CrimeNEWS

സ്വയം ഷാേക്കടിപ്പിച്ച് ഐടി ജീവനക്കാരന്‍ ജീവനൊടുക്കി; ജോലി സമ്മര്‍ദ്ദമെന്ന് പരാതി

ചെന്നൈ: അക്കൗണ്ടിംഗ് സ്ഥാപനമായ ഏണസ്റ്റ് ആന്‍ഡ് യംഗിലെ ജോലി സമ്മര്‍ദ്ദം താങ്ങാനാകാതെ മലയാളിയായ 26കാരി അന്ന സെബാസ്റ്റ്യന്‍ കുഴഞ്ഞുവീണു മരിച്ച സംഭവത്തിന്റെ ഞെട്ടല്‍ മാറുംമുമ്പ് ഏറെക്കുറെ സമാനമായ മറ്റൊരു സംഭവംകൂടി. ചെന്നൈയില്‍

ഐടി ജീവനക്കാരനായ കാര്‍ത്തികേയന്‍ എന്ന മുപ്പത്തെട്ടുക്കാരന്‍ സ്വയം ഷോക്കടിപ്പിച്ച് ജീവനൊടുക്കുകയായിരുന്നു. ശരീരത്തില്‍ ഇലക്ട്രിക് വയര്‍ ഘടിപ്പിച്ച് സ്വയം ഷോക്കേല്‍പ്പിച്ചാണ് ആത്മഹത്യചെയ്തത്. തേനി സ്വദേശിയാണ് കാര്‍ത്തികേയന്‍. ഭാര്യയും രണ്ടു മക്കളുമുണ്ട്. ജീവനൊടുക്കിയതിന് പിന്നില്‍ ജോലി സമ്മര്‍ദ്ദമാണെന്നാണ് ബന്ധുക്കളുടെ ആരോപണം.

Signature-ad

ജോലി സ്ഥലത്തുനിന്ന് കടുത്ത സമ്മര്‍ദ്ദം നേരിടുന്നതായി കാര്‍ത്തികേയന്‍ പരാതിപ്പെട്ടിരുന്നെന്നും വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നെന്നും പൊലീസ് പറഞ്ഞു. ജോലി ചെയ്തിരുന്ന പല്ലാവരത്തെ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുമെന്നു പൊലീസ് അറിയിച്ചു.

അന്ന സെബാസ്റ്റ്യന്‍ ജോലി സമ്മര്‍ദ്ദം താങ്ങാനാകാതെ രണ്ടു മാസം മുമ്പ് കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.ഹൃദയസ്തംഭനമായിരുന്നു അന്നയുടെ മരണകാരണം. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ എക്‌സിലൂടെ നല്‍കിയ പരാതിയിലാണ് കേന്ദ്ര തൊഴില്‍ സഹമന്ത്രി ശോഭ കരന്തലജെ അന്വേഷണം പ്രഖ്യാപിച്ചത്.

അന്നയുടെ മാതാവ് കമ്പനിക്കയച്ച പരാതി ദേശീയ മാദ്ധ്യമങ്ങളിലൂടെ കഴിഞ്ഞദിവസം പുറത്തുവന്നതോടെയാണ് പ്രശ്‌നം സമൂഹശ്രദ്ധ നേടിയത്. എറണാകുളം കങ്ങരപ്പടി പേരയില്‍ സിബി ജോസഫിന്റെയും അനിത അഗസ്റ്റിന്റെയും മകളാണ് ഉന്നതനിലയില്‍ പരീക്ഷകള്‍ ജയിച്ച അന്ന. ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി പാസായതോടെ നാലുമാസം മുമ്പാണ് ജോലിയില്‍ പ്രവേശിച്ചത്. ആദ്യ ജോലിയുടെ ആവേശവുമായി മാര്‍ച്ച് 19ന് പൂനെയിലെ ഇ.വൈ ഓഫീസിലെത്തി. ജൂലായ് 20ന് അവിടെ ഹോസ്റ്റലിലായിരുന്നു അന്ത്യം. അരുണ്‍ അഗസ്റ്റിനാണ് സഹോദരന്‍.

ഉറങ്ങാന്‍പോലും സമയം കിട്ടാത്ത ജോലി. അനാരോഗ്യകരമായ തൊഴില്‍മത്സരം. അതാണ് അന്നയെ തളര്‍ത്തിയതെന്നും സംസ്‌കാര ചടങ്ങില്‍ പോലും കമ്പനിയില്‍ നിന്നാരും പങ്കെടുത്തില്ലെന്നും സൂചിപ്പിച്ച് മാതാവ് ഇ.വൈ ഇന്ത്യ ചെയര്‍മാന്‍ രാജീവ് മേമാനിക്കയച്ച കത്ത് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലും രാജ്യമെങ്ങും ചര്‍ച്ചയുമായി.

 

Back to top button
error: