തൃശൂര്‍: പൂരത്തിന്റെ അവസാന ചടങ്ങുകള്‍ അലങ്കോലമായതു സംബന്ധിച്ച വിവാദം, വീണ്ടും മുറുകുമ്പോഴും എഡിജിപി എം.ആര്‍.അജിത് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. തിരഞ്ഞെടുപ്പു പ്രചാരണകാലത്തു നടന്ന പൂരം അലങ്കോലമാകാനിടയായ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അജിത്കുമാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും കമ്മിഷണര്‍ അങ്കിത് അശോകനെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു. എന്നാല്‍, കമ്മിഷണറെ ഉപയോഗിച്ചു പൂരം കലക്കാന്‍ ശ്രമിച്ചത് എഡിജിപി തന്നെയായിരുന്നെന്നു പി.വി.അന്‍വര്‍ എംഎല്‍എ കഴിഞ്ഞ ദിവസം ആരോപിച്ചതോടെ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം എന്തായിരുന്നുവെന്ന ചര്‍ച്ച സജീവമായി.
പൂരവുമായി ബന്ധപ്പെട്ട ഡ്യൂട്ടികളിലുണ്ടായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കോ ഭരണമുന്നണി നേതാക്കള്‍ക്കോ പോലും റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തെക്കുറിച്ചു വ്യക്തതയില്ല. പൂരച്ചടങ്ങുകളില്‍ ഇടങ്കോലിടുകയും പൂരപ്രേമികള്‍ക്കു നേരെ ലാത്തിവീശുകയും എഴുന്നള്ളിപ്പു തടസ്സപ്പെടുത്തുകയും ചെയ്തതടക്കം അസാധാരണ പ്രകോപനങ്ങളുടെ പരമ്പരയാണു തൃശൂര്‍ പൂരത്തിനിടെ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായത്.
സുരക്ഷാ നിര്‍ദേശങ്ങളുടെ പേരില്‍ കമ്മിഷണര്‍ നല്‍കുന്ന ഉത്തരവുകളുടെ പ്രായോഗികത കീഴുദ്യോഗസ്ഥരില്‍ ചിലര്‍ അന്നുതന്നെ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും പരിഗണിച്ചില്ല. കമ്മിഷണറെ മറയാക്കി പൂരം കലക്കാന്‍ ആസൂത്രിത നീക്കമുണ്ടെന്നു ദേവസ്വങ്ങളും പൂരപ്രേമികളും അന്നേ ചൂണ്ടിക്കാട്ടിയിരുന്നു. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആര്‍.അജിത് കുമാറിനെയാണു മുഖ്യമന്ത്രി അന്വേഷണച്ചുമതല ഏല്‍പിച്ചത്.
ഒരാഴ്ചയ്ക്കകം അജിത് കുമാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നീങ്ങിയിട്ടും കമ്മിഷണര്‍ തുടര്‍ന്നതോടെ വീണ്ടും എതിര്‍പ്പുകളുയര്‍ന്നു. ഇതിനു ശേഷമാണു സ്ഥലംമാറ്റ ഉത്തരവെത്തിയത്. എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടണമെന്നു സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും തൃശൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായിരുന്ന വി.എസ്.സുനില്‍കുമാര്‍ ആവശ്യപ്പെട്ടു.