Breaking NewsKeralaLead NewsNEWSNewsthen SpecialTravel

കമ്മീഷണർ അനുമതി കൊടുത്തു: വടക്കാഞ്ചേരി സ്റ്റേഷനിലെ പോലീസുകാർ ടൂർ പോയി : മൂന്നാർ ട്രിപ്പിൽ ത്രില്ലുമായി പോലീസുകാർ 

 

തൃശൂർ: ക്രമസമാധാന പാലനത്തിന്റെയും കേസന്വേഷണങ്ങളുടെയും നിരന്തരമായ വിശ്രമമില്ലാത്ത ജോലിത്തിരക്കിനിടയിൽ ടൂർ പോകാൻ കമ്മീഷണർ അനുമതി കൊടുത്തതോടെ മൂന്നാറിൽ കറങ്ങിയടിച്ച് മടങ്ങിയെത്തിയതിന്റെ ത്രില്ലിലാണ് വടക്കാഞ്ചേരി സ്റ്റേഷനിലെ പോലീസുകാർ.

Signature-ad

കർത്തവ്യ നിർവഹണത്തിന്റെ തിക്കിനും തിരക്കിനുമിടയിൽ ഒരു മാനസിക ഉല്ലാസം തേടി വിനോദയാത്ര പോകാൻ അനുവദിക്കായി അപേക്ഷ നൽകുമ്പോൾ ആശങ്ക പോലീസുകാർക്ക് ഉണ്ടായിരുന്നു.

ദൈനം ദിന ഡ്യൂട്ടിയിലെ മാനസിക സമർദ്ദം കുറയ്ക്കുന്നതിനായി പല വഴികളും ആലോചിക്കുന്നതിനിടയിലാണ് കൂട്ടുകാരുടേയും പൂർവ്വ വിദ്യാർത്ഥികളുടേയും വിനോദയാത്രയുടെ ഫോട്ടോ ആസ്വദിച്ച് കാണുന്ന സേനാംഗത്തെ മറ്റുള്ളവർ ശ്രദ്ധിച്ചത്. ഇത്തരത്തിലുള്ള പല യാത്രകൾക്കും തിരക്കിട്ട ഡ്യൂട്ടി തടസ്സമായി നിൽക്കുമ്പോൾ നഷ്ടപെടുന്നത് പലരുമൊത്തുള്ള ആസ്വാദനവും ജീവിതത്തിലെ പല നല്ല നിമിഷങ്ങളും ആണെന്ന് പോലീസുകാർ പരസ്പരം പറഞ്ഞു.. സേനാംഗങ്ങൾക്കിടയിൽ ഈ വിഷയം വീണ്ടും ചർച്ചയായപ്പോഴാണ് എന്തുകൊണ്ട് നമുക്ക് സ്റ്റേഷനിൽ നിന്നൊരു യാത്ര തരപ്പെടുത്തിക്കൂടാ എന്നൊരു ആശയം പോലീസുകാർക്കിടയിൽ ഉണ്ടായത്.

ആശയം സ്റ്റേഷനിലെ ഇൻസ്പെക്ടർ വി.എസ് മുരളീധരനുമുന്നിൽ സബ് ഇൻസ്പെക്ടർമാരായ ഹരിഹരസൂനുവും ബദറുദ്ധീനും അവതരിപ്പിച്ചു. അസിസ്റ്റൻറ് കമ്മീഷണർ മുഖേന കമ്മീഷണർക്ക് തീർച്ചയായും അനുമതിക്കായി അപേക്ഷിക്കാമെന്ന് ഇൻസ്പെക്ടറും താല്പര്യം അറിയിച്ചപ്പോൾ സേനാംഗങ്ങളിൽ പലർക്കും യാത്രയ്ക്ക് അനുമതി ലഭിക്കുമോ എന്ന സംശയവും ആശങ്കയും ഉണർന്നു..

വിവരം അറിഞ്ഞ കുന്നുംകുളം സബ് ഡിവിഷൻ അസിസ്റ്റൻറ് കമ്മീഷണർ സി ആർ സന്തോഷ് ഏറെ സന്തോഷത്തോടെ ലഭിച്ച അപേക്ഷ അനുമതിക്കായി സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖിന് സമർപ്പിക്കുകയും, സ്റ്റേഷനിലെ ദൈനം ദിന പ്രവർത്തനങ്ങൾക്ക് ഒരുതരത്തിലും തടസ്സം വരാത്ത രീതിയിൽ സേനാംഗങ്ങൾക്ക് ഒരു ദിവസത്തെ വിനോദയാത്രയ്ക്കുള്ള അനുമതി സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് അംഗീകരിക്കുയും ചെയ്തു.

വിനോദയാത്രയ്ക്കുള്ള അനുമതിലഭിച്ചതറിഞ്ഞ സേനാംഗങ്ങളുടെ ത്രിൽ പറഞ്ഞറിയിക്കാനാകാത്തതായിരുന്നു. മൂന്നാർ, മാങ്ങുളം എന്നീ സ്ഥലങ്ങൾ ഒരു ദിവസത്തിനുള്ളിൽ സന്ദർശിച്ച് ആസ്വദിച്ചുവന്ന സ്റ്റേഷനിലെ പോലീസുകാർ ഏറെ സന്തോഷത്തിലും സംതൃപ്തിയിലും ആണ് . സേനയിലേക്ക് പ്രവേശിക്കും മുൻപ് പല യാത്രകളും പോയിട്ടുണ്ടെങ്കിലും ഇതുപോലൊരു അനുഭവം ജീവിതത്തിൽ ആദ്യമാണെന്നും അതിനാൽ തന്നെ ഒരിക്കലും മറക്കാനാകാത്ത ഒരു യാത്രയാണെന്നുമാണ് സേനാംഗങ്ങൾ അറിയിച്ചത്. ഓരോ സേനാംഗങ്ങൾക്കും ഒരു ദിവസത്തിനുള്ളിൽ ലഭിച്ച റിഫ്രഷ്മെൻറ്, സ്ട്രെസ്സ് മാനേജ്മെൻറ് ക്ളാസ്സുകൾക്കും പരിശീലനങ്ങൾക്കും നൽകാൻ കഴിയാത്ത ഒന്നായിരുന്നുവെന്നും പലരും സന്തോഷത്തോടെ അഭിപ്രായപ്പെട്ടു.

എന്തായാലും തന്റെ സഹപ്രവർത്തകരുടെ ആഗ്രഹം മാനിച്ച്, ഡ്യുട്ടിഫുൾ ആയ അവരെ ബ്യൂട്ടിഫുൾ ആയ ഒരു യാത്രയ്ക്ക് പറഞ്ഞയച്ച തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് കൊടുക്കാം ഒരു ബിഗ് സല്യൂട്ട്.

 

 

 

.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: