Breaking NewsIndiaKeralaLead NewsMovieNEWSNewsthen Special

സിനിമാ സംഗീതങ്ങൾ അവസാനിക്കുന്നുവോ: ഗായകൻ ജി വേണുഗോപാലിന്റെ ഫേയ്സ്ബുക്ക് കുറിപ്പ് ഗൗരവതരം: ഗായകൻ അരിജിത് സിങ്ങ് പിന്നണി ഗാനരംഗം ഉപേക്ഷിക്കുന്നു എന്ന പ്രസ്താവനയിൽ പ്രതികരണം

 

 

Signature-ad

തിരുവനന്തപുരം : ഇന്ത്യൻ സിനിമ സംഗീതത്തെക്കുറിച്ച് ഗായകൻ ജി വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ച, പലതലങ്ങളിൽ തൊടുന്ന കുറിപ്പ് സിനിമാ സംഗീതങ്ങൾ അസ്തമിക്കുന്നുവോ എന്ന ചർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുന്നു. ഗായകൻ അരിജിത് സിങ്ങ് പിന്നണി ഗാനരംഗം ഉപേക്ഷിക്കുന്നു എന്ന പ്രഖ്യാപനത്തോടുള്ള പ്രതികരണമായാണ് വേണുഗോപാൽ എഫ് ബി പോസ്റ്റ് ഇട്ടിരിക്കുന്നത്.

ഇന്ത്യൻ സിനിമ സംഗീതത്തിൽ പ്രത്യേകിച്ച് ബോളിവുഡ് സിനിമ സംഗീതത്തിൽ നിലനിൽക്കുന്ന രീതികളും ചിട്ടകളും ചട്ടങ്ങളും നിയന്ത്രണങ്ങളും അപ്രമാദിത്വങ്ങളും വേണുഗോപാൽ തുറന്നടിച്ചിട്ടുണ്ട്.

ഗായകർക്ക് വേണ്ടത്ര പ്രതിഫലം കിട്ടാത്ത സ്ഥിതി വരെ ബോളിവുഡിൽ ഉണ്ടെന്ന് വേണുഗോപാൽ സൂചിപ്പിക്കുന്നു.

ഇത്തരം ബുദ്ധിമുട്ടുകൾ കൊണ്ടാകാം അരിജിത് സിങ്ങ് സിനിമ പിന്നണി ഗാനരംഗം വിടാൻ തീരുമാനിച്ചത് എന്നും വേണുഗോപാൽ സംശയം പ്രകടിപ്പിക്കുന്നു.

ഈയൊരു ട്രെൻഡ് മലയാള സിനിമയിലേക്ക് എത്തുന്നുണ്ടെന്നും സിനിമാ സംഗീതത്തേക്കാൾ സമാന്തര സംഗീതം കേരളത്തിലും പ്രചാരം നേടിക്കഴിഞ്ഞെന്നും പല മ്യൂസിക് ബാന്റുകൾക്കും കേരളത്തിൽ പ്രചാരം വർദ്ധിച്ചത് ഇതുകൊണ്ടാണെന്നും വേണുഗോപാൽ വിലയിരുത്തുന്നു.സിനിമാ സംഗീതത്തിൻ്റെ അസ്തമയവും സമാന്തര പോപ്പുലർ സംഗീതത്തിൻ്റെ ഉദയത്തിൻ്റെ നാന്ദിയും കുറിക്കുകയാണ് എന്ന് തറപ്പിച്ചു പറഞ്ഞു കൊണ്ടാണ് വേണുഗോപാൽ തന്റെ സുദീർഘമായ എഫ് ബി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഗായകൻ ജി വേണുഗോപാലിന്റെ ഫേയ്സ്ബുക്ക് കുറുപ്പിന്റെ പൂർണ്ണരൂപം

ഇന്ത്യൻ സിനിമാ സംഗീതത്തിലെ എക്കാലത്തേയും പോപ്പുലറും saleable മായ ഗായകൻ അരിജിത് സിങ്ങ് പിന്നണി ഗാനരംഗം ഉപേക്ഷിക്കുന്നു.

ഇനി മുതൽ സിനിമയിൽ പിന്നണി പാടില്ല എന്നതാണ് അദ്ദേഹത്തിൻ്റെ തീരുമാനം. വരും കാലങ്ങൾ മാത്രമല്ല, ഇക്കാലവും സിനിമാ പിന്നണി ഗാനരംഗത്തെക്കുറിച്ചുള്ള ഒരു ” dooms day prediction ” (ഡുംസ്ഡേ പ്രെഡിക്ഷൻ) കൂടി ഇദ്ദേഹത്തിൻ്റെ തീരുമാനത്തിൽ ഉണ്ടെന്നാണ് വിശ്വാസം. സമാന്തരമായ സുഗമ സംഗീത മേഖലയുടെ ശക്തിയും കച്ചവട സാധ്യതയും അരിജിത്തിൻ്റെ തീരുമാനത്തിന് പിറകിലുണ്ട്.

മറ്റെല്ലാ ഗായകരെയും പോലെ അരിജിത്തിനെയും പ്രശസ്തിയുടെ നാൾവഴികളിൽ കൈപിടിച്ചാനയിച്ചത് ബോളിവുഡ് സിനിമാ സംഗീതം തന്നെയാണ്. അവിടെ നിയമാവലികൾ കടുപ്പമാണ്. സംഗീത ലേബൽസ് ആണ് അവിടെ അനിഷേധ്യമായ നിയമങ്ങൾ സൃഷ്ടിക്കുന്നത്. ടീ സീരീസ്, സീ മ്യൂസിക് , സോണി മ്യൂസിക്, സരേഗമ, ടിപ്സ്, യൂണിവേഴ്സൽ മ്യൂസിക്, തുടങ്ങിയവരാണ് റിക്കാർഡിംഗ് ഇൻഡസ്ട്രിയുടെ പരിപൂർണ്ണ നിയന്ത്രണം! Control Licensing, Digital Distribution, Licensing rights, ഇതെല്ലാം ഇവർ തീരുമാനിക്കും. ഗായകരുടെ പ്രതിഫലം മാത്രമല്ല, ഉദിച്ചുയരലും കെട്ടടങ്ങലും ഒട്ടുമിക്കവാറും അവരുടെ കൈകളിലാണു്. ISAMRA (Indian Singers and Musicians Rights Association) രൂപം കൊണ്ട നാളുകളിലൊന്നിൽ ബോളിവുഡ് ഐക്കൺ ഗായകൻ സോനു നിഗം അതി പ്രശസ്തമായ മൂന്ന് നാല് ഗാനങ്ങൾക്ക് അദ്ദേഹത്തിന് കിട്ടിയ പ്രതിഫലം എത്രയാണെന്നൂഹിക്കാൻ ഞങ്ങളോട് തമാശ രൂപേണ പറഞ്ഞു. അവയിലെ രണ്ട് ഗാനങ്ങൾ പ്രതിഫലമില്ലാതെയും മറ്റ് രണ്ട് ഗാനങ്ങൾക്ക് നിസ്സാരമായ പ്രതിഫലം നൽകുകയുമായിരുന്നു. മലയാളത്തിൽ ഇതിൽ നിന്നും ഭേദമാണല്ലോ എന്ന് ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു – ” തെന്നിന്ത്യയിലെ ഭാഷകളിൽ പാടുമ്പോഴാണ് ഞാൻ ബോളിവുഡിൻ്റെ പ്രതിഫലം വാങ്ങിക്കുന്നത് “!

നമ്മൾ ഇത് വരെ കാണുകയും കേൾക്കുകയും ചെയ്ത സിനിമാ പിന്നണി ഗായകരെക്കാളൊക്കെ പല മടങ്ങ് വലുതാണു് അരിജിത് സിങ്, സംഗീതത്തിൻ്റെ കമേഴ്സ്യൽ ഇടങ്ങളിൽ . പ്രശസ്തരായ പല വെസ്‌റ്റേൺ ബാൻഡുകൾക്ക് പോലും പലപ്പോഴും അരിജിത്തിൻ്റെ ഗാനസദസ്സുകൾക്ക് കിട്ടുന്ന പ്രതിഫലമോ, അദ്ദേഹത്തിൻ്റെ റിക്കാർഡഡ് ഗാനങ്ങൾക്ക് കിട്ടുന്ന അന്താരാഷ്ട്ര പ്രശസ്തിയോ സ്ട്രീമിങ്ങോ കിട്ടാറില്ല. ഇത് ഒട്ടൊന്നുമല്ല ബോളിവുഡിലെ ലേബൽസിനെയും ചില ഖാൻ നായക പ്രഭൃതികളേയും വിഷമഘട്ടത്തിലാക്കുന്നത്. മറ്റേത് ഇൻഡസ്ട്രിയെക്കാളുമേറെ കൂട്ടം വിട്ട് ശക്തിയായ് ഉയർന്ന് പറക്കുന്ന ഈ പക്ഷിയെ കല്ലെറിഞ്ഞ് താഴെ വീഴ്ത്താനുള്ള ശ്രമങ്ങൾ ആരംഭിക്കുകയായി.

അരിജിത് സിങ്ങും, ശങ്കർ മഹാദേവനും, സോനു നിഗമും സമാന്തര സംഗീത പ്ലാറ്റ്ഫോമുകളിൽ അവരുടെ ശക്തമായ സാന്നിദ്ധ്യം അറിയിച്ചവരാണ്. അവരെയൊന്നും ഇനി ബോളിവുഡ് സിനിമാ സംഗീതത്തിനാവശ്യമില്ല, അല്ലെങ്കിൽ അവർക്കിനി ബോളിവുഡ് സംഗീതത്തെ ആവശ്യമില്ല എന്നുള്ളതാണ് യാഥാർത്ഥ്യം! ചെറിയ ചെറിയ വളയങ്ങളിൽ കൂടി ചാടിച്ച് പരിശീലിപ്പിച്ച ഇവർ പലരും വളയങ്ങളില്ലാതെ ചാടിത്തുടങ്ങിയിരിക്കുന്നു.

ഇത് ബോളിവുഡിൽ മാത്രമല്ല, നാടെങ്ങും സംഭവിക്കുന്നു. കേരളത്തിലും! സിനിമാ പിന്നണി ഗായകരുടെ സംഗീത പരിപാടികളെക്കാളേറെ ആസ്വാദകർ നെഞ്ചേറ്റുന്ന ഗായകരും അവരുടെ ബാൻഡുകളും എണ്ണം ഏറി വരികയാണ്. ” അഗം ” ബാൻഡ് & ഹരീഷ് ശിവരാമകൃഷ്ണൻ, റാപ്പ് രംഗത്ത് കളം നിറഞ്ഞ് നിൽക്കുന്ന വേടൻ, ഹനുമാൻ കൈൻഡ്, ഡെഫ്സി, ഭക്തിഗാന സദസ്സുകളുടെ ഹരമായി മാറിക്കൊണ്ടിരിക്കുന്ന നന്ദ ഗോവിന്ദം ഭജൻസ്, ഇവരൊക്കെ സിനിമാ സംഗീതത്തിൻ്റെ അസ്തമയവും സമാന്തര പോപ്പുലർ സംഗീതത്തിൻ്റെ ഉദയത്തിൻ്റെ നാന്ദിയും കുറിക്കുകയാണ്.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: