Social MediaTRENDING

ആ പരിപാടിയുടെ അവതാരക ഞാന്‍ ആയിരുന്നു, രമേശ് നാരായണനെ വേദിയിലേക്ക് വിളിക്കാത്തിന്റെ കാരണം വെളിപ്പെടുത്തി ജ്യുവല്‍ മേരി

സിഫ് അലി- രമേശ് നാരായണന്‍ വിവാദത്തില്‍ പ്രതികരണവുമായി നടിയും അവതാരകയുമായ ജ്യുവല്‍ മേരി. എം.ടി വാസുദേവന്‍ നായരുടെ ഒമ്പത് ചെറുകഥകളെ അടിസ്ഥാനമാക്കിയുള്ള ആന്തോളജി സിനിമയായ ‘മനോരഥങ്ങളു’ടെ ട്രെയിലര്‍ ലോഞ്ചിംഗുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച വൈകിട്ട് എറണാകുളം ക്രൗണ്‍പ്ലാസ ഹോട്ടലില്‍ നടന്ന ചടങ്ങിനിടെയുണ്ടായ സംഭവം വിവാദമായിരുന്നു. ജ്യുവല്‍ മേരിയായിരുന്നു ഷോയുടെ അവതാരക.

സംഘാടനത്തില്‍ ഗുരുതരമായ വീഴ്ചയുണ്ടായെന്നും, രമേശ് നാരായണന്റെ പേര് തെറ്റി വിളിച്ചത് തനിക്ക് പറ്റിയ അബദ്ധമാണെന്നും ജ്യുവല്‍ പറയുന്നു. രമേശ് നാരായണനെ സ്റ്റേജിലേക്ക് വിളിപ്പിച്ച് മെമെന്റോ നല്‍കാത്തതിന്റെ കാരണവും ജ്യുവല്‍ മേരി പറയുന്നു.

Signature-ad

”ഒരുപാട് സമയം ആലോചിച്ചിട്ടാണ് ചില കാര്യങ്ങള്‍ക്ക് വ്യക്തത തരണം, ഞാന്‍ കണ്ട കാര്യങ്ങള്‍ നിങ്ങളോടു കൂടി പങ്കുവയ്ക്കണം എന്ന ചിന്തയിലേക്ക് എത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന മനോരഥങ്ങള്‍ എന്ന പരിപാടിയുടെ ലോഞ്ചിന്റെ അവതാരക ഞാനായിരുന്നു. എംടി സര്‍ എഴുതിയ കഥകളുടെ ചലച്ചിത്രാവിഷ്‌കാരമായിട്ടുള്ള ഒന്‍പത് സിനിമകളുടെ ആന്തോളജിയാണ് ‘മനോരഥങ്ങള്‍’. അതിന്റെ ട്രെയിലര്‍ ലോഞ്ച് ആയിരുന്നു നടന്നത്. ഒരു സിനിമയല്ല, ഒന്‍പത് ചെറു സിനിമകളാണ്. ഈ ഒന്‍പത് സിനിമകളുടെയും താരങ്ങള്‍, സംവിധായകര്‍, സംഗീത സംവിധായകര്‍, മറ്റ് സാങ്കേതിക വിദഗ്ദ്ധര്‍ അങ്ങനെ പ്രതിഭാധനരായിട്ടുള്ള ഒരുപാട് പേരുടെ വലിയ നിര അവിടെ ഉണ്ടായിരുന്നു.

പരിപാടി വളരെ ഭംഗിയായി നടന്നുകൊണ്ടിരിക്കുന്നു. ഇത്രയധികം പ്രമുഖര്‍ ഉള്ളതുകൊണ്ടുതന്നെ ഇതില്‍ ആരൊക്കെ വരും, വരില്ല എന്നതിന്റെ കൃത്യതക്കുറവ് സംഘാടകരുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. എനിക്ക് തന്ന ലിസ്റ്റില്‍ പലതും അപൂര്‍ണമായിരുന്നു. ഇതിനിടയില്‍ തന്നെ അതിനുള്ളിലുള്ള പേരുകള്‍ നീക്കം ചെയ്യപ്പെടുകയും ചേര്‍ക്കുകയുമൊക്കെ ചെയ്തു. ഇത് സ്വാഭാവികമാണ്. നിങ്ങളെല്ലാവരും കാണുന്നതുപോലെ ഒരുമിനിറ്റുള്ള വിഡിയോയില്‍, യഥാര്‍ഥത്തില്‍ അവിടെ എന്താണ് നടന്നിട്ടുള്ളതെന്ന് മനസ്സിലാകില്ല.

അങ്ങനെ പരിപാടി നടക്കുന്നു. ജയരാജ് സര്‍ സംവിധാനം ചെയ്ത സിനിമയ്ക്കാണ് രമേശ് നാരായണന്‍ സര്‍ സംഗീതം നല്‍കിയിരിക്കുന്നത്. ഈ ഒന്‍പത് സിനിമകളിലെയും ആളുകളുടെ ലിസ്റ്റ് നമ്മുടെ കയ്യിലുണ്ട്. അതിലുള്ള എല്ലാ ആളുകളുടെയും പേരൊന്നും കാണാതെ പഠിക്കാന്‍ പറ്റില്ല. ലിസ്റ്റ് നോക്കി പേരു വായിക്കുകയാണ് ചെയ്യുക. ആ ലിസ്റ്റില്‍ രമേശ് നാരായണന്‍ സാറിന്റെ പേരില്ലായിരുന്നു. എനിക്ക് ലിസ്റ്റ് തന്ന സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് അത്. പക്ഷേ സ്റ്റേജില്‍ കയറിയ ആ സിനിമയുടെ ഭാഗത്തുനിന്നുള്ളവര്‍ അത് ശ്രദ്ധിച്ചുമില്ല. ആ ടീമിന്റെ കൂടെ ഇദ്ദേഹത്തെ ആരും ആ സമയത്ത് സ്റ്റേജിലേക്ക് വിളിച്ചുമില്ല. അത് സംഘാടകരുടെ തന്നെ വീഴ്ചയാണ്. ആ പരിപാടിയുടെ അവതാരക എന്ന നിലയില്‍ ഞാനും അതില്‍ ക്ഷമ ചോദിക്കുന്നു. ഭയങ്കര തിരക്കുള്ള ഷോ ആയിരുന്നു അത്. ഒരുപാട് മീഡിയ ആളുകളും അവിടെ ഉണ്ടായിരുന്നു.

പെട്ടെന്നാണ് ഷോ ഡയറക്ടര്‍ എന്റെ അടുത്ത് വന്ന് ഇക്കാര്യം സൂചിപ്പിക്കുന്നത്. ആസിഫ് അലി തൊട്ടടുത്ത് ഇരിപ്പുണ്ട്, ആസിഫ് അലിയെക്കൊണ്ട് അദ്ദേഹത്തിന് പുരസ്‌കാരം കൊടുക്കൂ എന്നു പറഞ്ഞ്, രമേശ് നാരായണന്‍ സാറിനെ എനിക്കു കാണിച്ചു തന്നു. പക്ഷേ പേര് അപ്പോഴും എന്നോടു പറഞ്ഞില്ല. പെട്ടെന്നുണ്ടായ ആ സാഹചര്യത്തില്‍, അദ്ദേഹത്തിന്റെ പേര് എനിക്ക് അറിയാമെങ്കിലും തെറ്റായി വിളിച്ചു പോയി. ആ സമയത്ത് എന്നെ തിരുത്താന്‍ അവിടെ ആരും ഉണ്ടായിരുന്നുമില്ല.

നിങ്ങള്‍ക്ക് ആ വിഡിയോ കാണുമ്പോള്‍ മനസ്സിലാകും. സന്തോഷ് നാരായണന്‍ എന്ന് അനൗണ്‍സ് ചെയ്ത ശേഷം സൈഡിലേക്കു നോക്കി ഞാന്‍ ചോദിക്കുന്നുണ്ട്, കൃത്യമായ പേരു പറയാന്‍. ഞാന്‍ പറഞ്ഞത് തെറ്റായിരുന്നുവെന്ന് എനിക്ക് അറിയാം. രമേശ് നാരായണന്‍ എന്ന് ആരോ വിളിച്ചു പറഞ്ഞു, പത്ത് സെക്കന്‍ഡിന്റെ പോലും താമസമില്ലാതെ പേരു തിരുത്തി ഞാന്‍ വീണ്ടും അനൗണ്‍സ് ചെയ്തു, ‘രമേശ് സാറിന് ആസിഫ് അലി സമ്മാനം കൊടുക്കുന്നുവെന്ന്’. ഇവിടെ ഉയരുന്നൊരു ചോദ്യം. എന്തുകൊണ്ട് അദ്ദേഹത്തെ സ്റ്റേജിലേക്കു വിളിച്ചില്ല എന്നാണ്. രമേശ് സാറിന് കാലിനു ബുദ്ധിമുട്ടുള്ള ആളായതിനാല്‍ പടികള്‍ കയറി സ്റ്റേജിലേക്കു വരാന്‍ സാധിക്കില്ലെന്ന് എന്നെ അറിയിച്ചിരുന്നു. ആസിഫ് അലി തൊട്ടടുത്ത് ഇരിക്കുന്നതു കണ്ടപ്പോള്‍ ഷോ ഡയറക്ടറാണ് പറഞ്ഞത്, പുരസ്‌കാരം ആസിഫ് അലിയെക്കൊണ്ട് കൊടുപ്പിക്കൂ എന്ന്.

അദ്ദേഹത്തിന് നടക്കാന്‍ ബുദ്ധിമുട്ടുള്ളതു കൊണ്ടും ആസിഫ് അലി തൊട്ടടുത്ത് ഇരുന്നതുകൊണ്ടുമാണ് അങ്ങനെ പറഞ്ഞത്. അതില്‍ വേറൊന്നും ചിന്തിച്ചിട്ടില്ല. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ആസിഫ് അലി. അതുകൊണ്ട് തന്നെയാണ് ഒരു സംശയവുമില്ലാതെ ആസിഫ് അലിയെ വിളിച്ചത്. ആസിഫ് മെമെന്റോയുമായി പോകുന്ന സമയത്ത് അടുത്ത ആളെ വിളിക്കുന്നതിനുള്ള പേരുകള്‍ക്കായി തയാറെടുക്കുകയാണ് ഞാനും ഷോ ഡയറക്ടറും. ഇതൊക്കെ സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് നടന്നുപോകുന്നത്. അടുത്ത പത്ത് സെക്കന്‍ഡില്‍ ഇരുപത് പേരുടെ പേരുകള്‍ കൃത്യമായി വിളിച്ചു തുടങ്ങണം.

ആ സമയത്ത് ഇക്കാര്യങ്ങള്‍ കൊണ്ട് തിരക്കായതിനാല്‍ താഴെ എന്താണ് നടന്നതെന്ന് ഞാന്‍ കണ്ടിട്ടില്ല. എന്നോട് ഒരുപാട് പേര്‍ ചോദിച്ചു, ജുവല്‍ അല്ലായിരുന്നോ അവതാരക, ഇതൊന്നും കണ്ടില്ലേ എന്ന്. സത്യമായും ഞാന്‍ അടുത്ത അനൗണ്‍സ്‌മെന്റിനുള്ള തയാറെടുപ്പിലായിരുന്നു. രാവിലെയാണ് ആ വിഡിയോ കാണുന്നത്. എനിക്കൊരുപാട് വിഷമം തോന്നി. എന്തിനായിരിക്കും അങ്ങനെ ചെയ്തത്. ആസിഫ് അലി അതുകൊണ്ടുവന്നപ്പോള്‍ അദ്ദേഹം അറിഞ്ഞില്ല പോലും അത് തരാനായി കൊണ്ടുവന്നതാണെന്ന്. തരാനല്ലെങ്കില്‍ പിന്നെ എന്തിനാണ് സര്‍, ആ മെമെന്റോ ചിരിച്ച മുഖത്തോടു കൂടി ആസിഫ് നിങ്ങള്‍ക്കു െേനര നീട്ടുന്നത്. വിഷമകരമായ കാഴ്ചയാണ് ഞാന്‍ കണ്ടത്. അദ്ദേഹത്തിന്റെ പേരു തെറ്റിച്ചുവിളിച്ചതിനാണ് ദേഷ്യമെങ്കില്‍ അതെന്നോടാകാമായിരുന്നല്ലോ, എന്നെപ്പറ്റി പരാതിപ്പെടാമായിരുന്നല്ലോ. എന്തിന് ആസിഫ് ?

എന്ത് തന്നെ ആയിരുന്നാലും അങ്ങനെയൊരു അവസ്ഥ അവിടെ ഉണ്ടായതില്‍ സങ്കടമുണ്ട്. രണ്ട് പേരോടും ഞാന്‍ സോറി പറയുന്നു. ഒരു അവതാരക എന്ന നിലയില്‍ ഞാന്‍ ആ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. അത് കൈകാര്യം ചെയ്യാനുള്ള കാര്യക്ഷമത കൂടി എനിക്കുണ്ടാവണമായിരുന്നു. മോശം സംഘാടനമായിരുന്നു ആ പരിപാടിയുടേതെന്ന് പറയാതിരിക്കാന്‍ വയ്യ. ഒരുപാട് വലിയ പ്രമുഖര്‍ വരുന്നൊരു പരിപാടിയാണ്. എല്ലാ കാര്യങ്ങളിലും കൃത്യമായ ധാരണ ഉണ്ടെങ്കില്‍ മാത്രമേ ഒരു പിഴവും കൂടാതെ അത് നടത്താന്‍ പറ്റൂ. വേദികളില്‍ സംസാരിക്കുമ്പോള്‍ ഒരാളെപ്പോലും വിഷമിപ്പിക്കാതെ വളരെ ചിന്തിച്ച് സെന്‍സിബിള്‍ ആയി സംസാരിക്കാന്‍ ശ്രമിക്കുന്ന ആളാണ് ഞാന്‍. നേരിട്ട് സാക്ഷിയല്ലെങ്കില്‍പോലും അറിഞ്ഞപ്പോള്‍ ഒരുപാട് സങ്കടം തോന്നി.

എല്ലാവരോടും പറയാനുള്ളത് ഇത് മാത്രമാണ്. ആ സമയത്ത് ആസിഫിനെക്കൊണ്ട് കൊടുപ്പിച്ചത്, ആസിഫിനോടുള്ള ഇഷ്ടം കൊണ്ടുമാത്രമാണ്. വേറൊന്നും ആലോചിച്ചിട്ടുമില്ല. അതില്‍ ഒരു വലുപ്പച്ചെറുപ്പവും നോക്കിയിട്ടില്ല. അതങ്ങനെ കണ്ടിട്ടുണ്ടെങ്കില്‍ വളരെ ദുഃഖകരമാണ്. അദ്ദേഹത്തെ സ്റ്റേജിലേക്കു വിളിക്കാതിരുന്നത് സംഘാടകരുടെ പ്ലാനിങില്‍ പറ്റിയ പിഴവാണ്. അതില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു. ആസിഫിനോട് ഒരുപാട് ഒരുപാട് സ്‌നേഹം. അങ്ങനെയൊരു വേദന അനുഭവിക്കാന്‍ തക്കതൊന്നും ആസിഫ് ചെയ്തിട്ടില്ല. എല്ലാവരുടെയും മുന്നില്‍വച്ച് അവഗണിക്കപ്പെട്ടതില്‍ ഒത്തിരി വിഷമമുണ്ട്. ഉള്ളില്‍ നിന്നും ക്ഷമ ചോദിക്കുന്നു. ഈ സംഭവം നടന്നിട്ട് ഇത്ര സമയം കഴിഞ്ഞിട്ടാണോ ഇങ്ങനെ മറുപടി പറയുന്നതെന്ന് ചിലരെങ്കിലും ചിന്തിക്കുന്നുണ്ടാകും.

എനിക്ക് ഇതിന്റെ വസ്തുതകള്‍ അറിയണമായിരുന്നു. എന്റെ കാഴ്ചപ്പാട് കൃത്യമായിരിക്കണം എന്ന നിര്‍ബന്ധമുണ്ടായിരുന്നു. ഇതില്‍ ഞാന്‍ പലരെയും വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചു. വിഡിയോ ഒരുപാട് കണ്ടു. അതിനു ശേഷമാണ് ഈ മറുപടി തരുന്നത്. ആരെയും ദ്രോഹിക്കണമെന്നു കരുതി ഒന്നും ചെയ്തിട്ടില്ല. ഇങ്ങനെയുളള ലൈവ് ഷോ പരിപാടികളില്‍ വരുന്ന ഒരു വ്യക്തിയെപ്പോലും വേദനിപ്പിക്കരുത്, അവഹേളിക്കരുത്, വെറുപ്പിക്കരുത് എന്ന് നിര്‍ബന്ധബുദ്ധിയോടു കൂടി ചിന്തിക്കുന്ന ആളാണ് ഞാന്‍. ഇതിനു മുമ്പ് ഒരിക്കലും ഇതുപോലുള്ള പിഴവുകള്‍ വന്നിട്ടില്ല. അബദ്ധങ്ങള്‍ പറ്റും, അവതരണം അത്ര എളുപ്പമുള്ള പണിയല്ല.

എന്നിരുന്നാല്‍പോലും ഏത് സ്റ്റേജില്‍ കയറുമ്പോഴും പ്രാര്‍ഥിച്ചാണ് കയറുന്നത്, എന്റെ നാവില്‍ നിന്നും അപകടമൊന്നും വീഴരുതെന്ന്. എന്നാലും ചിലപ്പോള്‍ സംഭവിക്കും. ഇഷ്ടംപോലെ തെറ്റുകള്‍ പറ്റും. എന്ത് കാര്യമാണ് ചൊടിപ്പിച്ചതെങ്കിലും ആസിഫ് അലിയോട് അവഗണന കാണിക്കരുതായിരുന്നു. അത് ആ വിഡിയോയില്‍ വളരെ വ്യക്തമാണ്. എനിക്ക് അദ്ദേഹത്തിന്റെ പാട്ടുകളൊക്കെ വളരെ ഇഷ്ടമാണ്. പക്ഷേ ഈ ചെയ്തതിനെ ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ല. ഒരു മനുഷ്യനെ വല്ലാത്തൊരു വേദനയുടെ അവസ്ഥയില്‍ നിര്‍ത്തി. ആ നിമിഷത്തില്‍ എനിക്കിടപെടാന്‍ പറ്റിയില്ല എന്നതില്‍ വ്യക്തിപരമായി ഏറെ വിഷമമുണ്ട്. അത് കണ്ടിരുന്നെങ്കില്‍ ഒരു സംസാരം കൊണ്ടുപോലും അത് അവിടെ ക്ലിയര്‍ ചെയ്യാമായിരുന്നു. ആസിഫിനെ അങ്ങനെയൊരു അവസ്ഥയില്‍ എത്തിക്കാതിരിക്കാന്‍ പറ്റുമായിരുന്നു.

ഇതൊരിക്കലും നടന്നതിനെ ന്യായീകരിക്കുകയല്ല. നടന്നത് എന്തൊക്കെയെന്നും ആ സാഹചര്യമെന്തെന്നും വ്യക്തമാക്കി തന്നു എന്നു മാത്രം. എനിക്കു മനസ്സിലായതും എന്റെ ഭാഗത്തുനിന്നും സംഘാടകരുടെ ഭാഗത്തുനിന്നുമുണ്ടായ വീഴ്ചകളുമൊക്കെയാണ് ഞാന്‍ ഇവിടെ പറഞ്ഞത്. അബദ്ധങ്ങളും തെറ്റുകളും പറ്റും, കുറവുകളുണ്ടാകും, ക്ഷമ പറയാന്‍ പഠിക്കുക, നമ്മുടെ വീഴ്ചകളെ അംഗീകരിക്കുക, വീണ്ടും പരിശ്രമിച്ചു മുന്നോട്ടുപോകുക. കരുണയുള്ളവര്‍ ആയിരിക്കുക, നമ്മളെല്ലാവരും ഒരുപോലെ തന്നെയാണ്.” – ജുവല്‍ പറഞ്ഞു.

 

Back to top button
error: