CrimeNEWS

ഭയം മൂലം വരാന്തയിലെ സോഫയില്‍ കിടന്നുറങ്ങി, കാരവന്‍ ഡ്രൈവറും വില്ലന്‍; ദുരനുഭവം തുറന്നുപറഞ്ഞ് നടിമാര്‍

തിരുവനന്തപുരം: ചലച്ചിത്ര മേഖലയിലെ ഉന്നതരില്‍ നിന്നുപോലും ലൈംഗിക ചൂഷണം നേരിട്ടതായി നിരവധി വനിതകളാണ് ജസ്റ്റിസ് ഹേമ കമ്മീഷന്‍ മുന്‍പാകെ മൊഴി നല്‍കിയത്. ചലച്ചിത്രമേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് കെ ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ സിനിമാമേഖലയില്‍ നടിമാരും ജൂനിയര്‍ ആര്‍ടിസ്റ്റുമാരും നേരിട്ട ദുരനുഭവങ്ങളാണ് വിവരിക്കുന്നത്. സിനിമാ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മികച്ച താമസസൗകര്യം നല്‍കാമെന്ന വാഗ്ദാനത്തില്‍ വിശ്വസിച്ച് എത്തിയ ഒരു നടി ഭയം മൂലം കെട്ടിടത്തിന്റെ വരാന്തയിലെ സോഫയില്‍ കിടന്നുറങ്ങിയ ദുരനുഭവവും ഇതില്‍ വിശദീകരിച്ചിട്ടുണ്ട്.

‘മികച്ച താമസസൗകര്യം നല്‍കുമെന്നായിരുന്നു വാഗ്ദാനമെങ്കിലും അപരിചിതര്‍ തിങ്ങിപ്പാര്‍ക്കുന്ന വീട്ടിലാണു താമസം നല്‍കിയത്. പരാതിപ്പെട്ടപ്പോള്‍ ലോഡ്ജിലേക്കു മാറ്റാമെന്നു പറഞ്ഞെങ്കിലും അവിടം തീരെ സുരക്ഷിതമല്ലായിരുന്നു. ഒടുവില്‍ പഴയ വീട്ടില്‍ തന്നെ തുടരേണ്ടിവന്നു. ഭയം മൂലം അകത്തു കിടക്കാതെ ഒരു ദിവസം വരാന്തയിലെ സോഫയിലാണു കിടന്നുറങ്ങിയത്.’- ഹേമ കമ്മിറ്റിക്ക് മുന്‍പാകെ നടി നല്‍കിയ മൊഴിയില്‍ വിവരിക്കുന്നു.

Signature-ad

ലൊക്കേഷനുകളില്‍ എത്തുന്ന ക്രിമിനലുകളെക്കുറിച്ചാണ് മറ്റൊരു നടി വെളിപ്പെടുത്തിയത്. താമസിക്കാന്‍ കിട്ടിയതു മോശം ഹോട്ടലാണ്. സിസിടിവി ഉള്‍പ്പെടെ സുരക്ഷിതമായ ഒരു സംവിധാനവുമുണ്ടായിരുന്നില്ല. ഇരുട്ടു നിറഞ്ഞ ഇടനാഴികള്‍. പുലര്‍ച്ചെ എന്തോ ശബ്ദം കേട്ടു കണ്ണു തുറന്നപ്പോള്‍ കട്ടിലിനു ചുവട്ടില്‍ ഒരാള്‍ കിടക്കുന്നതാണ് കണ്ടത്. അലറിക്കരഞ്ഞു വാതില്‍ തുറന്നു പുറത്തേക്കോടി. സഹപ്രവര്‍ത്തകയുടെ മുറിയില്‍ അഭയം തേടി. പൊലീസില്‍ പരാതി കൊടുത്തെങ്കിലും കാര്യമുണ്ടായില്ല. പരാതി നല്‍കിയാല്‍ സിനിമയെ ബാധിക്കുമെന്ന് നിര്‍മാതാവ് പറഞ്ഞു. മുറിയില്‍ കയറിയതു കാരവന്‍ ഡ്രൈവറായിരുന്നെന്നു പിന്നീടു മനസ്സിലായി. ക്രിമിനല്‍ പശ്ചാത്തലം നോക്കാതെ ആളുകളെ സിനിമയുടെ ഭാഗമാക്കുന്നതാണ് ഇത്തരം അനുഭവങ്ങള്‍ക്കു പിന്നിലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: