KeralaNEWS

മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നീറ്റ് – പിജി പരീക്ഷകള്‍ കേരളത്തില്‍ എഴുതാം; ഉറപ്പ് ലഭിച്ചെന്ന് രാജീവ് ചന്ദ്രശേഖര്‍, നന്ദി അറിയിച്ച് സുരേന്ദ്രന്‍

ന്യൂഡല്‍ഹി: മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നീറ്റ് – പിജി പരീക്ഷയുടെ കേന്ദ്രങ്ങള്‍ അനുവദിച്ചത് ദൂരെയുളള സ്ഥലങ്ങളിലാണെന്ന പരാതിയില്‍ പ്രതികരിച്ച് മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍. വിഷയം കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലും അവരുടെ താമസസ്ഥലത്തിന് അടുത്തും പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കുന്നത് ഉറപ്പാക്കാന്‍ നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ജെ പി നദ്ദ ഉറപ്പ് നല്‍കിയതായി രാജീവ് ചന്ദ്രശേഖര്‍ എക്‌സിലൂടെ അറിയിച്ചു.

ഓഗസ്റ്റ് അഞ്ചിനകം വിദ്യാര്‍ത്ഥികള്‍ക്ക് അറിയിപ്പ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആന്ധ്രപ്രദേശ് ഉള്‍പ്പടെയുളള സംസ്ഥാനങ്ങളിലാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതാനായി ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും പോകണം. രാജ്യത്താകമാനം രണ്ടര ലക്ഷം എംബിബിഎസ് ബിരുദധാരികളാണ് പരീക്ഷയെഴുതുന്നത്.

Signature-ad

കേരളത്തില്‍ 25,000 ത്തോളം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതാനായി തയ്യാറെടുക്കുന്നത്. അപേക്ഷാ സമയം പരീക്ഷാ കേന്ദ്രം തെരഞ്ഞെടുക്കാനുള്ള നാല് ഓപ്ഷനാണുണ്ടായിരുന്നത്. കേരളത്തിലെ മിക്ക ജില്ലകളിലും കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, അപേക്ഷിക്കുമ്പോള്‍ കേരളത്തിലെ കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കാനുള്ള സമയം സാങ്കേതിക തകരാര്‍ കാരണം മിക്കവരും ആന്ധ്രപ്രദേശ് തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പരാതി ഉന്നയിച്ചിരുന്നു.

അതേസമയം, കേരളത്തിന് നീറ്റ്- പിജി എക്‌സാം സെന്റര്‍ അനുവദിക്കാന്‍ തീരുമാനിച്ച നരേന്ദ്രമോദി സര്‍ക്കാരിന് നന്ദി അറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സംസ്ഥാനത്തെ എം. ബി. ബി. എസ് ഡോക്ടര്‍മാരുടെ നിരന്തരമായ ആവശ്യമായിരുന്നു ഇവിടെ നീറ്റ് പിജി എക്‌സാം സെന്റര്‍ വേണമെന്നത്. ഈ ആവശ്യമുന്നയിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ജെ. പി നദ്ദയ്ക്ക് ജൂലായ് 31 ന് നിവേദനം നല്‍കുകയും ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു.

ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ച് ഈ കാര്യം അനുവദിക്കാമെന്നും ഓഗസ്റ്റ് അഞ്ചാം തീയതി സെന്റര്‍ പ്രഖ്യാപിക്കുമെന്നും അറിയിച്ചു. കേരളത്തിനോട് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആരോഗ്യമന്ത്രി ജെ.പി നദ്ദയും കാണിക്കുന്ന കരുതലിന് മുഴുവന്‍ മലയാളികളുടെയും പേരില്‍ നന്ദി അറിയിക്കുന്നുവെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

 

Back to top button
error: