‘പ്രവർത്തിക്കാൻ കുറച്ചുകൂടി ഇടം വേണം, അത് കേരളത്തിലായാൽ അത്രയും നല്ലത്’!! പറയാനുണ്ടായിരുന്നത് മൂന്നാളും ഒരുമിച്ചിരുന്ന് നല്ല രീതിയിൽ പറഞ്ഞുകഴിഞ്ഞു, കേരളത്തിൽ പ്രചാരണത്തിനിറങ്ങും- തരൂർ

ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വവുമായി അഭിപ്രായ വ്യത്യാസത്തിലാണെന്ന വാർത്തകൾക്കിടെ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായും ശശി തരൂർ എംപി കൂടിക്കാഴ്ച നടത്തി. പാർലമെന്റിലെ ഖാർഗെയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച രണ്ടുമണിക്കൂറോളം നീണ്ടുവെന്നാണ് വിവരം. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുവെന്ന് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അദ്ദേഹം പ്രതികരിച്ചു.
തനിക്കു പ്രവർത്തിക്കാൻ കുറച്ചുകൂടി ഇടം വേണം, അത് കേരളത്തിലായാൽ അത്രയും നല്ലത് എന്ന നിലപാട് തരൂർ കൂടിക്കാഴ്ചയിൽ പങ്കുവെച്ചുവെന്നാണ് വിവരം. പറയാനുള്ളത് രണ്ടുഭാഗത്തും പറഞ്ഞുകഴിഞ്ഞു. ഒരുമിച്ച് മുന്നോട്ടുപോകും. പറയാനുണ്ടായിരുന്നത് മൂന്നാളും ഒരുമിച്ചിരുന്ന് നല്ല രീതിയിൽ പറഞ്ഞുകഴിഞ്ഞി. കേരളത്തിൽ പ്രചാരണത്തിനിറങ്ങും, തരൂർ മാധ്യമങ്ങളോടു പ്രതികരിച്ചു.
രാവിലെ 11 മണിയോടെ ലോക്‌സഭയിലെത്തിയ തരൂർ അൽപസമയത്തിനകം സഭയിൽനിന്നിറങ്ങി. കോഴിക്കോട് എംപി എം.കെ. രാഘവനുമായി അദ്ദേഹത്തിന്റെ സീറ്റിലെത്തി അൽപനേരം സംസാരിച്ചശേഷമായിരുന്നു ഇത്. തുടർന്ന് മല്ലികാർജുൻ ഖാർഗെയുടെ മുറിയിലേക്ക് പോയി. അവിടെ രാഹുൽ ഗാന്ധിയുമുണ്ടായിരുന്നു. പതിനൊന്നേകാലോടെയാണ് ചർച്ച ആരംഭിച്ചത്. ചർച്ച രണ്ടുമണിക്കൂറോളം നീണ്ടു. അതേസമയം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത്.






