഷണത്തില്‍ വില്പന നടത്തിയ ഫോണ്‍ മൊബൈല്‍ കടയില്‍നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

പുലിയൂര്‍ശാലയിലെ മൊബൈല്‍ഫോണ്‍ കടയില്‍നിന്നാണ് ഫോണ്‍ കണ്ടെത്തിയത്. കണ്ടാലറിയാവുന്ന രണ്ട് യുവാക്കളാണ് ഫോണ്‍ വിറ്റതെന്നാണ് കടയുടമ പൊലീസിനോട് പറഞ്ഞത്. യുവാക്കളില്‍ ഒരാളെ കഴിഞ്ഞദിവസം നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

Signature-ad

അപകടത്തില്‍ സുധീഷും കൂടെയുണ്ടായിരുന്ന കോട്ടയാംവിള ലാവണ്യ ഭവനില്‍ അനന്തുവുമാണ് മരിച്ചത്.അപകടസ്ഥലത്തുനിന്ന് രണ്ടുപേരെയും രണ്ട് ആംബുലന്‍സുകളിലാണ് ആശുപത്രിയില്‍ എത്തിച്ചത്. സുധീഷിനെ കൊണ്ടുപോയ ആംബുലന്‍സില്‍ സഹായിയായി കയറിയ യുവാവാണ് മോഷണം നടത്തിയതെന്നാണ് സുധീഷിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നത്. ഫോണ്‍ തിരിച്ചുകിട്ടാത്തതിനെത്തുടര്‍ന്നാണ് ബന്ധുക്കള്‍ വെള്ളറട പൊലീസില്‍ പരാതി നല്‍കിയത്.

2021ല്‍ ആത്മഹത്യ ചെയ്ത യുവാവിന്റെ മൊബൈല്‍ ഫോണ്‍ മോഷണം പോയ സംഭവത്തില്‍ എസ്‌ഐ: നടപടി നേരിട്ടിരുന്നു. കൊല്ലം ചാത്തന്നൂര്‍ പൊലീസ് സ്റ്റേഷനിലെ എസ് ഐ ആയിരുന്ന ജ്യോതി സുധാകറിനെതിരെയാണ് നടപടിയുണ്ടായത്. ജ്യോതി സുധാകര്‍ മംഗലപുരം സ്റ്റേഷനില്‍ എസ്‌ഐ ആയിരിക്കെ, ട്രെയിന്‍ തട്ടി മരിച്ചയാളുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് കണ്ടെത്തിയതോടെയാണ് സസ്പെന്‍ഡ് ചെയ്തത്. പെരുമാതുറ സ്വദേശിയായ യുവാവിനെയാണ് കണിയാപുരം റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നായിരുന്നു പൊലീസിന്റെ നിഗമനം.

ജ്യോതി സുധാകറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്ന് ഇന്‍ക്വസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇതിനിടയിലാണ് ഫോണ്‍ മോഷ്ടിച്ചത്. യുവാവിന്റെ ഫോണ്‍ കാണാനില്ലെന്നും, മരണത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപിച്ച് കുടുംബം രംഗത്തെത്തിയതോടെയാണ് കള്ളി വെളിച്ചത്തായത്.തുടര്‍ന്ന് സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് കാണാതായ മൊബൈല്‍ ഫോണ്‍ എസ് ഐ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: