ആലപ്പുഴ: അരൂര്‍-തുറവൂര്‍ ദേശീയ പാതയില്‍ ഗതാഗത നിയന്ത്രണം. ദേശീയപാത 66 അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മാണത്തെ തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ എത്ര ദിവസത്തേക്കാണ് നിയന്ത്രണമെന്നതില്‍ ഇതുവരെ അറിയിപ്പുകള്‍ ലഭിച്ചിട്ടില്ല. അരൂര്‍ അമ്പലത്തിന് വടക്കോട്ട് അരൂര്‍ പള്ളി വരെയുള്ള റോഡില്‍ കൊരുപ്പു കട്ട പാകുന്നതിനാലാണ് നിയന്ത്രണം.
കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നിയന്ത്രണം ബാധകമല്ല. ഭാരവാഹനങ്ങള്‍ എറണാകുളം ഭാ?ഗത്ത് നിന്നോ ആലപ്പുഴ ഭാഗത്ത് നിന്നോ അരൂരിലേക്ക് കടത്തിവിടില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
അരൂര്‍ ഭാഗത്തേക്ക് വരുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- എറണാകുളത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുന്നവര്‍ കുണ്ടന്നൂര്‍ ജങ്ഷനില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് തൃപ്പൂണിത്തുറ, പുതിയകാവ്, ഉദയംപേരൂര്‍, വൈക്കം, തണ്ണീര്‍മുക്കം വഴി പോകണമെന്ന് അറിയിച്ചുണ്ട്. അല്ലെങ്കില്‍ വലത്തേക്ക് തിരിഞ്ഞ് തേവരപ്പാലം കടന്ന് ബീച്ച് റോഡ്-പള്ളിത്തോട്, ചെല്ലാനം വഴി തീരദേശ റോഡിലൂടെ പോകണം.
- തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഭാഗത്ത് നിന്ന് തൃശൂര്‍ ഭാഗത്തേക്ക് പോകുന്നവര്‍ എംസി റോഡിലൂടെയോ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിലൂടെയോ പോകണം.
- അരൂക്കുറ്റി ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്നവര്‍ അരൂര്‍ ക്ഷേത്രം ജങ്ഷനില്‍ നിന്ന് ഫ്രീ ലെഫ്റ്റ് എടുത്ത് 300 മീറ്റര്‍ മുന്നിലേക്ക് പോയ ശേഷം യൂ ടേണ്‍ എടുത്തു പോകണം.