KeralaNEWS

കാസർകോട് കോടികളുടെ മാരക ലഹരി മരുന്നുകൾ പിടികൂടി: വൻ സ്രാവുകൾ കുടുങ്ങും, സ്വത്തുക്കള്‍ കണ്ടുകെട്ടും

മണി ചെയിനില്‍ പണം നഷ്ടപ്പെട്ട യുവാവ് ലഹരി കച്ചടത്തിനിറങ്ങി എന്ന് സൂചന

   കാസര്‍കോട്: വീട്ടില്‍ സൂക്ഷിച്ച എം.ഡി.എം.എയും കൊക്കെയിനും ഉള്‍പ്പെടെ ഒരു കോടിയിലേറെ രൂപയുടെ ലഹരി ഉല്‍പന്നങ്ങളുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പള പത്വാടിയിലെ അസ്‌ക്കര്‍ അലി(26)യാണ് അറസ്റ്റിലായത്. കാസര്‍കോട് ജില്ലയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണത്രേ ഇത്. മയക്കുമരുന്ന് കണ്ടെത്തിയ വീട് കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളെക്കുറിച്ച് ആലോചിച്ച് വരികയാണെന്നും പ്രതിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് കഴിഞ്ഞു എന്നും  ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ പറഞ്ഞു.

പത്വാടി കൊണ്ടക്കൂരിലെ ഇരുനില വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് അലമാരയിലും മറ്റുമായി സൂക്ഷിച്ചിരുന്ന 3.5 കിലോ ഗ്രാം എം.ഡി.എം.എ, 96 ഗ്രാം കൊക്കെയിന്‍, 642 ഗ്രാം ഗ്രീന്‍ കഞ്ചാവ്, 30 മയക്കു ഗുളികകള്‍ എന്നിവയാണ് പിടിച്ചത്. എം.ഡി.എം.എ ഇത്രയധികം പിടികൂടുന്നത് സംസ്ഥാനത്ത് തന്നെ ആദ്യമാണെന്നും ബംഗളൂരുവില്‍ നിന്നും മറ്റും വന്‍ തോതില്‍ മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിൻ്റെ മുഖ്യ കണ്ണിയാണ് അസ്‌ക്കര്‍ അലിയെന്നും പൊലീസ് പറഞ്ഞു.

Signature-ad

പിടികൂടിയ മയക്കുമരുന്നിന് അന്താരാഷ്ട്ര വിപണിയില്‍ മൂന്നര കോടി വില വരുമത്രേ. പക്ഷേ ഒരു കോടിയിലധികം രൂപയുടെ സാധനങ്ങളാണ് പിടിച്ചെടുത്തത് എന്നാണ് പൊലീസ് ഭാഷ്യം.

അസ്‌ക്കര്‍ അലിക്ക്  മയക്കുമരുന്നുകള്‍ വാങ്ങാന്‍ കോടിക്കണക്കിന് രൂപ എവിടെ നിന്ന് കിട്ടിയെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുന്നു. പിന്നില്‍ പ്രമുഖരാണെന്ന സംശയം ബലപ്പെടുന്നു. അസ്‌ക്കറില്‍ നിന്ന് മയക്കുമരുന്നുകള്‍ ഓണ്‍ലൈനില്‍ വാങ്ങിയവരും കുടുങ്ങും. അസ്‌ക്കര്‍ അലിയുടെ മുൻകാല ചരിത്രവും അടുത്ത സുഹൃത്തുക്കളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഷ്കർ അലിയുടേത് സാമ്പത്തിക ഭദ്രതയുള്ള കുടുംബമാണ്. ഒരു വര്‍ഷം മുന്‍പ് നാട്ടിലെ ഏതാനും യുവാക്കള്‍ ചേര്‍ന്ന് മണിചെയിന്‍ ഗ്രൂപ്പില്‍ ചേര്‍ന്നിരുന്നു. അഷ്കർ അലിയും ഇതിൽ അംഗമായിരുന്നു. പലര്‍ക്കും മണിചെയിന്‍ തട്ടിപ്പില്‍ 10 മുതല്‍ 15 ലക്ഷം രൂപവരെ പണം നഷ്ടപ്പെട്ടിരുന്നു. ഇത്തരത്തില്‍ അഷ്കർ  അലിക്കും പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഇതിന്റെ പേരിലാണ് യുവാവ് മയക്കുമരുന്ന് സംഘവുമായി ബന്ധപ്പെടാന്‍ ഇടയാക്കിയതെന്നും പറയപ്പെടുന്നു.

അഷ്കർ അലിയുടെ പിതാവ് ലണ്ടനിലെ ഒരു കംപനിയില്‍ ജോലിക്കാരനായിരുന്നു. കുറച്ചുനാൾ മുന്‍പ് അസുഖത്തെ തുടര്‍ന്ന് അദ്ദേഹം നാട്ടിലേക്ക് വന്നു. അന്ന് പിതാവിന് പകരം അഷ്കർ അലി ജോലിക്കായി ലണ്ടനിലേക്ക് പോകാൻ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ ഇളയ സഹോദരനെയാണ് അവിടേക്ക് അയച്ചത്.

ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ള യുവാവിന് കാര്യമായ ജോലിയൊന്നും ഇല്ല. അഷ്കർ അലി മയക്കുമരുന്ന് സംഘത്തിന്റെ ഇടനിലക്കാരൻ മാത്രമാണെന്നും വമ്പന്‍ സ്രാവുകള്‍ പിന്നിലുണ്ടെന്നുമാണ് പൊലീസിന്‍റെ സംശയം.

ആഗസ്ത് 30 ന് മേല്‍പറമ്പില്‍ കൈനോത്ത് റോഡില്‍വെച്ച് 49.33 ഗ്രാം എംഡിഎംഎയുമായി അബ്ദുള്‍ റഹീം എന്ന ബി.ഇ രവിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ബാങ്ക് അകൗണ്ട് വിവരങ്ങള്‍ പിന്‍തുടര്‍ന്ന് മേല്‍പറമ്പ് ഇന്‍സ്‌പെക്ടര്‍ എ സന്തോഷ് കുമാര്‍ നടത്തിയ അന്വേഷണമാണ് വന്‍ മയക്കുമരുന്ന് വേട്ടയിലേക്ക്  എത്തിയത്.

Back to top button
error: