‘കുലം കുത്തികളെ കാലം വർഗ വഞ്ചകൻ എന്ന് വിളിക്കും’ : ജി. സുധാകരനെതിരെ സിപിഎം പ്രതിഷേധം; വീടിന് പോലീസ് കാവൽ

ആലപ്പുഴ∙ സിപിഎം വിട്ട് അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജി.സുധാകരനെതിരെ പ്രതിഷേധ സ്വരവുമായി സിപിഎം. സുധാകരന്‍റെ വീടിനു സമീപം പ്രതിഷേധ ബാനറും സ്ഥാപിച്ചു. ‘കുലം കുത്തികളെ കാലം വർഗ വഞ്ചകൻ’ എന്ന് വിളിക്കും എന്നാണ് ബാനറിലുള്ളത്. ഭഗവതിക്കൽ സഖാക്കള്‍ എന്ന പേരിലാണ് ബാനര്‍ സ്ഥാപിച്ചിരിക്കുന്നത്. സൈബർ ഇടങ്ങളിലും സുധാകരനെതിരെ രൂക്ഷ വിമർശനം ഉയരുന്നുണ്ട്. പ്രതിഷേധം കണക്കിലെടുത്ത് ജി.സുധാകരന്‍റെ വീടിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. പുന്നപ്ര പൊലീസിനാണ് സുരക്ഷാ ചുമതല.
അമ്പലപ്പുഴയിൽ മത്സരിക്കുമെന്ന് ജി.സുധാകരൻ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം അദ്ദേഹത്തിന്റെ പറവൂർ കിഴക്ക് നവനീതം വീടിന്റെ സമീപത്തെ വീടിന്റെ മതിലിൽ ഉൾപ്പെടെ സുധാകരനെതിരെ പോസ്റ്റർ പതിച്ചു. ‘രക്ത സാക്ഷികൾ സിന്ദാബാദ്, വർഗവഞ്ചകനു മാപ്പില്ല, വോട്ടില്ല, സിപിഎം’ എന്നാണ് പോസ്റ്ററിലെ വരികൾ. സിപിഎം ഏരിയ കമ്മിറ്റി ഓഫിസിന്റെ ചുമരിലും പുന്നപ്രയിലെ വിവിധ പ്രദേശങ്ങളിലും വി.എസ്.അച്യുതാനന്ദന്റെ വേലിക്കകത്ത് വീടിനു പരിസരത്തെ വീടുകളുടെ മതിലിലും പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്.






