CrimeNEWS

ശ്രീലങ്കന്‍ ക്രിക്കറ്റ് താരം വെടിയേറ്റ് മരിച്ചു; കൊല്ലപ്പെട്ടത് മുന്‍ അണ്ടര്‍ 19 ടീം ക്യാപ്റ്റന്‍ ധമ്മിക നിരോഷണ

കൊളംബോ: ശ്രീലങ്കന്‍ മുന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ധമ്മിക നിരോഷണ വെടിയേറ്റ് മരിച്ചു. അമ്പലംഗോഡയിലെ കണ്ട മാവതയിലെ വസതിയില്‍ ചൊവ്വാഴ്ച രാത്രിയാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച സംഭവം. സംഭവം നടക്കുമ്പോള്‍ നിരോഷണ ഭാര്യയ്ക്കും രണ്ട് കുട്ടികള്‍ക്കുമൊപ്പം വീട്ടിലായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 12 ബോറുള്ള തോക്കുപയോഗിച്ചാണ് അക്രമി വെടിവെച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അക്രമിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

കളിക്കുന്ന കാലത്ത് ശ്രീലങ്കയിലെ മികച്ച പേസ് ബൗളിംഗ് ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായാണ് ധമ്മിക നിരോഷണ അറിയപ്പെട്ടിരുന്നത്. അണ്ടര്‍ 19 കാലഘട്ടത്തില്‍ ശ്രീലങ്കന്‍ താരങ്ങളായ ഫര്‍വേസ് മഹറൂഫ്, ഏയ്ഞ്ചലോ മാത്യൂസ്, ഉപുല്‍ തരംഗ എന്നിവരുള്‍പ്പെട്ട അണ്ടര്‍ 19 ടീമിനെ നയിച്ചത് ധമ്മിക നിരോഷണ ആയിരുന്നു. ശ്രീലങ്കയുടെ ഭാവി വാഗ്ദാനമായിരുന്നിട്ടും 20-ാം വയസ്സില്‍ കായികരംഗത്ത് നിന്ന് വിരമിച്ച നിരോഷണ ആരാധകരെ ഞെട്ടിച്ചിരുന്നു. 2004ലാണ് ധമ്മിക നിരോഷണ അവസാനമായി മത്സര ക്രിക്കറ്റ് കളിച്ചത്.

Signature-ad

2001 നും 2004 നും ഇടയില്‍ ഗാലെ ക്രിക്കറ്റ് ക്ലബിനായി നിരോഷണ 12 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും 8 ലിസ്റ്റ് എ മത്സരങ്ങളിലും കളിച്ചു. 2000-ല്‍ ശ്രീലങ്കയുടെ അണ്ടര്‍ 19 ടീമില്‍ അരങ്ങേറ്റം കുറിച്ച നിരോഷണ നിരവധി അണ്ടര്‍ 19 ടെസ്റ്റുകളിലും ഏകദിനങ്ങളിലും കളിച്ചു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കന്‍ പര്യടനം അടുത്ത ആഴ്ച അവസാനം തുടങ്ങാനിരിക്കെയാണ് ലങ്കന്‍ ക്രിക്കറ്റിനെ ഞെട്ടിച്ച സംഭവം ഉണ്ടായത്. ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ത്യന്‍ സെലക്ടര്‍മാര്‍ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

 

Back to top button
error: