ആലപ്പുഴ: കുവൈത്തിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി അമ്മയ്‌ക്കൊപ്പം സ്ഥിരതാമസമാക്കാന്‍ തീരുമാനിച്ചിരിക്കെയാണു മാത്യുവിന്റെയും കുടുംബത്തിന്റെയും വേര്‍പാട്. നീരേറ്റുപുറത്തു പമ്പയാറിന്റെ കരയിലെ പഴയ വീട് ഒന്നര വര്‍ഷം മുന്‍പാണു പുതുക്കി നിര്‍മിച്ചത്. ആഗ്രഹിച്ചു പണിത വീട്ടില്‍ രണ്ടു മാസത്തോളം മാത്രമേ മാത്യുവിനും കുടുംബത്തിനും താമസിക്കാനായുള്ളൂ.
ഗൃഹപ്രവേശന കര്‍മം നടത്തിയ ശേഷം രണ്ടു തവണ നാട്ടിലെത്തിയെങ്കിലും അവധി കുറവായിരുന്നതിനാല്‍ വേഗം മടങ്ങേണ്ടി വന്നു. വെള്ളം കയറാതിരിക്കാന്‍ തറനിരപ്പ് ഉള്‍പ്പെടെ ഉയര്‍ത്തിയാണ് എല്ലാ സൗകര്യങ്ങളുമുള്ള വീട് നിര്‍മിച്ചത്. അമ്മ റേച്ചല്‍ തോമസിനു പ്രമേഹവും പ്രായത്തിന്റെ അവശതകളുമുണ്ട്. അമ്മ വീട്ടില്‍ തനിച്ചായതിനാല്‍ സിസിടിവി ഉള്‍പ്പെടെയുള്ള സുരക്ഷാസംവിധാനങ്ങളും ഒരുക്കിയിരുന്നു.
പുലര്‍ച്ചെ ബന്ധുക്കള്‍ വീട്ടിലെത്തി പറഞ്ഞപ്പോഴാണ് മകളുടെയും കുടുംബത്തിന്റെയും മരണവാര്‍ത്ത തലവടി അര്‍ത്തിശേരി പുത്തന്‍പറമ്പില്‍ പി.െക.ഏബ്രഹാമും ഭാര്യ ഡില്ലി ഏബ്രഹാമും അറിയുന്നത്.
”നാട്ടിലെത്തിയാല്‍ അവര്‍ എല്ലാവരെയും ചെന്നു കാണും.” ഏബ്രഹാം പറഞ്ഞു. ഇത്തവണ നാട്ടിലെത്തിയപ്പോഴും എല്ലാ ബന്ധുക്കളെയും കണ്ടിരുന്നു. ഞങ്ങള്‍ക്കൊപ്പം അവര്‍ ഡല്‍ഹി, ആഗ്ര തുടങ്ങിയ സ്ഥലങ്ങളിലേക്കു വിനോദയാത്രയും നടത്തി.” യാത്രയില്‍ എല്ലാവരും ഏറെ സന്തോഷത്തിലായിരുന്നെന്നും ഏബ്രഹാം പറഞ്ഞു.