CrimeNEWS

കൊച്ചിയില്‍ വന്‍കവര്‍ച്ച ലക്ഷ്യമിട്ടെത്തിയ സംഘം അറസ്റ്റില്‍; പിടിയിലായവരില്‍ കുപ്രസിദ്ധ മോഷ്ടാവിന്റെ മകനും

കൊച്ചി: നഗരത്തില്‍ വന്‍കവര്‍ച്ച ലക്ഷ്യമിട്ടെത്തിയ നാലുപേരടങ്ങിയ മോഷണ സംഘം പിടിയില്‍. കുറ്റിക്കാട്ടൂര്‍ വെള്ളിപറമ്പ് കീഴ്മഠത്തില്‍ ഹൗസില്‍ മുഹമ്മദ് തായി (22), ചക്കുംകടവ് അമ്പലത്താഴം എം.പി. ഹൗസില്‍ എം.പി. ഫാസില്‍ (23), ചേളന്നൂര്‍ എട്ടേരണ്ട് ഉരുളുമല വീട്ടില്‍ ഷാഹിദ് എന്ന ഷാനു (20), ബാലുശ്ശേരി മഞ്ഞപ്പാലം തൈക്കണ്ടി വീട്ടില്‍ ഗോകുല്‍ (21) എന്നിവരെയാണ് സെന്‍ട്രല്‍ പോലീസ് പിടികൂടിയത്.

നിരവധി മോഷണ കേസുകളില്‍ പ്രതിയായ ഫസലുദ്ദീന്റെ മകനാണ് ഫാസില്‍. മുഹമ്മദ് തായിയെയും ഷാഹിദിനെയും മോഷണ മുതലുമായാണ് കൊച്ചി സിറ്റി പോലീസ് പിടികൂടിയത്. മുഹമ്മദ് തായി പതിന്നാലും ഷാഹിദ് ആറും മോഷണക്കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയപ്പോഴാണ് മറ്റ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പുലര്‍ച്ചെ 2.30-ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.

Signature-ad

കൊച്ചി പ്രോവിഡന്‍സ് റോഡിലെ ഒരു വീട്ടില്‍നിന്ന് ബൈക്ക് മോഷ്ടിക്കാന്‍ ശ്രമം നടത്തിയിരുന്നു. തുടര്‍ന്ന് അതിനടുത്തുള്ള ടര്‍ഫിന്റെ ഓഫീസില്‍ കയറി വാച്ചും സമീപത്തെ മറ്റൊരു ഓഫീസില്‍ കയറി മൊബൈല്‍ഫോണും മോഷ്ടിച്ചു.

താമരശ്ശേരി, കൊയിലാണ്ടി, വടകര എന്നിവിടങ്ങളില്‍ തുടര്‍ച്ചയായി ഭവനഭേദനം, ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് മോഷണം, ബൈക്ക് മോഷണം, സൂപ്പര്‍മാര്‍ക്കറ്റുകളില്‍ മോഷണം എന്നിവ നടത്തിയ ശേഷം സംഘം ബെംഗളൂരുവിലേക്ക് കടന്നു. ബെംഗളൂരുവിലും മോഷണം നടത്തിയ ശേഷമാണ് ഇവര്‍ കൊച്ചിയില്‍ എത്തിയതെന്ന് പോലീസ് സംശയിക്കുന്നു.

ജൂലൈയ് 12-ന് പുലര്‍ച്ചെയാണ് താമരശ്ശേരി എം.പി. ടവറിലെ ലാവണ്യ ഇ പ്ലാസ, മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസ്, ചുങ്കത്തെ സെന്‍ട്രിയല്‍ ബസാര്‍ സൂപ്പര്‍മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നിന്നും 2,14,000 ത്തിലധികം രൂപയും 11,000 രൂപ വിലയുള്ള ഒരു ടാബും 70,000 രൂപ വിലവരുന്ന അഞ്ച് മൊബൈല്‍ ഫോണുകളും 2,000 രൂപയോളം മൂല്യമുള്ള ഇലക്ട്രിക്കല്‍ ഉപകരണങ്ങളും കവര്‍ന്നത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

എറണാകുളം, വയനാട് ജില്ലകളിലും കോഴിക്കോട് ജില്ലയിലെ താമരശ്ശേരി, കൊയിലാണ്ടി സ്റ്റേഷന്‍ പരിധികളിലുമുള്‍പ്പെടെ നിരവധി മോഷണക്കേസുകളിലെ പ്രതികളാണിവര്‍.

ഇവരില്‍ നിന്ന് 11 മൊബൈല്‍ ഫോണുകളും യു.എസ്.ബി. സ്പീക്കറുകളും സ്മാര്‍ട്ട് വാച്ചുകളും പവര്‍ബാങ്കുകളും ഇലക്ട്രിക് ടോര്‍ച്ചുകളും ബ്ലൂടൂത്ത് ഇയര്‍ ബഡ്‌സുകളും ചാര്‍ജറുകളുമുള്‍പ്പെടെ നിരവധി തൊണ്ടിമുതലുകള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ തെളിവെടുപ്പിനായി അടുത്ത ദിവസം താമരശ്ശേരി പോലീസ് കസ്റ്റഡിയില്‍ വാങ്ങും.

 

Back to top button
error: