KeralaNEWS

മലപ്പുറത്ത് കര്‍ശന നിയന്ത്രണം; എംപോക്‌സ് വൈറസിന്റെ വകഭേദം ഇന്നറിയാം

മലപ്പുറം: എം പോക്‌സും നിപയും സ്ഥിരീകരിച്ച സാഹചര്യത്തില്‍ മലപ്പുറത്ത് കര്‍ശന നിയന്ത്രണം തുടരുന്നു. രോഗവ്യാപനം തടയാനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്. പരിശോധനയ്ക്കയച്ച സാമ്പിളുകള്‍ നെഗറ്റീവ് ആകുന്നത് ആശ്വാസകരമാണ്.

അതേസമയം, ദുബായില്‍ നിന്നെത്തിയ എടവണ്ണ ചാത്തല്ലൂര്‍ സ്വദേശിയായ 38കാരന് ബാധിച്ച എംപോക്‌സ് വൈറസിന്റെ വകഭേദം തിരിച്ചറിയുന്ന പരിശോധനാ ഫലം ഇന്ന് വരും. തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാന്‍സ്ഡ് വൈറോളജിയിലാണ് ഇതിനുള്ള ജീനോമിക് സ്വീക്വന്‍സിംഗ് പരിശോധന നടക്കുന്നത്.

Signature-ad

എംപോക്‌സ് വൈറസിന്റെ 2 ബി വകഭേദത്തിന് വ്യാപനശേഷി കുറവാണ്. എന്നാല്‍ ആഫ്രിക്കയില്‍ കണ്ടെത്തിയ 1 ബി വൈറസ് വകഭേദത്തിന് വ്യാപനശേഷി കൂടുതലാണ്. വൈറസിന്റെ വകഭേദം കണ്ടെത്തിയാല്‍ വ്യാപനശേഷി മനസിലാക്കി ആവശ്യമെങ്കില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

എംപോക്‌സ് ബാധിതന്റെ സമ്പര്‍ക്ക പട്ടികയിലുള്ള 23 പേരോട് സ്വയം നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ദുബായില്‍ യുവാവിന്റെ സഹതാമസക്കാരായ ആറ് മലയാളികളില്‍ ഒരാള്‍ക്ക് പനിയും എംപോക്‌സ് ലക്ഷണങ്ങളും ഉണ്ടായിരുന്നെന്ന രീതിയില്‍ റിപ്പോര്‍ട്ടുകളുണ്ട്. ഇതുവഴിയാകാം യുവാവിന് രോഗം ബാധിച്ചതെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.

ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇതുവരെ 37 പേരുടെ പരിശോധനാ ഫലം നെഗറ്റീവായിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: