തിരുവനന്തപുരം: എന്‍സിപിയിലെ മന്ത്രിസ്ഥാനം സംബന്ധിച്ച തര്‍ക്കത്തില്‍ പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ നിലപാട് ഇന്ന് ഉണ്ടായേക്കും. മന്ത്രി എ. കെ. ശശീന്ദ്രന്‍, കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസ് എന്നിവര്‍ എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാറുമായി ഇന്ന് മുംബൈയില്‍ കൂടിക്കാഴ്ച നടത്തും. ഇതിനു ശേഷം വിഷയത്തില്‍ തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന.
രണ്ടര വര്‍ഷം കഴിയുമ്പോള്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞു തരാം എന്ന ധാരണ എ. കെ ശശീന്ദ്രന്‍ അംഗീകരിച്ചില്ല എന്നതാണ് തോമസ് കെ. തോമസിന്റെ പരാതി. എന്നാല്‍ അങ്ങനെയൊരു ധാരണ പാര്‍ട്ടിയില്‍ ഇല്ലെന്നാണ് എ. കെ ശശീന്ദ്രന്റെ വാദം. മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കിയാല്‍ എംഎല്‍എ സ്ഥാനവും രാജിവെക്കുമെന്നായിരിന്നു ശശീന്ദ്രന്റെ നേരത്തേയുള്ള നിലപാട്.
കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടാല്‍ മന്ത്രിസ്ഥാനം രാജിവെക്കാമെന്നും പകരം പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനം നല്‍കണമെന്നുമുള്ള ആവശ്യം എ. കെ ശശീന്ദ്രന്‍ ഇന്ന് ശരത് പവാറിനു മുന്നില്‍ വെച്ചേക്കും. ഇതും കൂടി പരിഗണിച്ച ശേഷമായിരിക്കും ശരത് പവാര്‍ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുക.