എന്നാലും എന്റെ പാക്കിസ്ഥാനേ… കളിച്ചില്ലെങ്കിൽ ബംഗ്ലാദേശിനെ കളത്തിലിറക്കും, ഐസിസിയുടെ ഒറ്റ വെല്ലുവിളി… പിന്തുണയുമില്ല, കറുത്തബാഡ്ജും വേണ്ട… ദേണ്ടേ കൂടുംകുടുക്കയുമെടുത്ത് കൊളംബോയിലേക്ക് വിമാനം കയറാൻ ടിക്കറ്റെടുത്ത് പാക്കിസ്ഥാൻ

ടി20 ലോകകപ്പ് ബഹിഷ്‌കരണത്തിൽ നിന്ന് പതിയെ പിൻവാങ്ങി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിൽ കളിക്കില്ലെന്ന് പ്രഖ്യാപിച്ച ബംഗ്ലാദേശിനെ ഐസിസി ടൂർണമെൻറിൽ നിന്ന് പുറത്താക്കിയതിനെ തുടർന്നാണ് പാക്കിസ്ഥാൻ ബഹിഷ്‌കരണ ഭീഷണി മുഴക്കിയത്. ബംഗ്ലാദേശിന് പിന്തുണ നൽകുക എന്നതായിരുന്നു ബഹിഷ്കരണ ഭീഷണിയിലൂടെയുള്ള പാക് നീക്കം. ലോകകപ്പ് പൂർണ്ണമായി ബഹിഷ്കരിച്ചില്ലെങ്കിലും ഇന്ത്യയുമായുള്ള മത്സരങ്ങൾ ബഹിഷ്കരിക്കുമെന്നും ഇന്ത്യയ്ക്കെതിരെ മത്സരത്തിനിറങ്ങിയാൽ കറുത്ത ആം ബാൻഡ് ധരിക്കുമെന്നുമെല്ലാമായിരുന്നു പാക്കിസ്ഥാന്റെ ആ ഭീഷണി. എന്നാൽ പാക്കിസ്ഥാനില്ലെങ്കിൽ ബംഗ്ലാദേശിനെ കളത്തിലിറക്കുമെന്ന ഐസിസിയുടെ ഒറ്റ ഭീഷണിയിൽ പാക്കിസ്ഥാൻ കൊളംബോയ്ക്ക് വിമാനം കേറുന്നു.
ഫെബ്രുവരി 7 ന് തുടങ്ങുന്ന ലോകകപ്പിൽ പങ്കെടുക്കാനായി പാക് ടീം കൊളംബോയിലേക്ക് വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്‌തെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിലവിൽ ലാഹോറിൽ നടക്കുന്ന ടി 20 പരമ്പരയ്‌ക്കായി പാക്കിസ്ഥാനിലെത്തിയ ഓസ്ട്രേലിയയ്ക്കൊപ്പമാണ് പാക് ടീം ശ്രീലങ്കയിലേക്ക് വിമാനം കയറുന്നത്. പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വി പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ലോകകപ്പ് ബഹിഷ്‌കരണ നീക്കം ഉപേക്ഷിക്കാൻ തീരുമാനമായത്.
അതേസമയം ബംഗ്ലാദേശിനോടുള്ള ഐക്യദാർഢ്യം നിലനിർത്തുമ്പോഴും ടൂർണമെൻറ് ബഹിഷ്‌കരിക്കുന്നത് ഐസിസിയിൽ നിന്ന് ലഭിക്കുന്ന ഫണ്ടും പാക് ടീമിൻറെ അന്താരാഷ്ട്ര പദവിയും നഷ്ടമാകാൻ ഇടയാക്കുമെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് കൂടിക്കാഴ്ചയിൽ മുന്നറിയിപ്പ് നൽകിയെന്നാണ് റിപ്പോർട്ട്. ലോകകപ്പിൽ നിന്ന് പിന്മാറിയാൽ ഏകദേശം 320 കോടിയുടെ നഷ്ടപരിഹാര കേസ് പാക്കിസ്ഥാൻ നേരിടേണ്ടി വരുമെന്നതാണ് വിവരം. ഇതോടെയാണ് സാമ്പത്തിക പ്രത്യാഘാതങ്ങൾ ഭയന്ന് ടൂർണമെൻറിൽ പങ്കെടുക്കാൻ പാക് സർക്കാരും ക്രിക്കറ്റ് ബോർഡും തീരുമാനിച്ചത്.
പാക് പ്രസിഡൻറ് ആസിഫ് സർദാരി, സൈനിക നേതൃത്വം, മുൻ പിസിബി ചെയർമാന്മാരായ നജാം സേത്തി, റമീസ് രാജ എന്നിവരും ടീമിനെ മത്സരങ്ങൾക്കായി അയക്കണമെന്ന നിലപാടാണ് എടുത്തിട്ടിരുന്നത്. ഇതും പിസിബിയുടെ നിലപാട് മയപ്പെടാൻ കാരണമായെന്നാണ് സൂചന. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യക്കെതിരെയുള്ള അയാൾപ്പോരിലും പാക്കിസ്ഥാൻ കളിക്കളത്തിൽ ഇറങ്ങുമെന്നാണ് പുറത്തുവരുന്ന വിവരം. ലോകകപ്പിൽ കളിക്കുമോ ഇല്ലയോ എന്നുള്ളതിലെ അന്തിമ തീരുമാനം വരുന്ന വെള്ളിയാഴ്ചയോ തിങ്കളാഴ്ചയോ ഔദ്യോഗികമായി പാക് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യക്കെതിരായ മത്സരത്തിൽ കളിക്കുമോ എന്ന കാര്യത്തിലും അന്ന് തീരുമാനമുണ്ടാകും.






