KeralaNEWS

പി.വി. അന്‍വര്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും; രേഖകള്‍ സഹിതം പരാതിനല്‍കും

തിരുവനന്തപുരം: താന്‍ ഉന്നയിച്ച ആരോപണങ്ങളിലും പുറത്തുവിട്ട തെളിവുകളിലും സത്യസന്ധവും വിശദവുമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഇടത് എംഎല്‍എ പി.വി. അന്‍വര്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടേക്കും. ഉച്ചയ്ക്ക് 12 മണിയോടെയാണ് മുഖ്യമന്ത്രി അന്‍വറിന് സമയം അനുവദിച്ചിരിക്കുന്നത്.

തിങ്കളാഴ്ചതന്നെ അന്‍വര്‍ തിരുവനന്തപുരത്ത് എത്തിയിരുന്നു. രേഖകള്‍ സഹിതം അദ്ദേഹം മുഖ്യമന്ത്രിക്ക് പരാതിനല്‍കും. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ അടക്കം ആഭ്യന്തര വകുപ്പിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിച്ചിരുന്നത്.

Signature-ad

അന്‍വറിന്റെ ഗുരുതര ആരോപണങ്ങളില്‍ എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍ ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ മുഖ്യമന്ത്രി തിങ്കളാഴ്ച അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

ആരോപണവിധേയനായ എ.ഡി.ജി.പിയെ മാറ്റിനിര്‍ത്തിയുള്ള അന്വേഷണമുണ്ടാകുമെന്ന സൂചനയാണുണ്ടായിരുന്നതെങ്കിലും അന്വേഷണത്തിന് ഡി.ജി.പിയുടെ നേതൃത്വത്തില്‍ ഉന്നതസംഘത്തെ മാത്രമാണ് തിങ്കളാഴ്ച രാത്രി പ്രഖ്യാപിച്ചത്. അതേസമയം, ആരോപണവിധേയനായ പത്തനംതിട്ട എസ്.പി. എസ്. സുജിത് ദാസിനെ മാറ്റുകയും ചെയ്തിരുന്നു.

എന്നാല്‍, എ.ഡി.ജി.പിയെ മാറ്റിനിര്‍ത്തിയുള്ള അന്വേഷണമാണ് അന്‍വറിന്റെ ആവശ്യം. സത്യസന്ധരും മിടുക്കരുമായ ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ കേരള പോലീസിലുണ്ട്. അവരുള്‍പ്പെടുന്ന പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്നാണ് അന്‍വര്‍ ഉന്നയിക്കുന്ന ആവശ്യം. വിരമിച്ച ജഡ്ജിയെ നിരീക്ഷണത്തിനായി ചുമതലപ്പെടുത്തണമെന്നും ആവശ്യപ്പെടുമെന്ന് അന്‍വര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സത്യസന്ധമായി അന്വേഷിച്ചാല്‍ പല ദുരൂഹമരണങ്ങളുടെയും രഹസ്യമഴിയുമെന്നും അദ്ദേഹം പറയുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: